മുംബൈ: സെൻസെക്‌സും നിഫ്റ്റിയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കൂപ്പുകുത്തുകയാണ്. സ്‌റ്റോക്ക് മാർക്കറ്റിലെ ഈ മാറ്റം പല നിക്ഷേപകരെയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. എന്നാൽ ഈ ഇടിവ് പ്രതീക്ഷിതമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് വിദഗ്‌ധര്‍ പറയുന്നത്.
ഡൊണാൾഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്‍റെ ഫലമായാണ് ആഗോള ഓഹരി വിപണി ആടിയുലഞ്ഞത്. ഈ സാഹചര്യത്തിൽ നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്‌ധൻ ഗിരീഷ് ജഖോട്ടിയ പറഞ്ഞു. ലോങ് ടേമിനെപ്പറ്റി (ദീർഘകാല നേട്ടങ്ങള്‍ മാത്രം ചിന്തിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് ഗിരീഷ് ജഖോട്ടിയ ഇടിവി ഭാരതിനോട് പറഞ്ഞു.
'ഈ തകർച്ച പ്രതീക്ഷിച്ചതാണ്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റാകാൻ നിശ്ചയിച്ച സമയം മുതൽ ഇതിന്‍റെ അടയാളങ്ങളുണ്ടായിരുന്നു. ട്രംപിന്‍റെ പ്രത്യയശാസ്‌ത്രം തീവ്ര ദേശീയത ആയതിനാൽ, അന്നുമുതൽ വ്യത്യാസം പ്രകടമായിരുന്നു. ഇന്ത്യൻ ഓഹരി വിപണികൾക്ക് അമിത മൂല്യമുണ്ട്.'- ജഖോതിയ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വൻകിട നിക്ഷേപകരെ ഇത് ബാധിക്കില്ല. പക്ഷേ ചെറുകിട നിക്ഷേപകരാണ് ഇതിന്‍റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക. ഇത്തരമൊരു സാഹചര്യത്തിൽ നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ല. അവർക്ക് പെട്ടെന്ന് ലാഭം ലഭിക്കില്ല എന്നേയുള്ളൂ. നല്ല കമ്പനികളിൽ നിക്ഷേപിച്ച് 5 - 6 വർഷം ക്ഷമയോടെ കാത്തിരിക്കണം. ദീർഘകാല നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കണം. അതേസമയം ചൂതാട്ടം വളരെ അപകടകരമാണെന്നും ജഖോതിയ മുന്നറിയിപ്പ് നല്‍കുന്നു.
'ഏഷ്യൻ വിപണികൾ തിങ്കളാഴ്‌ച തുറക്കുമ്പോൾ വലിയ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അത് സംഭവിച്ചു എന്നും ഓഹരി വിപണി വിദഗ്‌ധൻ സുനിൽ ഷാ പിടിഐയോട് പറഞ്ഞു. ചൈനയുടെ പ്രതികാര താരിഫുകൾക്കും ഇതിൽ പങ്കുണ്ട്. മൊത്തത്തിൽ, ആഗോള സമ്പദ്‌വ്യവസ്ഥയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയും മന്ദഗതിയിലാകും.
നിലവിലെ താരിഫ് അഥവാ വ്യാപാര യുദ്ധം മൂലമാണ് ഇത് പ്രധാനമായും സംഭവിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തിയില്‍ വിൽപന നടത്തരുതെന്നും ഷരദ് കോഹ്‌ലി അഭിപ്രായപ്പെട്ടു. ഇതിനകം തന്നെ കഷ്‌ടപ്പെടുന്ന ആഗോള സമ്പദ്‌വ്യവസ്ഥ എപ്പോൾ വേണമെങ്കിലും മാന്ദ്യത്തിലേക്ക് നീങ്ങിയേക്കാമെന്ന് ആകാശ് ജിൻഡാൽ പറഞ്ഞു.
ഇത് വിപണികളെ തീർച്ചയായും ബാധിക്കും. യുഎസ് പ്രസിഡന്‍റിന്‍റെ പകരച്ചുങ്കമാണ് ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലച്ചത്. ഇത് ഒരു താരിഫ് യുദ്ധത്തിനാണ് തുടക്കമിട്ടത്. ചൈന ഇതിനകം തന്നെ പ്രതികാര താരിഫ് പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്പും അങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെൻസെക്‌സ് ഇന്ന് 3,200 പോയിന്‍റിന് മുകളിലാണ് തകർന്നത്. നിഫ്റ്റി 50 21,900 ന് താഴെയായി. 30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് സെൻസെക്‌സ് 3,939.68 പോയിന്‍റ് അഥവാ 5.22 ശതമാനം ഇടിഞ്ഞ് 71,425.01 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 1,160.8 പോയിന്‍റ് അഥവാ 5.06 ശതമാനം ഇടിഞ്ഞ് 21,743.65 ൽ എത്തി. ഉച്ചയ്ക്ക് 12.40 ന് സെൻസെക്‌സ് 72,087 (3,277 പോയിന്‍റ് അഥവാ 4.35% ഇടിവ്) ലും നിഫ്റ്റി 21,891.80 (−1,012.65 അഥവാ 4.42%) എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.
ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് 11 ശതമാനവും ടോക്കിയോയുടെ നിക്കി 7 ശതമാനവും ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ് സൂചിക 6 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്‌പി സൂചിക 5 ശതമാനവും ഇടിഞ്ഞു. വെള്ളിയാഴ്‌ച യുഎസ് വിപണികൾ കുത്തനെ ഇടിഞ്ഞാണ് അവസാനിച്ചത്.