ഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പുകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കെതിരെ നടപടിയുമായി തെലുങ്കാന പോലീസ്. പ്രമുഖ താരങ്ങളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്‌മി എന്നിവരുള്‍പ്പെടെ 25 സെലിബ്രിറ്റികള്‍ക്കെതിരെയാണ് പൊലീസ് എഫ് ഐ ആര്‍ റജിസ്‌റ്റര്‍ ചെയ്‌തത്. വ്യവസായിയായ ഫണീന്ദ്ര ശര്‍മയുടെ പരാതിയിലാണ് പൊലീസിന്‍റെ നടപടി.
പ്രണീത, നിധി അഗര്‍വാള്‍, അനന്യ നാഗല്ല, സിരി ഹനുമന്ത, ശ്രീമുഖി, വര്‍ഷിണി, സൗന്ദര്‍രാജന്‍, വാസന്തി കൃഷ്‌ണന്‍, ശോഭാ ഷെട്ടി, അമൃത ചൗധരി, നയന പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, വിഷ്‌ണു പ്രിയ, ഹര്‍ഷ സായി, സണ്ണി യാദവ്, ശ്യാമശ, ടേസ്‌റ്റി തേജ, ബന്ദാര ശേഷായനി സുപ്രിത എന്നിവരാണ് എഫ് ഐ ആറില്‍ ചേര്‍ക്കപ്പെട്ട മറ്റ് പ്രമുഖര്‍. അതേസമയം വാതുവെപ്പ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സെലിബ്രിറ്റികളുടെയും ഇന്‍ഫ്ലുവന്‍സര്‍മാരുടെയും സഹായത്തോടെ സോഷ്യല്‍ മീഡിയ വഴി ഈ പ്ലാറ്റ് ഫോമുകള്‍ അവരുടെ ആപ്പുകളും വെബ്സൈറ്റുകളും പ്രമോട്ട് ചെയ്യുന്നുണ്ടെന്ന് കാണിച്ചാണ് പരാതി. ഈ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകള്‍ വഴി ലക്ഷകണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി കുടുംബങ്ങളെ , മധ്യവര്‍ഗ, ചെറിയ വരുമാനമുള്ളവരെ ദുരിതത്തിലേക്ക് നയിക്കുന്നുവെന്നുമാണ് എഫ് ഐ ആറിലുള്ളത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാരും സെലിബ്രിറ്റികളും വലിയ തുകകൾ കമ്മീഷനായും പ്രതിഫലമായും സ്വീകരിച്ചാണ് ഈ ആപ്പുകളും വെബ്‌സൈറ്റുകളും പ്രൊമോട്ട് ചെയ്യുന്നതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ആളുകള്‍ ഇത്തരം ആപ്പുകളുടെ അടിമകളായി മാറുന്നതോടെ സമ്പൂർണ്ണ സാമ്പത്തിക തകർച്ചയിലേക്കും നയിക്കുന്നതായും എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത് ന്യായ് സംഹിതയിലെ 318(4), 112, 49 എന്നീ വകുപ്പുകൾ പ്രകാരമാണ് താരങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വാതുവെപ്പ് ആപ്പുകള്‍ പ്രമോട്ട് ചെയ്‌ത 11 യൂട്യൂബ് ചാനലുകള്‍ക്കും മുമ്പ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതേസമയം നടി വിഷ്‌ണുപ്രിയ അന്വേഷണത്തിനായി അഭിഭാഷകനൊപ്പം പൊലീസിന് മുന്നില്‍ ഹാജരായി. ഇന്ന് വൈകുന്നേരം വരെ വിഷ്‌ണു പ്രിയയെ പൊലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ബിഗ് ബോസ് ഫെയിം ശേഖര്‍ ഭാഷയും പഞ്ചഗുട്ടി പൊലീസിന് മുന്നില്‍ ഹാജരായിട്ടുണ്ട്. മറ്റ് യൂട്യൂബര്‍മാരും ഇന്‍ഫ്ലുന്‍സര്‍മാരും പൊലീസിന് മുന്നില്‍ ഹാജരായേക്കും. അതേസമയം ഈ വിഷയം ഇ ഡിയുടെ ശ്രദ്ധയില്‍ പെട്ടിട്ടിണ്ട്. ഹവാല വഴിയാണ് പണമിടപാട് നടന്നതെന്നാണ് ഇ. ഡി വിശ്വസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Also Read:'എമ്പുരാന്‍' കേവലമൊരു സിനിമയല്ല! ഞങ്ങളുടെ ചോരയും വിയര്‍പ്പുമാണ്: മോഹന്‍ലാല്‍