എമ്പുരാൻ സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രണവ് മോഹൻലാലിന്‍റെ ലുക്ക് കണ്ട് ഞെട്ടിയോ നിങ്ങൾ. ചോരപുരണ്ട നീളൻ മുടിയും, രൗദ്രഭാവം തുളുമ്പുന്ന കണ്ണുകളും, നല്ല കട്ടി മീശയുമായി ശത്രുക്കൾക്ക് നേരെ 'വാടാ' എന്ന് ആക്രോശിക്കുന്ന കുട്ടി സ്റ്റീഫൻ നെടുമ്പള്ളി തിയേറ്ററിൽ നൽകിയ രോമാഞ്ചം ചെറുതല്ല. പ്രണവിന്‍റെ ഞെട്ടിക്കുന്ന എമ്പുരാനിലെ ക്യാരക്‌ടർ ഡിസൈൻ ചെയ്‌തത് ചങ്ങനാശ്ശേരി സ്വദേശിയായ കലാകാരൻ ശ്രീരാജ് ആണ്.
വേദിയിൽ ലൈവായി സാന്‍ഡ് ആർട്ട് ചെയ്‌ത് സാക്ഷാൽ മോഹൻലാലിനെയും അല്ലു അർജുനെയും വരെ ശ്രീരാജ് ഞെട്ടിച്ചിട്ടുണ്ട്. അരിമണി കൊണ്ടും, പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ടും, വർണ്ണപ്പൊടികൾ കൊണ്ടും അത്ഭുത ചിത്രങ്ങൾ സൃഷ്‌ടിക്കുന്ന ശ്രീ സോഷ്യൽ മീഡിയയുടെ ശ്രദ്ധാകേന്ദ്രം കൂടിയാണ്. ഒരേസമയം മൂന്ന് ചിത്രങ്ങൾ വരച്ചും വെള്ളത്തിനടിയിൽ ചിത്രങ്ങൾ വരച്ചും കലയ്ക്ക് അതിരുകളില്ല എന്ന് തെളിയിക്കുന്നു ഈ കൊച്ചു കലാകാരൻ.

Art lover sree എന്ന സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് ശ്രീ തന്‍റെ സൃഷ്‌ടികൾ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ ശ്രീയുടെ കലാസൃഷ്‌ടികൾ ശ്രദ്ധേയമായതോടെ സൗത്ത് ഇന്ത്യൻ സിനിമാലോകത്തു നിന്നും നിരവധി അവസരങ്ങളാണ് തേടിയെത്തുന്നത്. ഇന്ത്യൻ ടു അടക്കമുള്ള എട്ടോളം ചിത്രങ്ങളിൽ ശ്രീ ഇതിനോടകം പ്രവർത്തിച്ചു കഴിഞ്ഞു. വിശേഷങ്ങൾ പങ്കുവച്ച് ശ്രീരാജ് ഇടിവി ഭാരതിനോട് സംസാരിക്കുകയാണ്. എമ്പുരാൻ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ശ്രീ ഇപ്പോൾ.
'അയ്യപ്പനും കോശിയും അടക്കമുള്ള സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഹെയർ സ്റ്റൈലിസ്റ്റും മേക്കപ്പ് മാനുമായ നരസിംഹ സ്വാമിയുമൊത്ത് എനിക്ക് എമ്പുരാന്‍റെ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് പോകാൻ ഒരു അവസരം ഉണ്ടായി. അവിടെ വച്ച് എമ്പുരാൻ എന്ന സിനിമയുടെ ചീഫ് മേക്കപ്പ് മാനായ ശ്രീജിത്ത് ഗുരുവായൂരിനെ പരിചയപ്പെട്ടു. അദ്ദേഹമാണ് പ്രണവ് മോഹൻലാലിന്‍റെ ഒരു ക്യാരക്‌ടർ ഡിസൈൻ എന്നോട് പ്ലാൻ ചെയ്യാൻ ആവശ്യപ്പെട്ടത്. ലാലേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ചെറുപ്പകാലമാണ് പ്രണവ് മോഹൻലാൽ ഈ സിനിമയിൽ ചെയ്യുന്നതെന്ന് അറിയാൻ സാധിച്ചു. ഒരു അവസരം കിട്ടിയപ്പോൾ ആത്മവിശ്വാസത്തോടെ ഏറ്റെടുത്തെങ്കിലും വീട്ടിലെത്തി കഥാപാത്രത്തിന്‍റെ ഡിസൈൻ ആലോചിച്ചപ്പോഴാണ് കുഴങ്ങിപ്പോയത്.

പ്രണവ് പൊതുവേ സോഷ്യൽ മീഡിയയെ അഭിമുഖീകരിക്കുന്ന ആളല്ല. ആളുടെ മുഖത്തിന്‍റെ ക്യാരക്‌ടർ വെളിവാകുന്ന ഫോട്ടോകൾ ഒന്നും തന്നെ ഇന്‍റർനെറ്റിൽ ലഭ്യമല്ല. ആകെ പ്രണവിനെ കണ്ടു മനസിലാക്കാൻ സാധിക്കുന്നത് അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ മാത്രമാണ്. പ്രണവിന് മോഹൻലാലിന്‍റെ നല്ല ഛായയുണ്ട്. അതുകൊണ്ടുതന്നെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ ലാലേട്ടന്‍റെ കഥാപാത്രം ഒരു റഫറൻസ് ആയി എടുക്കാൻ തീരുമാനിച്ചു.
ആ സിനിമയിലെ ലാലേട്ടന്‍റെ ഒന്ന് രണ്ട് ഫോട്ടോകൾ പ്രശസ്‌തമാണ്. നീളൻ മുടിയും കൊമ്പൻ മീശയും മെലിഞ്ഞ ശരീരവുമായി രൗദ്രഭാവത്തിൽ നിൽക്കുന്ന മോഹൻലാലിന്‍റെ അതേ രൂപം തന്നെ പ്രണവിനും കൊടുക്കാൻ തീരുമാനിച്ചു. പ്രണവ് രൗദ്രഭാവത്തിൽ നിൽക്കുമ്പോൾ എന്താണ് മുഖത്തിന്‍റെ സ്വഭാവ സവിശേഷതകൾ എന്ന് നമുക്ക് ആർക്കും അറിയില്ല. ഒടുവിൽ എനിക്ക് സാധിക്കുന്ന തരത്തിൽ ലാലേട്ടന്‍റെ കുറെയധികം മാനറിസങ്ങൾ ചേർത്ത് രണ്ടുമൂന്നു ഡിസൈൻ ചെയ്‌തു.

പിന്നീട് എനിക്ക് കിട്ടിയ നിർദേശമായിരുന്നു പ്രണവിന്‍റെ കഥാപാത്രത്തിന് ചോരപുരണ്ട നീളൻ മുടിയാണ് വേണ്ടതെന്ന്. ഏതുതരത്തിലുള്ള നീളൻ മുടിയാണ് വേണ്ടതെന്ന് എനിക്ക് ആകെ കൺഫ്യൂഷൻ ആയി. ഒടുവിൽ എന്‍റെ മുടി തന്നെ ഞാൻ റഫറൻസ് എടുക്കാൻ തീരുമാനിച്ചു. എനിക്ക് നീളൻ മുടിയാണുള്ളത്. എന്‍റെ മുടി വെള്ളം നനച്ച് ഒരു സ്റ്റൈൽ പിടിച്ചു. കണ്ണാടിക്കു മുന്നിൽ നിന്ന് നിരവധി ഫോട്ടോകൾ എടുത്തശേഷം പ്രണവിന്‍റെ കഥാപാത്രത്തിന്‍റെ ഡിസൈനിലേക്ക് ഉൾപ്പെടുത്തി.
ശേഷം എനിക്ക് ആത്മവിശ്വാസം തോന്നിയ രണ്ടുമൂന്ന് ഡിസൈനുകൾ ശ്രീജിത്ത് ഗുരുവായൂരിന് അയച്ചുകൊടുക്കുകയായിരുന്നു. അതിൽ നിന്നും ശ്രീജിത്ത് ഗുരുവായൂരിന് ഇഷ്‌ടപ്പെട്ട ഒരു ഡിസൈൻ പൃഥ്വിരാജിനെ കാണിച്ചു. പൃഥ്വിരാജിനും ആ ഡിസൈൻ ഇഷ്‌ടപ്പെട്ടു. പിന്നീട് എമ്പുരാൻ എന്ന സിനിമയിൽ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. സിനിമ റിലീസ് ചെയ്യുന്നതുവരെ ടെൻഷൻ ഉണ്ടായിരുന്നു. എന്‍റെ ഡിസൈൻ പ്രണവിന് യോജിച്ചിട്ടുണ്ടാകുമോ? ഡിസൈനിൽ അവർ എന്തെങ്കിലും മാറ്റം വരുത്തിയോ ഒന്നും അറിയാൻ സാധിച്ചില്ല.
പ്രണവിന്‍റെ ഭാഗങ്ങൾ ഷൂട്ട് ചെയ്‌തു എന്ന് ഞാൻ രഹസ്യമായി അറിഞ്ഞു. എങ്കിലും ആരോടും ഒന്നും പുറത്ത് പറഞ്ഞില്ല. ഞാനും എമ്പുരാൻ എന്ന സിനിമയുടെ ഭാഗമാണെന്ന് അടുത്ത സുഹൃത്തുക്കൾക്ക് അറിയാമെങ്കിലും എന്താണ് ഞാൻ ഈ സിനിമയ്ക്ക് വേണ്ടി ചെയ്‌തതെന്ന് അവരോടും പറഞ്ഞില്ല. ഒരുപക്ഷേ ഈ രംഗം എഡിറ്റ് ചെയ്‌തു പോയാലോ എന്ന് വരെ സംശയിച്ചു. പക്ഷേ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ടെൻഷൻ എല്ലാം മാറി. ഞാൻ നൽകിയ ഡിസൈൻ ഒരു മാറ്റവും കൂടാതെയാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഞാൻ നൽകിയ ക്യാരക്‌ടർ ഡിസൈനിന്‍റെ വ്യൂ ആംഗിൾ പോലും സിനിമയിൽ സമാനമായിരുന്നു. പ്രണവിന്‍റെ കട്ടിയുള്ള കൊമ്പൻ മീശ ഡിസൈനിൽ ഉള്ളതിൽ നിന്നും വിഭിന്നമായി സിനിമയിൽ താഴ്ത്തി വച്ചിരിക്കുന്നു. അതുമാത്രമാണ് സംഭവിച്ച വ്യത്യാസം. സിനിമ റിലീസ് ചെയ്‌ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചെയ്‌ത ക്യാരക്‌ടർ ഡിസൈൻ ഞാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. അപ്പോഴാണ് ഞാനാണ് പ്രണവിന്‍റെ ക്യാരക്‌ടർ ഡിസൈൻ ചെയ്‌തത് എന്നുള്ള കാര്യം എല്ലാവരും തിരിച്ചറിയുന്നത്.' -ശ്രീ വിശദീകരിക്കുന്നു.
കുട്ടിക്കാലം മുതൽക്ക് തന്നെ ചിത്രങ്ങൾ വരയ്ക്കാൻ ശ്രീരാജിന് ഇഷ്‌ടമായിരുന്നു. കുടുംബത്തിൽ നിന്നുള്ള പിന്തുണ മികച്ച രീതിയിൽ ലഭിച്ചതോടെ കലാമേഖലയിൽ ചുവടുറപ്പിക്കാൻ ശ്രീ തീരുമാനിച്ചു. ഫൈന്‍ ആര്‍ട്‌സ് കോളജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ തന്‍റെ കഴിവുകളെ വരുമാന മാർഗം ആക്കാൻ ശ്രീയ്ക്ക് സാധിച്ചു. വിദ്യാഭ്യാസത്തിനുശേഷം കലാമേഖലയിൽ ചുവടുറപ്പിക്കാൻ തീരുമാനിക്കുന്നതിനിടയിൽ കൊവിഡ് വില്ലനായി എത്തി. നാല് ചുവരുകൾക്കുള്ളിൽ കഴിഞ്ഞു കൂടുന്ന സമയം ക്രിയാത്മകമാക്കാൻ ശ്രീ തീരുമാനിക്കുന്നു.
ചെയ്യുന്ന കലാസൃഷ്‌ടികൾ വീഡിയോ രൂപത്തിൽ ആക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു. ശ്രീ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായതോടെ ശ്രീയുടെ നല്ലകാലം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ കണ്ടിട്ടാണ് ഭഗവാൻ ദാസിന്‍റെ രാമരാജ്യം എന്ന സിനിമയിൽ കോൺസെപ്റ്റ് ഡിസൈനറായി ജോലി ചെയ്യാൻ അവസരം ലഭിക്കുന്നത്. തുടർന്ന് നിരവധി മലയാളം സിനിമകളിൽ പ്രോസ്റ്റേറ്റിക് മേക്കപ്പ് വിഭാഗത്തിൽ ജോലി ചെയ്‌തു. തുടർന്ന് പ്രശസ്‌ത മേക്കപ്പ് മാൻ പട്ടണം റഷീദ് വഴി ഇന്ത്യൻ ടൂവിൽ വർക്ക് ചെയ്യാൻ അവസരം ലഭിക്കുകയുണ്ടായി.

ഇന്ത്യൻ ടു എന്ന സിനിമയിലെ ഗാനരംഗത്തിൽ ഉൾപ്പെടുത്താൻ വെള്ള മുടിയുള്ള കമൽഹാസന്‍റെ രൂപം 10 പേരുടെ തലയുടെ പിന്നിൽ ചേരുന്ന രീതിയിൽ കട്ട് ചെയ്തെടുക്കണം. സംവിധായകൻ ശങ്കർ തന്നെയാണ് കൃത്യമായ നിർദേശങ്ങൾ നൽകിയത്. ഞാനും നേരത്തെ പറഞ്ഞ നരസിംഹ സ്വാമിയും ഒരുമിച്ചാണ് ആ വർക്ക് ചെയ്‌തത്. ഞങ്ങളുടെ വർക്ക് കണ്ട് ഇഷ്‌ടപ്പെട്ട ശങ്കർ സാർ ഷൂട്ടിങ് കഴിഞ്ഞശേഷം ഞങ്ങളെ കാരവാനിലേക്ക് വിളിച്ചുവരുത്തി. ഒരുപാട് നേരം സംസാരിച്ചു, പ്രശംസിച്ചു. ഒപ്പം നിന്ന് ഫോട്ടോയും എടുത്തു. ഇപ്പോൾ പുറത്ത് പറയാൻ സാധിക്കില്ല എങ്കിലും വലിയ ബജറ്റിൽ ഒരുങ്ങുന്ന നിരവധി തെന്നിന്ത്യൻ സിനിമകളിൽ ആർട്ട്, മേക്കപ്പ്, ക്യാരക്‌ടർ ഡിസൈൻ ഡിപ്പാർട്ട്മെന്‍റുകളിലായി ഞാൻ ജോലി ചെയ്യുന്നുണ്ട്. ചിലതൊക്കെ ചില സമയമാകുമ്പോൾ മാത്രമാണ് പുറത്തു പറയാൻ സാധിക്കുക.
നടൻ പൃഥ്വിരാജിന്‍റെ കുടുംബ ചിത്രം അരിമണികൾ കൊണ്ട് 36 മണിക്കൂർ സമയമെടുത്ത് സൃഷ്‌ടിച്ചെടുത്തതാണ് ശ്രീരാജ് എന്ന പേര് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം പിടിക്കാൻ കാരണമായത്. അതൊരു വലിയ പ്രയാസമുള്ള ജോലിയായിരുന്നു. ഓരോ അരിമണിയും പശയുടെ സഹായമില്ലാതെയാണ് ഒരു വലിയ ബോഡിൽ അടുക്കി ചിത്രം വരച്ചത്. പൃഥ്വിരാജിന്‍റെ പിതാവും അന്തരിച്ച കലാകാരനുമായ സുകുമാരൻ സാർ അടക്കം ആ ചിത്രത്തിൽ ഉണ്ട്. അതായത് പൃഥ്വിരാജിന്‍റെ മുഴുവൻ കുടുംബം. ഓരോ അരിയും വളരെ സൂക്ഷ്‌മമായി നിരത്തണം. ബോഡിലൂടെ ഒരു ഉറുമ്പ് കയറി പോയാൽ പോലും ചിത്രത്തിന്‍റെ രൂപം നഷ്‌ടപ്പെടും. കാറ്റിനെ സൂക്ഷിക്കണം. ഒരു കാരണവശാലും ചെറുവിരൽ പോലും അരിമണി നിരത്തുന്ന ബോഡിൽ തട്ടാൻ പാടില്ല.

ഒരു ദിവസത്തെ പണി കഴിഞ്ഞാൽ ബോഡ് മൂടിവയ്ക്കണം. പിറ്റേദിവസം വീണ്ടും പ്രയത്നം തുടരും. ഈ സൃഷ്‌ടി വീഡിയോ രൂപത്തിലാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതോടെ നടൻ പൃഥ്വിരാജ് അത് ഷെയർ ചെയ്‌തു. 36 മണിക്കൂർ കൊണ്ട് പച്ചരിയിൽ സൃഷ്‌ടിച്ച ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. ഒരു എ ഫോർ പേപ്പറിൽ ചിത്രം വരയ്ക്കുന്നതിനേക്കാൾ ജനശ്രദ്ധ ലഭിക്കുക വലിയ ക്യാൻവാസിലുള്ള ചിത്രങ്ങൾക്കാണ്. എന്‍റെ അനുഭവത്തിൽ പറഞ്ഞുകൊള്ളട്ടെ, എപ്പോഴാണോ വലിയ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കാൻ ആരംഭിച്ചത് അപ്പോൾ മുതലാണ് സോഷ്യൽ മീഡിയ എന്നെ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങുന്നത്. ചെറിയ ചിത്രങ്ങൾ വരയ്ക്കുന്നതിനേക്കാൾ പാടാണ് വലിയ ചിത്രങ്ങൾ വരയ്ക്കാൻ. കാരണം ഇതിന്‍റെ കൃത്യമായ അളവുകൾ ഒന്നും നമുക്ക് മനസിലാക്കാൻ സാധിക്കില്ല. ഓരോ ഭാഗം പൂർത്തിയാക്കിയ ശേഷവും ഹൈ അങ്കിളിൽ ക്യാമറ വച്ച് ഫോട്ടോ എടുത്തു നോക്കണം. ശരിയായല്ലെങ്കിൽ വീണ്ടും മാറ്റി വരയ്ക്കണം.
വർണ്ണപ്പൊടികൾ കൊണ്ടും അരികൊണ്ടും വലിയ ക്യാൻവാസിൽ ഞാൻ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ആടുജീവിതം എന്ന സിനിമയുടെ പോസ്റ്റർ വർണ്ണപ്പൊടികൾ കൊണ്ട് സൃഷ്‌ടിച്ചത് വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിലെ വീഡിയോകൾ കണ്ട് സിനിമയിൽ നിന്ന് മാത്രമല്ല മറ്റു പല മേഖലയിൽ നിന്നും തനിക്ക് വർക്കുകൾ ലഭിക്കുന്നുണ്ട്. കല ഒരു പ്രൊഫഷനായി സ്വീകരിക്കാൻ പല ചെറുപ്പക്കാർക്കും പേടിയാണ്. കലാജീവിതം സ്ഥിരതയില്ലാത്ത മേഖലയാണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. മണ്ണുകൊണ്ടും ചെളികൊണ്ടും ചിത്രം വരച്ചു നടന്നാൽ ജീവിതത്തിന് വല്ല ഗുണവും ഉണ്ടോ ചെക്കാ എന്ന ചോദ്യം പതിവാണ്. പിന്നെയും ചില ചോദ്യങ്ങളുണ്ട്. നിനക്കൊരു സർക്കാർ ജോലിക്ക് ശ്രമിച്ചു കൂടെ? നമ്മൾ പ്രവർത്തിക്കുന്ന മേഖലയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരാണ് ഇതുപോലുള്ള കമന്‍റുകൾ പാസാക്കുന്നത്.
കലാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു കുടുംബം പുലർത്താൻ ആവശ്യമായ വരുമാനം ലഭിക്കും. കലാകാരൻ വളരുന്നതിന് അനുസരിച്ച് കിട്ടുന്ന വരുമാനവും വളരും. എല്ലാ ജോലിക്കും അതിന്‍റേതായ റിസ്‌കുണ്ട്. നമ്മൾ പ്രവർത്തിക്കുന്ന മേഖലയിൽ പരമാവധി ആത്മാർഥത കാണിക്കുക. പുതുമകളോട് വിമുഖത കാണിക്കാതിരിക്കുക. സ്വയം പരീക്ഷിച്ച് വളരുക. ഫലം ലഭിക്കും.' -ശ്രീ പറയുന്നു.
സ്വന്തം ലാലേട്ടൻ...
കലാ ജീവിതത്തിലെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിത്വം മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ തന്നെയാണ്. മോഹൻലാലിനെ കുറിച്ചുള്ള ഓർമ്മകൾ ഒരുപാടുണ്ട്. മോഹൻലാലും മമ്മൂട്ടിയും മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ഇവരുടെ കാലഘട്ടത്തിൽ ജനിച്ച എല്ലാ കലാകാരന്മാരും ഇവർ രണ്ടുപേരുടെയും ചിത്രങ്ങൾ വരയ്ക്കാൻ ഒരിക്കലെങ്കിലും ശ്രമിക്കും. മോഹൻലാലിന്‍റെ ചിത്രം വരയ്ക്കാൻ അത് ഏത് രീതിയിലാണെങ്കിലും വളരെ എളുപ്പമാണ്. മമ്മൂട്ടിയെ വരയ്ക്കാൻ ഒരല്‍പം പ്രയാസവും. മോഹൻലാലിന്‍റെ മുഖത്തിന്‍റെ ഒരു പ്രത്യേക ആകൃതി നമുക്ക് വളരെ പെട്ടെന്ന് വരച്ചെടുക്കാൻ സാധിക്കും.
ഞാൻ ഏതു പ്രായത്തിൽ വരച്ചു തുടങ്ങിയെന്ന് കൃത്യമായ ഓർമ്മയില്ല. ആ പ്രായം മുതൽ ഞാൻ ലാലേട്ടനെ വരയ്ക്കുമായിരുന്നു. ഞാൻ വരച്ച അദ്ദേഹത്തിന്‍റെ ഒരു ചിത്രം ലാലേട്ടന് സമ്മാനിക്കണമെന്ന് എത്ര നാളത്തെ ആഗ്രഹമാണെന്ന് അറിയാമോ? എത്രയോ പ്രാവശ്യം അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകളിൽ അദ്ദേഹത്തിന് നൽകാൻ ഒരു ചിത്രവുമായി ഞാൻ കാത്തു നിന്നിട്ടുണ്ട്. പക്ഷേ നിരാശയായിരുന്നു ഫലം. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. ദേവദൂതൻ റീ റിലീസ് സമയം. എന്‍റെ വീടിന്‍റെ ഒരുവശത്ത് ചുവരിൽ കളർ ചോക്കുകൾ കൊണ്ട് ദേവദൂതനിലെ ലാലേട്ടന്‍റെ കഥാപാത്രത്തെ വരച്ചു. ആ സമയത്ത് ഇതുപോലെ ചോക്ക് കൊണ്ട് അങ്ങനെ ഒരു ചിത്രം ആരും വരച്ചിരുന്നില്ല. ചിത്രവും ചിത്രം വരയ്ക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഒരു ദിവസം രാവിലെ ഞാൻ ഉറക്കം ഉണർന്ന മാത്രയിൽ തന്നെ ഒരു വാട്‌സ്‌ആപ്പ് കോൾ വരികയാണ്. ഫോൺ എടുത്തു. മറുതലക്കൽ നിന്നും വളരെ സുപരിചിതമായ പതിവ് ശൈലിയിൽ ഒരു ശബ്‌ദം. മോനേ ലാലേട്ടനാണ്... എന്‍റെ പൊന്നേ........ എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ല. ആകെ വിരണ്ടു. ആരാ വിളിക്കുന്നത്.. സാക്ഷാൽ ലാലേട്ടൻ. ലാലേട്ടാ ലാലേട്ടാ എന്ന് വിളിച്ച് പരിചയിച്ച നാവാണ് എന്‍റേത്. പക്ഷേ അദ്ദേഹം എന്നോട് ഫോണിൽ സംസാരിച്ചപ്പോൾ അറിയാതെ ലാലേട്ടാ എന്ന വിളി സർ എന്നായി മാറി. ആ ശബ്‌ദം.. എനിക്കറിയില്ല എന്‍റെ എക്സൈറ്റ്‌മെന്‍റ് ഏത് രീതിയിൽ പറഞ്ഞു തരണമെന്ന്.
പ്രണവ് മോഹൻലാലിന്‍റെ എമ്പുരാനിലെ ലുക്ക് ഡിസൈൻ ചെയ്‌തു കഴിഞ്ഞശേഷമാണ് ഈ സംഭവം. ഞാൻ ലാലേട്ടനോട് പറഞ്ഞു സർ ഞാനും എമ്പുരാന്‍റെ ഭാഗമാണ്. ഓ ആണോ മോനെ സന്തോഷം. ലാലേട്ടന്‍റെ മറുപടി. ഞാൻ വരച്ച ദേവദൂന്‍റെ ക്യാരക്‌ടർ സ്കെച്ചിനെ മികച്ച രീതിയിൽ അഭിനന്ദിച്ചിട്ടാണ് ലാലേട്ടൻ ഫോൺ വച്ചത്. അതിനുശേഷം ഒരു പൊതു പരിപാടിയിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്താനും എനിക്ക് സാധിച്ചു. സാൻഡ് ആർട്ട് ലൈവ് ചെയ്‌താണ് ഞാൻ ലാലേട്ടനെ അമ്പരപ്പിച്ചത്. അതായത് ഒരു കറുത്ത ക്യാൻവാസിൽ ഒരു പ്രത്യേക പശ കൊണ്ട് ലാലേട്ടനെയും ലാലേട്ടന്‍റെ അമ്മയേയും വരച്ചു. ഈ പശയ്ക്ക് 10 മിനിറ്റ് മാത്രമേ ഒട്ടിപ്പിടിക്കാനുള്ള കഴിവുണ്ടാവുകയുള്ളൂ. 10 മിനിറ്റ് കൊണ്ട് ചിത്രം വരച്ചു പൂർത്തിയാക്കാൻ സാധിച്ചില്ല എങ്കിൽ ആദ്യം വരച്ച ഭാഗങ്ങൾ ഒന്നുകൂടി വരയ്ക്കണം. പശകൊണ്ട് ചിത്രം വരച്ചു കഴിഞ്ഞാൽ ആർക്കും ഒന്നും കാണാൻ സാധിക്കില്ല. തിളക്കമുള്ള ഒരു പൊടി ആ ക്യാൻവാസിലേക്ക് എറിയുമ്പോൾ പശ കൊണ്ട് വരച്ച ഭാഗത്ത് ആ പൊടി ഒട്ടിപ്പിടിക്കും. അപ്പോഴാണ് അതൊരു ചിത്രമായി മാറുക.
ലാലേട്ടന്‍റെ മുന്നിൽ വച്ച് അങ്ങനെ ഒരു പ്രകടനം ചെയ്യാൻ സാധിച്ചു. ക്യാൻവാസിലേക്ക് പൊടിയെറിഞ്ഞ് അതൊരു ചിത്രം ആക്കി ഞാൻ മാറ്റുമ്പോൾ ലാലേട്ടന്‍റെ മുഖത്ത് വന്ന കൗതുകം ഞാൻ നേരിൽ തൊട്ടടുത്തുനിന്ന് അനുഭവിച്ചറിഞ്ഞു. ഞങ്ങളെപ്പോലുള്ള കലാകാരന്മാരെ ഇത്രയധികം പിന്തുണയ്ക്കുന്ന മറ്റൊരു സൂപ്പർതാരം മലയാളത്തിൽ ഇല്ല. ലാലേട്ടന്‍റെ ഫോണിൽ എന്‍റെ ഫോൺ നമ്പർ ഉണ്ട്. എത്രപേർക്ക് കിട്ടും ആ ഭാഗ്യം.

പുഷ്‌പ ടു എന്ന ചിത്രത്തിന്‍റെ കൊച്ചിയിൽ നടന്ന പ്രൊമോഷന് ഇടയിലും ഇതുപോലെ ലൈവ് ആയി സാൻഡ് ആർട്ട് ചെയ്‌ത് അല്ലു അർജുനെ അമ്പരപ്പിക്കാൻ എനിക്ക് സാധിച്ചു. പ്രൊമോഷൻ പരിപാടികളുടെ അവസാനമാണ് ഞാൻ വേദിയിലേക്ക് എത്തുന്നത്. 10 മിനിറ്റ് കൊണ്ട് ഒരു ക്യാൻവാസിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്ന എന്നെ അല്ലു അർജുൻ കണ്ടു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടായിരുന്നില്ല. തിളക്കമുള്ള പൊടി ക്യാൻവാസിലേക്ക് എറിയുന്നതിനു മുൻപ് അല്ലു അർജുൻ വേദിയിലേക്ക് വന്നു. അദ്ദേഹത്തിന്‍റെ മുന്നിൽ വച്ചാണ് ക്യാൻവാസിലേക്ക് പൊടി തൂവി അതൊരു ചിത്രമാക്കി ഞാൻ മാറ്റുന്നത്.

ചിത്രം കണ്ട് അദ്ദേഹം ചിരിച്ചു. അന്നത്തെ പ്രൊമോഷനിടയിൽ അല്ലു അർജുനൊപ്പം ഒറ്റയ്ക്ക് ഫോട്ടോ എടുത്ത ഏക വ്യക്തി ഒരുപക്ഷേ ഞാൻ ആയിരിക്കും. ലൈവായി സാൻഡ് ആർട്ട് എന്നല്ല ഏതൊരു ചിത്രവും വരയ്ക്കുന്നത് വലിയ റിസ്‌കാണ്. ഒരു ചെറിയ തെറ്റ് സംഭവിച്ചാൽ എല്ലാം തീർന്നു. ഈ പ്രകടനങ്ങളൊക്കെ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 20 ലക്ഷത്തിലധികം കാഴ്‌ചക്കാരുണ്ട് ആ വീഡിയോയ്ക്ക്. എങ്ങാനും തെറ്റിപ്പോയയിരുന്നെങ്കിൽ കരിയർ തന്നെ കുഴപ്പത്തിലായേനെ -ശ്രീ വ്യക്തമാക്കി.
ഏറ്റവും ചലഞ്ചിങ് ആയത് ആർ സി കാർ കൊണ്ടുള്ള ചിത്രരചന. ബറോസ് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിലീസ് സമയത്ത് അവരൊരു ഡ്രോയിങ് കോണ്ടസ്റ്റ് സംഘടിപ്പിച്ചിരുന്നു. ആ മത്സരത്തിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിച്ചു. വളരെ വ്യത്യസ്‌തമായി ബറോസിലെ മോഹൻലാലിന്‍റെ കഥാപാത്രത്തെ വരയ്ക്കാൻ ഞാൻ തീരുമാനിച്ചു. ദീർഘമായ ആലോചനക്ക് ശേഷമാണ് ഒരു ആർ സി കാർ ഓടിച്ച് ചിത്രം വരച്ചാൽ എന്തായെന്ന ആശയം മനസിൽ ഉദിക്കുന്നത്. ഒരു റിമോട്ട് കൺട്രോൾ കാറിന്‍റെ മുന്നിൽ ഒരു ബ്രഷ് വച്ച് കെട്ടി. നേരെ വീടിന്‍റെ ടെറസിലേക്ക്.
കാർ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഓടിച്ചു കൊണ്ടാണ് ആ ചിത്രം വരയ്ക്കുന്നത്. പെയിന്‍റിലേക്ക് ആർ സി കാറിൽ പിടിപ്പിച്ച ബ്രഷ് കൊണ്ടുവന്ന് ചാലിച്ച ശേഷം കാർ ഓടിക്കുമ്പോൾ തറയിൽ ഉരഞ്ഞ് വര വീഴും. കൈകൊണ്ട് ബ്രഷിലോ ചിത്രത്തിലോ ഞാൻ തൊട്ടിട്ടില്ല. ആ ചിത്രത്തിന് എനിക്ക് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്‌തു. ഇതുപോലുള്ള കലാപ്രവർത്തനങ്ങൾ തുടർച്ചയായി ചെയ്‌തപ്പോൾ ലാലേട്ടനെ പേഴ്‌സണലായി മീറ്റ് ചെയ്യാൻ ഒരു അവസരം ലഭിച്ചു. എന്‍റെ അമ്മയെയും അച്ഛനെയും ചേട്ടനെയും കൊണ്ടാണ് ഞാൻ ലാലേട്ടനെ കാണാൻ പോയത്. ഞാൻ അദ്ദേഹത്തെ കാണുന്നതിലുപരി സിനിമകളിലൂടെ മാത്രം ലാലേട്ടനെ കണ്ടു സ്നേഹിച്ചത് എന്‍റെ കുടുംബം ആയിരുന്നു. അവരെ ലാലേട്ടന്‍റെ അടുത്തെത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും സന്തോഷം ലഭിച്ച നിമിഷങ്ങളിൽ ഒന്നായി കരുതുന്നു -ശ്രീ പറയുകയുണ്ടായി.
ഒരേസമയം മൂന്നു ചിത്രങ്ങൾ ഒരുമിച്ച് വരച്ചത് ലോക്ക് ഡൗൺ കാലത്താണ്. ആർ ആർ ആർ എന്ന സിനിമയിലെ രാം ചരണിന്‍റെയും എൻടിആറിന്‍റെയും രാജമൗലിയുടെയും ചിത്രങ്ങളാണ് ഒരുമിച്ച് വരച്ചത്. അതൊക്കെ എന്‍റെ ആദ്യകാലത്തെ ശ്രമങ്ങൾ ആയിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ കുറച്ചുകൂടി മെച്ചപ്പെടുത്താം എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും ആ വീഡിയോ ഇപ്പോൾ റീപോസ്റ്റ് ചെയ്യുകയാണെങ്കിൽ കാഴ്‌ചക്കാർ കുറച്ച് ഏറെ ഉണ്ടാകും. ഇതുപോലുള്ള പരിശ്രമങ്ങൾ വിദേശ വീഡിയോകളിൽ നിന്ന് കണ്ട് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്നതാണ്. ഒരേസമയത്ത് മൂന്നു ചിത്രങ്ങൾ വരയ്ക്കുന്ന ടെക്നോളജി പറഞ്ഞു മനസിലാക്കി തരാൻ എനിക്ക് അറിയില്ല -ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു.

മുൻനിര വലിയ ബജറ്റ് സൗത്ത് ഇന്ത്യൻ സിനിമകളിൽ പ്രവർത്തിക്കുകയാണ് ശ്രീ ഇപ്പോൾ. വിശദാംശങ്ങൾ പുറത്തു പറയാറായിട്ടില്ല. ചില സൂചനകൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അധികം വൈകാതെ മലയാളികളുടെ അഭിമാനമായി ശ്രീ മാറും.
Also Read: 'ഒരു സംവിധായകൻ ആകാനുള്ള ഇന്ധനം എന്‍റെ ഉള്ളില്‍ നിറച്ചത് ഭരത് ഗോപിയാണ്';മധുപാല്‍ അഭിമുഖം