ചെന്നൈ: മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പുതുതായി രണ്ട് കോഴ്‌സുകള്‍ കൂടി അവതരിപ്പിച്ചു. 2025-26 അധ്യയന വർഷത്തേക്കാണ് എഐ അധിഷ്‌ഠിത പുതിയ ബിരുദ എഞ്ചിനിയറിങ് കോഴ്‌സുകൾ അവതരിപ്പിച്ചത്. 1959-ൽ ഐഐടി മദ്രാസ് സ്ഥാപിതമായത് മുതലുള്ള ഇൻ്റർ ഡിസിപ്ലിനറി ഗവേഷണ വിഭാഗത്തിലെ അപ്ലൈയ്‌ഡ് മെക്കാനിക്‌സ് ആൻഡ് ബയോമെഡിക്കൽ എഞ്ചിനിയറിങ് ഡിപ്പാർട്ട്മെൻ്റാണ് പുതിയ കോഴ്‌സുകള്‍ വാഗ്‌ദാനം ചെയ്യുന്നത്.
ജെഇഇ (അഡ്വാൻസ്‌ഡ്) പാസായ വിദ്യാർഥികൾക്ക് പുതുതായി അവതരിപ്പിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബിടെക് ഇൻ കമ്പ്യൂട്ടേഷണൽ എഞ്ചിനിയറിങ് ആൻഡ് മെക്കാനിക്‌സ്, ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് ബയോമെഡിക്കൽ എഞ്ചിനിയറിങ് എന്നിവയാണ് പുതിയ കോഴ്‌സുകള്‍.
ബിടെക് ഇൻ കമ്പ്യൂട്ടേഷണൽ എഞ്ചിനിയറിങ് ആൻഡ് മെക്കാനിക്‌സ് (CEM) : കോഴ്‌സ് കോഡ് 412U
കമ്പ്യൂട്ടേഷണൽ സാങ്കേതികവിദ്യകളുമായും കൃത്രിമബുദ്ധിയുമായും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ എഞ്ചിനിയറിങ് കോഴ്‌സ് ആണിത്. നാല് വർഷമാണ് പഠനം പൂർത്തിയാക്കാൻ വേണ്ടിവരുന്നത്. മെഷീൻ ലേണിങ്, ഡാറ്റ സയൻസ്, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിങ്, സോളിഡ്, ഫ്ലൂയിഡ് മെക്കാനിക്‌സ്, കോർ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് (സർക്യൂട്ടുകൾ, സിഗ്നലുകൾ, എംബഡഡ് സിസ്റ്റങ്ങൾ), മെറ്റീരിയൽ സയൻസ്, ഡൈനാമിക്‌സ് എന്നിവയാണ് പ്രധാന വിഷയങ്ങള്‍.
ഇത് കൂടാതെ എയ്‌റോസ്‌പേസ്, റോബോട്ടിക്‌സ്, ഓട്ടോമോട്ടീവ്, മാനുഫാക്‌ച്വറിങ്, ഡിജിറ്റൽ ട്വിൻ ഡിസൈൻ, സ്‌മാർട്ട് ഇൻഫ്രാസ്ട്രക്‌ചർ തുടങ്ങിയ വിഷയങ്ങളും കോഴ്‌സിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് ബയോമെഡിക്കൽ എഞ്ചിനിയറിങ് ബിടെക് (iBME): കോഴ്‌സ് കോഡ് 412V.
ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനിയറിങ്, കോർ ബയോമെഡിക്കൽ എഞ്ചിനിയറിങ് എന്നിവയുടെ സംയുക്ത പഠനമാണിത്. നാല് വർഷത്തെ ബിടെക് ബിരുദ പ്രോഗ്രാമാണിത്. മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കാൻ സഹായകമാകുന്ന ഈ കോഴ്‌സ് ബയോമെഡിക്കൽ എഞ്ചിനീയറിങിൻ്റെ കീഴിലാണ് പ്രതിനിധാനം ചെയ്യുന്നത്.