കോട്ട: എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ 2025 സെഷൻ 2ൻ്റെ അഡ്‌മിറ്റ് കാർഡുകൾ പുറത്തിറക്കി. ഏപ്രിൽ 7, 8, 9 തീയതികളിൽ നടക്കാനിരിക്കുന്ന ജോയിൻ്റ് എൻട്രൻസ് എക്‌സാമിൻ്റെ അഡ്‌മിറ്റ് കാർഡുകളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കിയത്.
പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികള്‍ക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അഡ്‌മിറ്റ് കാർഡുകള്‍ ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികളുടെ ഡ്രസ് കോഡും മുഴുവൻ പരീക്ഷയുടെ മാർഗനിർദേശങ്ങളും ഇതോടൊപ്പം പുറപ്പെടുവിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, ഉർദു എന്നീ പ്രാദേശിക ഭാഷകൾ ഉൾപ്പെടെ 13 ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാജസ്ഥാനിലെ കോട്ടയിൽ നാല് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രൺപൂർ, ഗോബരിയ ബാവ്ഡി, വിശ്വകർമ്മ സർക്കിള്‍, ഇന്ദ്രപ്രസ്ഥ വ്യവസായ മേഖല എന്നിവയാണ് കോട്ടയിലെ നാല് പരീക്ഷാ കേന്ദ്രങ്ങള്‍. രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചയ്‌ക്ക് 12 മണി വരെയും വൈകുന്നേരം 3 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിവരെയും രണ്ട് ഷിഫ്‌റ്റുകളായാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്.
രാവിലെ 7 മണി മുതൽ 8:30വരെ ഉദ്യോഗാർഥികൾക്ക് അതത് സെൻ്ററുകളിൽ പ്രവേശനം അനുവദിക്കും. ഉച്ചയ്‌ക്ക് ശേഷമുള്ള പരീക്ഷയ്‌ക്ക് ഉച്ചയ്‌ക്ക് 1:00 മണി മുതൽ 2:30 വരെയുമാണ് പ്രവേശനം. പരീക്ഷ ദിവസം ഓൺലൈൻ അപേക്ഷാ ഫോമിൽ അപ്‌ലോഡ് ചെയ്‌തിട്ടുള്ള ഫോട്ടോ, ഐഡി കാർഡ് എന്നിവ കൈവശം കരുതണമെന്നും നിർദേശമുണ്ട്.
ആധാർ കൈവശമില്ലാത്ത വിദ്യാർഥി ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകണം. ഇത് അഡ്‌മിറ്റ് കാർഡിനൊപ്പം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷ പൂർത്തിയാക്കിയ ശേഷം, ലഭിച്ച റഫ് പേപ്പർ വർക്ക്ഷീറ്റും അഡ്‌മിറ്റ് കാർഡും ഡ്രോപ്പ്ബോക്‌സിൽ നിക്ഷേപിക്കണം. ഇങ്ങനെ ചെയ്യാത്ത ഉദ്യോഗാർഥികളുടെ ഒഎംആർ ഷീറ്റുകൾ പരിശോധിക്കുന്നതല്ല.
അഡ്‌മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍
- jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ജെഇഇ മെയിൻ അഡ്‌മിറ്റ് കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
- അപ്ലിക്കേഷന്‍ നമ്പറും ജനന തീയതിയും നൽകുന്ന ഘട്ടം പൂര്‍ത്തിയാവന്നതോടെ അഡ്‌മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതു ഇവിടെ നിന്നു തന്നെ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.