2000 ന്‍റെ തുടക്കം കൃത്യമായി പറഞ്ഞാല്‍ ജനുവരി 26 ന് മലയാളികളെ ആവേശം കൊള്ളിച്ചുകൊണ്ട് ഒരു ചിത്രം റിലീസ് ചെയ്യുന്നു. മുണ്ടും മടക്കിക്കുത്തി മീശയും പിരിച്ചുകൊണ്ട് നീ പോ മോനെ ദിനേശാ എന്ന ഡയലോഗിലൂടെ പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം. അതെ, നരസിംഹം തന്നെ. മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുക്കെട്ടില്‍ പിറന്ന ആ ചിത്രം. അതായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യ ചിത്രം. അന്നുവരെ കാണാത്ത കൊമേഷ്യല്‍ സിനിമകളുടെ ടെംപ്ലേറ്റ് തിരുത്തിക്കുറിച്ചുകൊണ്ടായിരുന്നു നരസിംഹത്തിന്‍റെ വരവ്. മോഹന്‍ലാലിന്‍റെ സന്തത സഹചാരിയും സഹപ്രവര്‍ത്തകനുമായ ആന്‍റണി പെരുമ്പാവൂര്‍ ആദ്യമായി നിര്‍മിച്ച ചിത്രം. ബോക്‌സ് ഓഫിസില്‍ സിനിമ തീപ്പാറിച്ചപ്പോള്‍ മലയാള സിനിമയില്‍ ഒരു നിര്‍മാണ കമ്പനിയുടെ പിറവികൂടിയായിരുന്നു അന്ന്.
മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് നരസിംഹം തറഞ്ഞു കയറിയപ്പോള്‍ അതാ വരുന്നു അടുത്തത്. മലയാളത്തിന്‍റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ദേവാസുരത്തിന്‍റെ തുടര്‍ച്ചയായ രാവണ പ്രഭു. ആദ്യഭാഗത്ത് ഹീറോയിസവും തെറ്റുകളും ഏറ്റുപറിച്ചിലുമൊക്കെ നടത്തുന്ന മംഗലശ്ശേരി നീലകണ്ഠന്‍റെ കഥയാണ് ചിത്രം പറഞ്ഞതെങ്കില്‍ രണ്ടാം ഭാഗത്തിലേക്ക് എത്തിയപ്പോള്‍ ഹീറോയിസം നിറഞ്ഞ മംഗലശേരി കാര്‍ത്തികേയനാണ് കേരളക്കര കണ്ടത്. പിന്നീടും വന്നു പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഒത്തിരി ചിത്രങ്ങള്‍.
മലയാളികളുടെ മുന്നിലേക്ക് ആവേശത്തോടെ വന്ന മുള്ളം കൊല്ലി വേലായുധനേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. നാടിനെ മുഴുവന്‍ വരച്ച വരയില്‍ നിര്‍ത്തുന്ന, കര്‍ക്കിടക മാസത്തിലെ മലവെള്ളപ്പാച്ചലില്‍ പുഴ നീന്തിക്കടന്ന് തടിപിടിക്കുന്ന വേലായുധയിരുന്നു അന്നത്തെ ഹീറോ.

കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ അബുവായും, ഇവിടം സ്വര്‍ഗമാണിലെ കര്‍ഷകനായും, എന്നും എപ്പോഴിലെ ജേര്‍ണലിസ്റ്റായുമൊക്കെ മോഹന്‍ലാല്‍ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നിന്നു. 2013 എത്തിയപ്പോഴേക്കും തൊടുപുഴയില്‍ ധ്യാനത്തിന് പോയി വന്ന ജോര്‍ജുകുട്ടിയും കുടുംബത്തേയും മലയാളികള്‍ സ്വീകരിച്ചു. ദൃശ്യം, മലയാളത്തില്‍ നിന്നും 50 കോടി കടന്ന ചിത്രമായിരുന്നു അത്. ഇതൊക്കെ മലയാളികള്‍ക്ക് സമ്മാനിച്ചത് ആശിര്‍വാദ് സിനിമാസാണ്.
ആശിര്‍വാദ് സിനിമാസ് ഇതുവരെ ചെയ്‌തത് 35 സിനിമകള്‍. കിളിച്ചുണ്ടന്‍ മാമ്പഴം, നാട്ടുരാജാവ്, നരന്‍, രസതന്ത്രം, ബാബ കല്യാണി, അലി ഭായ്, പരദേശി, ഇന്നത്തെ ചിന്താവിഷയം, സാഗര്‍ ഏലിയാസ് ജാക്കി, ഇവിടം സ്വര്‍ഗമാണ്, ചൈന ടൗണ്‍, സ്നേഹവീട്, കാസിനോവ, സ്‌പിരിറ്റ്, ലേഡീസ് ആന്‍ഡ് ജെന്‍ഡില്‍മാന്‍, ദൃശ്യം, എന്നും എപ്പോഴും, ലോഹം, ഒപ്പം, വെളിപാടിന്‍റെ പുസ്‌തകം, ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി മെയ്‌ഡിന്‍ ഇന്‍ ചൈന, ദൃശ്യം 2,മരക്കാര്‍ അറബിക്കടലിന്‍റെ റാണി, ബ്രോഡാഡി, ട്വല്‍ത്ത് മാന്‍, മോണ്‍സ്‌റ്റര്‍, എലോണ്‍, നേര്, ബറോസ്, എമ്പുരാന്‍ അതില്‍ 34 എണ്ണവും മോഹന്‍ലാലിന് വേണ്ടിയായിരുന്നു. ഒരു വട്ടം മാത്രം പ്രണവ് മോഹന്‍ ലാലിന് വേണ്ടി ആശിര്‍വാദ് സിനിമാസ് ഒരു പടം ചെയ്‌തു. മോഹന്‍ലാലിന്‍റെ മകന്‍ നായകനായ ജീത്തു ജോസഫ് ചിത്രം ആദിയായിരുന്നു അത്. എന്നാല്‍ ഇത് ബോക്‌സോഫില്‍ വലിയ വിജയമായിരുന്നു.
വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങളും ആശിര്‍വാദ് സിനിമാസിന് ഉണ്ടായിട്ടുണ്ട്. കുറഞ്ഞ വര്‍ഷത്തിനിടയില്‍ റിലീസ് ചെയ്‌ത മരക്കാര്‍ അറബിക്കടലിന്‍റെ റാണിയും, മോണ്‍സ്റററും എലോണുമൊക്കെ ബോക്‌സ് ഓഫിസില്‍ കൂപ്പുക്കുത്തിയ സിനിമകളായിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത ബറോസിനും വിജയം കാണാനായില്ല. അതേസമയം ദൃശ്യം 2, ബ്രോ ഡാഡി, ട്വല്‍ത്ത്മാനൊക്കെ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളായിരുന്നു.
എന്നാല്‍ എമ്പുരാനിലൂടെ മോഹന്‍ലാലും ആശിര്‍വാദുമൊക്കെ പതിന്മടങ്ങ് വേഗത്തില്‍ തിരിച്ചു വരുന്നതാണ് നാം കാണുന്നത്. ആശിര്‍വാദ് സിനിമാസ് 25ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷമാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ പുറത്തിറങ്ങുന്നത്. പ്രീസെയില്‍സിലൂടെ 63 കോടിയിലധികമാണ് ഈ ചിത്രം നേടിയത്. ആദ്യമായാണ് ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ അത്രയും വലിയ തുക നേടുന്നത്. ഒറ്റ ദിവസം കൊണ്ടാണ് കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപ ചിത്രം നേടിയത്.
ഇനിയുമുണ്ട് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആശിര്‍വാദ് സിനിമാസിന്‍റെ മോഹന്‍ലാല്‍ ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രമാണത്. പ്രേക്ഷകര്‍ക്ക് ഇഷടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ന് ലോകം അറിയപ്പെടുന്ന സിനിമ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് ആശിര്‍വാദ് സിനിമാസ്. അതിന് ചുക്കാന്‍ പിടിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത ഈ വലിയ നിര്‍മാണകമ്പനിക്ക് ആശിര്‍വാദ് എന്ന് പേരിട്ടതില്‍ ഒരു കൗതുകമുണ്ട്. ആശിര്‍വാദ്, അനുഗ്രഹ, ആരാധന എന്നീ പേരുകളായിരുന്നു മോഹന്‍ലാലിനും ആന്‍റണി പെരുമ്പാവൂരിനും മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ആശിര്‍വാദ് എന്ന പേര് നല്‍കിയത് മോഹന്‍ലാല്‍ തന്നെയാണ്. പ്രേക്ഷകരുടെ ആശിര്‍വാദാണ് സിനിമയുടെ വിജയം എന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ ആ പേരു തന്നെ നല്‍കി. 25 വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോള്‍ നാല് സംസ്ഥാന പുരസ്‌കാരങ്ങള്‍, രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ എന്നിവ ആശിര്‍വാദ് സ്വന്തമാക്കിയിട്ടുണ്ട്.
Also Read:'അന്ത ആള്‍ക്ക് കാര്‍ കയ്യില്‍ കിട്ടിയാല്‍ കിളിപോവും'; അടിമുടി ചിരിപ്പ് 'തുടരും' ട്രെയിലര്‍