എറണാകുളം: 2025ലെ ഇറാസ്‌മസ് പ്ലസ് സ്കോളർഷിപ്പിന് അർഹരായി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനികൾ. അപർണ ജി, ഗ്രേസ് പി ജോൺസ് എന്നിവർക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയിലാണ് ഇറാസ്‌മസ് പ്ലസ് പ്രോഗ്രാമിലൂടെ ഉന്നതപഠനത്തിന് ഇവർക്ക് അവസരം ലഭിച്ചിരിക്കുന്നത്.
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല കൂടാതെ ശിവാജി സർവ്വകലാശാല, ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല എന്നീ സർവ്വകലാശാലകളിലെ വിദ്യാർഥികൾക്കാണ് 2025ൽ ഇറാസ്‌മസ് പ്ലസ് പ്രോഗ്രാമിൽ സ്കോളർഷിപ്പ് ലഭിച്ചത്. മാസം 850 യൂറോയാണ് സ്കോളർഷിപ്പായി ലഭിക്കുക. ഏകദേശം 80000 രൂപയോളം വരും സ്കോളർഷിപ്പ് തുക. ഇതിന് പുറമേ ട്യൂഷൻ ഫീ, എൻറോൾമെന്‍റ് ഫീ, ഫ്ളൈറ്റ് ടിക്കറ്റ് എന്നിവ സൗജന്യമാണ്.

'സ്‌കൂളിങ് നാഷണലിസം ആൻഡ് എഡ്യൂക്കേഷൻ ഇൻ ഇന്ത്യ' എന്നതാണ് സോഷ്യോളജി വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനിയായ അപർണയുടെ ഗവേഷണവിഷയം. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയിൽ നാഷണലിസം സ്‌റ്റഡീസ് പ്രോഗ്രാം ഡിപ്പാർട്ട്മെന്‍റിലാണ് ഏപ്രിൽ 7 മുതൽ ജൂൺ 13 വരെ സ്കോളർഷിപ്പോടെയുള്ള ഉന്നതപഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ കാലടിയിലെ വെളിയത്ത് പി. ഗിരിധരന്‍റെയും എസ് വീണയുടെയും മകളാണ് അപർണ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചരിത്രവിഭാഗത്തിലെ ഗവേഷക വിദ്യാർഥിനിയായ ഗ്രേസ് പി ജോൺസിന്‍റെ ഗവേഷണവിഷയം 'ഫാമിലീസ് ആൻഡ് എവരിഡേ ലൈഫ്: ഹിസ്‌റ്ററി ഓഫ് ലിറ്റിൽ ടെക്നോളജീസ് ഇൻ 20th സെഞ്ച്വറി കേരള' എന്നതാണ്. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയിൽ ഹിസ്‌റ്റോറിക്കൽ സ്‌റ്റഡീസ് ഡിപ്പാർട്ട്‌മെന്‍റിലാണ് ഗ്രേസിന് സെപ്‌റ്റംബർ ഒന്ന് മുതൽ ഡിസംബർ 31വരെ സ്കോളർഷിപ്പോടെയുള്ള ഉന്നതപഠനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ കരുമാല്ലൂർ തൈപ്പറമ്പിൽ ടിഒ അലക്‌സാണ്ടറുടെയും ഓമനയുടെയും മകളാണ് ഗ്രേസ്.
സ്‌റ്റുഡന്‍റ് – ഫാക്കൽട്ടി എക്സ്ചേഞ്ചുകൾക്കും അക്കാദമിക് സഹകരണത്തിനുമായി വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റിയുമായി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ധാരണാപത്രത്തിൽ ഒപ്പിടുന്നത് 2024ലാണ്. ഇറാസ്‌മസ് പ്ലസ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയാണ്.