'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന നടനാണ് ശരത് കുമാർ. 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവിസ്‌മരണീയമാക്കിയതോടെ ശരത് കുമാർ അപ്പാനി ശരത് ആവുകയായിരുന്നു. തമിഴ്‌നാടിനെ വിറപ്പിച്ച കൊടും ക്രിമിനലായ ഓട്ടോ ശങ്കറിന്‍റെ ജീവിതകഥയെ ആസ്‌പദമാക്കി സീ സ്റ്റുഡിയോസ് പുറത്തിറക്കിയ 'ഓട്ടോ ശങ്കർ' എന്ന വെബ് സീരീസിൽ അപ്പാനി ശരത്ത് ആയിരുന്നു നായകൻ. വെബ് സീരീസ് പുറത്തിറങ്ങിയശേഷം യഥാർത്ഥ ഓട്ടോ ശങ്കറിന്‍റെ സഹോദരൻ തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചതായി ഇ ടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അപ്പാനി ശരത് പറഞ്ഞു. ഓട്ടോ ശങ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന സംഭവവികാസങ്ങൾക്ക് സമാനമായി മാധ്യമ വിചാരണ നേരിട്ടിട്ടുണ്ടെന്നും അപ്പാനി ശരത് പറഞ്ഞു.
"ആശയങ്ങള്‍ വേണ്ടി തിരക്കഥാകൃത്തും സംവിധായകനും സിനിമയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയധികം ചർച്ചയാക്കേണ്ടതില്ലെന്ന് അപ്പാനി ശരത് വ്യക്തമാക്കി. വരും കാലങ്ങളിൽ സെൻസിറ്റീവായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ തനിക്ക് അഭിനയിക്കാൻ ഭയമില്ല", അപ്പാനി ശരത് വെളിപ്പെടുത്തി.
" സിനിമയെ സിനിമയായിട്ട് കാണാൻ പഠിക്കണം. ഇപ്പോൾ ഇവിടെ സംഭവിക്കുന്ന രീതിയിലുള്ള കാര്യങ്ങളോട് യോജിക്കാൻ ആകില്ല. എമ്പുരാനടക്കമുള്ള വിഷയങ്ങൾ തന്നെയാണ് സൂചിപ്പിക്കുന്നത്. ഓട്ടോ ശങ്കർ എന്ന വെബ് സീരീസ് ചെയ്‌ത സമയത്ത് ഞാനും ഇതുപോലെ വിചാരണ നേരിട്ടിട്ടുണ്ട്. ഓട്ടോ ശങ്കർ എന്ന കൊടും ക്രിമിനലിന്‍റെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ആ വെബ് സീരീസ് സൃഷ്ടിച്ചിട്ടുള്ളത്. അയാളുടെ ക്രിമിനൽ ജീവിതത്തിന്‍റെ കഥപറയാൻ ശ്രമിക്കുന്നതിനിടയിൽ ആസ്വാദന തലത്തിനുവേണ്ടി ചില വൈകാരിക നിമിഷങ്ങളിലൂടെ കഥ സഞ്ചരിക്കുന്നുണ്ട്. ഓട്ടോ ശങ്കർ എപ്പോഴും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ചെയ്‌തു കൊണ്ട് നടക്കുന്ന ആളല്ല. അയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട്. അയാൾക്കും മാനുഷിക വികാരങ്ങൾ ഉണ്ട്. അയാളുടെ മാനുഷിക വൈകാരിക വിഷയങ്ങൾ കാണിക്കുന്ന സീനുകൾക്ക് എതിരെ ആയിരുന്നു ആദ്യം സോഷ്യൽ മീഡിയയിൽ എതിരഭിപ്രായം വന്നു തുടങ്ങിയത്. തുടർന്ന് ഓട്ടോ ശങ്കറിനെ വെള്ളപൂശാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചു കൊണ്ട് ഞാനടക്കമുള്ള സീരീസിന്‍റെ അണിയറ പ്രവർത്തകർക്ക് നേരെ ഒരു വിഭാഗം ജനങ്ങളും മാധ്യമപ്രവർത്തകരും പൊട്ടിത്തെറിച്ചു", അപ്പാനി ശരത് പറഞ്ഞു.

"ഓട്ടോ ശങ്കർ എന്ന കഥാപാത്രം എന്‍റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നു. സൗത്ത് ഇന്ത്യ ഒട്ടാകെ അപ്പാനി ശരത് എന്ന കലാകാരനെ പ്രശസ്‌തനാക്കുന്നതിൽ 'ഓട്ടോ ശങ്കർ' എന്ന കഥാപാത്രം കാരണമായി. 'അങ്കമാലി ഡയറീസ്' നുശേഷം ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ എന്‍റെ വളർച്ചയ്ക്ക് ഓട്ടോ ശങ്കർ കാരണമായി. 'ഓട്ടോശങ്കർ' എന്ന വെബ് സീരീസ് പുറത്തിറങ്ങി കഴിഞ്ഞശേഷം യഥാർത്ഥ ഓട്ടോ ശങ്കറിന്‍റെ സഹോദരൻ എന്നെ ഫോണിൽ വിളിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു… 'ഞങ്ങളുടെയൊക്കെ ജീവിതം അപ്പോൾ ഇങ്ങനെയായിരുന്നല്ലേ', എല്ലാത്തരം പ്രേക്ഷകർക്കും ആ വെബ് സീരീസ് കണക്‌ട് ആയി", അപ്പാനി ശരത് പറഞ്ഞു.