എറണാകുളം : ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ്. തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിൻസിയുടെ തുറന്നു പറച്ചിൽ. ലഹരി ഉപയോഗമുള്ള സിനിമ സെറ്റുകളിൽ ഇനി മുതൽ സഹകരിക്കില്ല എന്ന് കുറച്ച് ദിവസങ്ങൾക്കു മുമ്പ് വിൻസി അലോഷ്യസ് തുറന്നു പറഞ്ഞിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട വിശദീകരണത്തിനിടയിലാണ് തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ചും വിൻസി വിശദീകരിച്ചത്. ഇതുപോലുള്ള താരങ്ങൾക്ക് ഇപ്പോഴും സിനിമകൾ ലഭിക്കുന്നതായും വിൻസി പറയുന്നു.
വിൻസി അലോഷ്യസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലെ വാക്കുകൾ ഇപ്രകാരം...
'കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനിടയിലാണ്, എന്‍റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമ ചെയ്യില്ല എന്ന് പ്രസ്‌താവിച്ചത്. വലിയ പ്രാധാന്യത്തോടെ എന്‍റെ വാക്കുകൾ മാധ്യമങ്ങൾ വാർത്തയാക്കി. പക്ഷേ ആ വാർത്തകൾക്ക് താഴെ വരുന്ന കമന്‍റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങൾക്ക് വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. എന്താണ് സംഭവിച്ചതെന്ന് ഞാൻ തന്നെ തുറന്നു പറഞ്ഞാൽ വായനക്കാർക്ക് പുതിയ കഥകൾ മെനയേണ്ടതില്ലല്ലോ.
ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന നടനിൽ നിന്നുമാണ് എനിക്ക് ഒരു മോശം അനുഭവമുണ്ടായത്. അയാൾ ലഹരി ഉപയോഗിച്ചിരുന്നു. ഞാൻ ധരിച്ചിരുന്ന വസ്ത്രത്തിൽ ഒരു പ്രശ്‌നം വന്നപ്പോൾ അത് ശരിയാക്കാനായി ഞാനൊരു ഭാഗത്തേക്ക് മാറാൻ തീരുമാനിച്ചു. അപ്പോൾ അയാൾ പറഞ്ഞു വേണമെങ്കിൽ ഞാനും കൂടെ വരാം. വസ്ത്രം ഞാൻ ശരിയാക്കിത്തരാം എന്നൊക്കെ. അതും എല്ലാവരുടെയും മുന്നിൽ വച്ച്. ആ വ്യക്തിയുമായി സിനിമയിൽ തുടർന്ന് സഹകരിച്ച് പോകാൻ വല്ലാതെ ബുദ്ധിമുട്ടി. മറ്റൊരു ദിവസം ഒരു സീൻ എടുക്കുന്നതിന്‍റെ റിഹേഴ്‌സൽ നടക്കുന്ന സമയം ഈ നടൻ വായിൽ നിന്നും വെള്ളപ്പൊടി തുപ്പുകയാണ്.
ഇതിൽ നിന്നും സിനിമ സെറ്റിൽ പരസ്യമായി ഇയാൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. ഇവരെപ്പോലുള്ളവർ ശല്യമായി മാറുമ്പോൾ അതൊന്നും കണ്ടില്ല എന്ന് നടിച്ച് സഹകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ലഹരി ഉപയോഗിച്ച് സ്വബോധം നഷ്‌ടപ്പെടുന്നവരോടൊപ്പം പ്രവർത്തിക്കാൻ സാധിക്കില്ല. എന്‍റെ ബുദ്ധിമുട്ടുകൾ മനസിലാക്കി ആ സിനിമയുടെ സംവിധായകൻ ആ നടനോട് സംസാരിച്ചു. അയാൾ പ്രധാന താരം ആണല്ലോ. ഉപദേശിക്കുന്നതിന് പരിധിയുണ്ട്. പിന്നീട് എന്നോട് കേണപേക്ഷിച്ചാണ് അവർ സിനിമ പൂർത്തിയാക്കിയത്. ആ സിനിമ നല്ലതായിരുന്നു. പക്ഷേ ആ നടനിൽ നിന്നുള്ള അനുഭവം വളരെയധികം മോശമായിപ്പോയി.
ലഹരി ഉപയോഗിക്കുന്നു എന്ന് അറിയുന്ന സെറ്റിൽ ഞാനിനി അഭിനയിക്കില്ല എന്ന് തീരുമാനമെടുത്തത് ഇതുകൊണ്ടാണ്. എന്‍റെ ഒരു മുൻപ്രസ്‌താവനയുടെ പേരിൽ ജനങ്ങൾ ഓരോന്ന് വ്യാഖ്യാനിക്കേണ്ട കാര്യമില്ല.
സിനിമയിൽ അവസരം കുറയുമ്പോൾ പ്രയോഗിക്കുന്ന ബുദ്ധിയല്ലേ എന്ന് ചോദിക്കുന്നവരോട് ചിലത് പറയാനുണ്ട്... സിനിമ ഉണ്ടെങ്കിലും സിനിമ ഇല്ലെങ്കിലും അത് തുറന്നു പറയാനുള്ള മനോധൈര്യം എനിക്കുണ്ട്. സിനിമ എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. സിനിമ ഇല്ലെങ്കിലും എനിക്ക് ജീവിക്കാൻ സാധിക്കും. ലഹരിയെ പരസ്യമായി പിന്തുണയ്ക്കാൻ എനിക്ക് ആകില്ല...