ശമ്പളം കൊണ്ടും പദവി കൊണ്ടും പ്രൊമോഷൻ സാധ്യത കൊണ്ടും സംസ്ഥാനത്തെ ഏറ്റവും ആകര്‍ഷകമായ സര്‍ക്കാര്‍ ഉദ്യോഗങ്ങളിൽ ഒന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്. 77200- 140500 ശമ്പള സ്കെയിലിലുള്ള കെ എ എസ് ഓഫിസര്‍ ( ജൂനിയര്‍ ടൈം സ്കേല്‍) ട്രെയ്നി തസ്തികയിലേക്കുള്ള അപേക്ഷകള്‍ സമർപ്പിക്കാനുള്ള സമയം അവസാനിക്കാറായിരിക്കുകയാണ്. ഏപ്രില്‍ 9 ന് ബുധനാഴ്ച വരെ മാത്രമാണ് കെഎഎസിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനാവുക.
ഒഴിവുകൾ എത്ര?
ആകെ 31 ഒഴിവുകളാണുള്ളത്. മൂന്നു സ്ട്രീമുകളിലായാണ് ഈ 31 ഒഴിവുകള്‍. സ്ട്രീം ഒന്നിലെ 11 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ് നടത്തുക. സ്ട്രീം രണ്ടിലും മൂന്നിലും 10 വീതം ഒഴിവുകളുണ്ട്.
പ്രായ പരിധി:
നേരിട്ട് നിയമനം നടത്തുന്ന സ്ട്രീം ഒന്നിലെ 11 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 32 വയസാണ്. 21 വയസു മുതലുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 1993 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
സ്ട്രീം രണ്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ് തന്നെ. 1985 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സ്ട്രീം മൂന്നില്‍ അപേക്ഷിക്കുന്നവര്‍ക്ക് 2025 ജനുവരി ഒന്നിന് 50 വയസ് കവിയാന്‍ പാടില്ല.
വിദ്യാഭ്യാസ യോഗ്യത:
യുജിസിക്ക് കീഴിലുള്ളതോ കേരള സര്‍ക്കാരിന് കീഴിലുള്ളതോ ആയ ഏതെങ്കിലും സര്‍വകലാശാല നല്‍കുന്ന പ്രൊഫഷണല്‍ ബിരുദം ഉള്‍പ്പെടെയുള്ള ഏതെങ്കിലും ബിരുദമാണ് യോഗ്യത. ഭാരത സര്‍ക്കാരിന് കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കുന്ന ബിരുദങ്ങളും യോഗ്യതയ്ക്ക് പരിഗണിക്കും. മൂന്ന് സ്ട്രീമുകള്‍ക്കും ഇതേ യോഗ്യതയാണ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്.
നിര്‍ദിഷ്ട സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രൊബേഷണറായോ സ്ഥിര ജോലിക്കാരനായോ ജോലി ചെയ്തുവെന്ന് തെളിയിക്കുന്ന മേലധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രം സ്ട്രീം രണ്ട് മൂന്ന് വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഹാജരാക്കണം. അസിസ്റ്റന്‍റ് സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നോക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരിയില്‍ നിന്നുള്ള സര്‍വീസ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും.
അപേക്ഷിക്കേണ്ടതെങ്ങനെ?
കേരള പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇതിന് ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം രജിസ്ട്രേഷന്‍ നടത്തണം. നേരത്തേ വണ്‍ ടൈം രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞാല്‍ അപ്ലൈ നൗ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയുടെ സോഫ്റ്റ് കോപ്പിയോ പ്രിന്‍റ് ഔട്ടോ എടുത്തു സൂക്ഷിക്കണം. ഇതിനായി മൈ ആപ്ലിക്കേഷനില്‍ ക്ലിക്ക് ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ ഏത് ഭാഷയിലാണ് പരീക്ഷ എഴുതുന്നതെന്നും ഏത് ഭാഷയിലുളള ചോദ്യക്കടലാസാണ് വേണ്ടതെന്നും അറിയിക്കാനുള്ള അവസരമുണ്ട്.
പരീക്ഷ:
രണ്ടു ഘട്ടങ്ങളായുള്ള എഴുത്തു പരീക്ഷ ജൂണിലും ഒക്ടോബറിലുമായി നടക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. 100 മാര്‍ക്കിന്‍റെ പേപ്പര്‍ ഒന്ന് പരീക്ഷക്ക് ഒന്നര മണിക്കൂര്‍ സമയം ലഭിക്കും. ജനറല്‍ സ്റ്റഡീസ് ഭാഗം ഒന്നില്‍ മുഴുവന്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ടാം പേപ്പറില്‍ മൂന്ന് ഭാഗങ്ങളായാകും പരീക്ഷ.
ജനറല്‍ സ്റ്റഡീസ് ഭാഗം രണ്ടില്‍ നിന്ന് 50 മാര്‍ക്കിനും മലയാളം/ കന്നഡ/ തമിഴ് ഭാഷാ നൈപുണ്യം പരിശോധിക്കുന്ന പാര്‍ട്ട് രണ്ടില്‍ 30 മാര്‍ക്കിനും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം പരിശോധിക്കുന്ന പാര്‍ട്ട് മൂന്നില്‍ നിന്ന് 20 മാര്‍ക്കിനുമുള്ള ചോദ്യങ്ങള്‍ വരും. ആകെ മൂന്ന് പാര്‍ട്ടിനും കൂടി അനുവദിക്കുന്ന സമയം ഒന്നര മണിക്കൂര്‍ തന്നെയാകും.
ജൂണ്‍ 14 ന് രാവിലെയും ഉച്ചകഴിഞ്ഞുമായാണ് പ്രിലിമിനറി പരീക്ഷയുടെ രണ്ട് പേപ്പറുകളുടേയും പരീക്ഷ നടക്കുക. മെയിന്‍ പരീക്ഷ ഒക്ടോബര്‍ 17നും 18 നുമായി നടക്കും. മെയിന്‍ പരീക്ഷക്ക് വിവരണാത്മക ചോദ്യങ്ങളാണുണ്ടാവുക. ജനറല്‍ സ്റ്റഡീസിന്‍റെ മൂന്ന് ഭാഗങ്ങളിലായി നടക്കുന്ന പരീക്ഷ ഒക്ടോബര്‍ 17 ന് രാവിലെയും ഉച്ചകഴിഞ്ഞും ഒക്ടോബര്‍ 18 ന് ഉച്ചകഴിഞ്ഞുമായി നടക്കും.
ഓരോ പരീക്ഷയ്ക്കും 2 മണിക്കൂര്‍ സമയമാണ് അനുവദിക്കുക.100 മാര്‍ക്കിന്‍റെ ചോദ്യങ്ങളാണ് ഓരോ പരീക്ഷയ്ക്കും ഉണ്ടാവുക. 2026 ജനുവരി ഫെബ്രുവരി മാസങ്ങളിലായി അഭിമുഖവും നടക്കും. അഭിമുഖത്തിന് 45 മാര്‍ക്കാണ് പരമാവധി നല്‍കുക.
Also Read:നീറ്റ്; പരിഷ്ക്കാരങ്ങള്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നത് ഇങ്ങനെ