നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടിലെ പാലക്കോട് ധര്‍മ്മപുരിയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ കൈക്ക് പരിക്കേറ്റു. അമ്മയ്‌ക്കും പരിക്കുണ്ട്. എറണാകുളത്ത് നിന്നും ബെംഗളൂരുവിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ ഷൈനിന്‍റെ പിതാവ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ ഷൈനിന്‍റെ വലത് കൈയ്‌ക്കാണ് പരിക്കേറ്റത്. കൈക്ക് ശസ്‌ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം.
അമ്മയെ കൂടതെ സഹോദരനും വാഹനം ഓടിച്ചിരുന്ന അസിസ്‌റ്റ്‍റിനും നേരിയ പരുക്കേറ്റിട്ടുണ്ട്. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.
ട്രാക്ക് മാറിയെത്തിയ ലോറി, ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഷൈനിന്‍റെ ചികിത്സ കഴിഞ്ഞ് തൊടുപുഴയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രാമദ്ധ്യേ പാലക്കോട് വച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്.
അപകട സമയം ഷൈന്‍ ഉറങ്ങുകയായിരുന്നു. കാറിന്‍റെ പിന്‍ സീറ്റിലാണ് ഷൈന്‍ ഇരുന്നിരുന്നത്. കാറിന്‍റെ മുന്‍ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പം ഷൈനിന്‍റെ സഹോദരനും മധ്യ സീറ്റില്‍ അച്ഛനും അമ്മയുമാണ് ഉണ്ടായിരുന്നത്.
മകന്‍റെ വളര്‍ച്ചയില്‍ ഏറെ അഭിമാനം കൊണ്ട പിതാവായിരുന്നു സിപി ചാക്കോ. ഒരു നല്ല മകനാണ് ഷൈന്‍ എന്നാണ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഷൈനിന്‍റെ പേരിലുണ്ടായ കൊക്കേയ്‌ന്‍ കേസില്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മകന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ഈ അച്ഛന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
മകനെ ജീവിതത്തിലേയ്‌ക്ക് തിരിച്ച് കൊണ്ട് വരാന്‍ ഈ പിതാവ് വഹിച്ച പങ്ക് ചെറുതല്ല. ഒടുവില്‍ മരണത്തിലേയ്‌ക്കുള്ള യാത്രയിലും മകനൊപ്പമായിരുന്നു. അതും മകന്‍റെ ചികിത്സയ്‌ക്ക് വേണ്ടിയുള്ള യാത്രയായിരുന്നു.
നേരത്തെ താന്‍ കാരണം അച്ഛന്‍ കരഞ്ഞ സംഭവത്തെ കുറിച്ച് ഷൈന്‍ ടോം പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്നെ കൊക്കെയ്‌ന്‍ കേസില്‍ പുലര്‍ച്ചെ പൊലീസ് അറസ്‌റ്റ് ചെയ്യുമ്പോള്‍ അച്ഛന്‍ കരയുന്നത് താന്‍ കണ്ടുവെന്നും അന്നത്തെ ഡാഡിയുടെ മുഖം ഇന്നും തന്‍റെ ഹൃദയത്തില്‍ വേദന ആണെന്നുമാണ് ഷൈന്‍ പറഞ്ഞത്. അച്ഛന്‍ കരഞ്ഞത് താങ്ങാനാവാത്ത മകന്‍ അച്ഛന്‍റെ വിയോഗം എങ്ങനെ ഉള്‍ക്കൊള്ളുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.