എറണാകുളം: നടൻ മോഹൻലാൽ വയനാട് ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് താര സംഘടനയായ അമ്മ വ്യക്തമാക്കി. മോഹൻലാൽ വയനാട് സന്ദർശിച്ചത് പുണ്യ പ്രവർത്തിയാണന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. അമ്മയും നിർമ്മാതാക്കളുടെ സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഷോയുടെ ഭാഗമായി 'അമ്മ'യുടെ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.
മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബറെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ലെന്നും സിദ്ദീഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അമ്മയ്‌ക്ക് പ്രത്യേക അഭിപ്രായമില്ലെന്നും അമ്മ ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയുമായി ബന്ധപ്പെട്ടതല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അമ്മയ്ക്ക് പങ്കില്ല. റിപ്പോർട്ട് പുറത്ത് വിടണമെന്നോ വേണ്ടെന്നോ അമ്മയ്ക്ക് പ്രത്യേക അഭിപ്രായമില്ലന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയുടെ മെഗാ ഷോ ഈ മാസം ഇരുപതിന് അങ്കമാലിയിൽ നടക്കും. പരിപാടിയിൽ നിന്നുള്ള വരുമാനത്തിൻ്റെ ഒരു വിഹിതം വയനാട്ടിലെ ദുരിത ബാധിതർക്ക് നൽകുമെന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ് അറിയിച്ചു.
ഒരു വിനോദ പരിപാടി സംഘടിപ്പിക്കേണ്ട സമയമല്ല ഇതെന്ന് അറിയാമെങ്കിലും മുന്നൊരുക്കങ്ങൾ പൂർത്തിയായതിനാലാണ് പരിപാടിയുമായി മുന്നോട്ട് പോകുന്നത്. നിർമാതാക്കളുടെ സംഘടനയും താരസംഘടനയും സംയുക്തമായാണ് ഷോ സംഘടിപ്പിക്കുന്നത്. ആദ്യമായാണ് സംയുക്തമായി ഇത്തരമൊരു ഷോ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇത്തവണ മുൻ വർഷത്തേക്കാൾ വിപുലമായാണ് ഷോ സംഘടിപ്പിക്കുന്നത്. 80 ഓളം കലാകാരൻമാർ അതിൽ പങ്കെടുക്കും. അമ്മ, സിനിമ നിർമ്മിക്കാനുള്ള തീരുമാനം ഇപ്പോൾ എടുത്തിട്ടില്ല. ഷോ കൂടാത വെബ് സീരീസ്, അല്ലെങ്കിൽ ചെറിയ സിനിമ എന്നിവ ആലോചനയിലുണ്ടന്ന് സിദ്ധീഖ് പറഞ്ഞു.
Also Read: മോഹൻ ലാലിന് എന്തിനാണ് പബ്ലിസിറ്റി?: വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ അശോക് കുമാർ