കണ്ണൂര്‍ : ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറുന്ന ട്രൈ കളര്‍ ഫൗണ്ടന്‍, വിസിലടിച്ച് കറങ്ങുന്ന നിലച്ചക്രം, മാനത്ത് ക്രാക്കിങ്ങോടെ പറന്നുയരുന്ന ഡ്രോണ്‍, ഉയര്‍ന്ന് കത്തിത്തീരുമ്പോള്‍ മുട്ടയിടുന്ന എമു എഗ്, ഉയരത്തില്‍ പൊങ്ങി തീപ്പൊരി ചിതറുന്ന സ്‌പിന്നര്‍ ഡീലക്‌സ്, വര്‍ണ്ണങ്ങളും ക്രാക്കിങ്ങും സമന്വയിക്കുന്ന സണ്‍ ഫീസ്റ്റ്, ഉഗ്ര ശബ്‌ദം നല്‍കുന്ന പേപ്പര്‍ ബോംബ്, ഇവയെല്ലാം പടക്ക കമ്പോളത്തിലെ പുതിയ താരങ്ങളാണ്.
വിഷു ആഘോഷം മുന്‍ നിര്‍ത്തി ചൈനീസ് സാങ്കേതിക വിദ്യയോടെ ശിവകാശിയില്‍ നിര്‍മ്മിച്ച പടക്കങ്ങളാണ് വര്‍ഷങ്ങളായി വിപണിയിലുള്ളത്. ഓരോ വര്‍ഷവും ആകര്‍ഷകങ്ങളായ പൂത്തിരിയും മത്താപ്പും പടക്കങ്ങളും പുതുതായി വിപണിയില്‍ ഇറക്കുന്നത് പതിവാണ്. വിഷുവിന് പടക്ക വിപണിയില്‍ പോലും ഉത്സവപ്രതീതിയില്‍ കാണുന്നത് അങ്ങ് വടക്കേ മലബാറിലാണ്. കോഴിക്കോട്, മാഹി, കണ്ണൂര്‍ മേഖലകളില്‍ ഏതാണ്ട് അമ്പത് കോടിയോളം രൂപയുടെ പടക്കങ്ങള്‍ എത്തിക്കഴിഞ്ഞെന്നാണ് വിവരം.
വര്‍ഷാവര്‍ഷം പുതിയ ഇനങ്ങളുടെ സാമ്പിളുകള്‍ കൊണ്ടു പോയി പരീക്ഷിച്ചാണ് പുതു തലമുറ പടക്കങ്ങള്‍ വാങ്ങുന്നത്. ഉഗ്ര സ്‌ഫോടനവും വിസ്‌മയവും തീര്‍ക്കുന്ന പടക്കങ്ങളും മത്താപ്പും പൂത്തിരിയും വിഷുവിന് മുമ്പ് തന്നെ വാങ്ങി പരീക്ഷിക്കും. വിഷു ആഘോഷം പടക്കങ്ങള്‍ കൊണ്ടുള്ള മത്സരങ്ങളായാണ് യുവാക്കള്‍ക്ക്. 100 രൂപയുടേത് മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള പടക്കങ്ങള്‍ വിഷു ദിവസങ്ങളില്‍ പ്രയോഗിക്കുന്നവരുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹരിത പടക്കമാണ് ഇത്തവണയും മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ മാലിന്യ മുക്തവും പുക നിയന്ത്രണവുമുള്ള പടക്കങ്ങളാണെന്ന് കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ ഓലപ്പടക്കവും അമിട്ടുമൊന്നും ഇപ്പോള്‍ ഇല്ലെങ്കിലും പഴയ തലമുറക്ക് ആവേശമായി ഹൈഡ്രജന്‍ ബോംബുണ്ട്. പുതുതായെത്തിയ പേപ്പര്‍ ബോംബിന്‍റെ ആരാധകര്‍ പക്ഷേ ന്യൂജന്‍ പിള്ളേരാണ്. ചൈനീസ് സാങ്കേതികത്വമുള്ള പടക്കങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലായതിനാല്‍ അവരും ആവശ്യക്കാരായി എത്തുന്നുണ്ട്.
കയ്യില്‍ കറങ്ങുന്ന കമ്പിത്തിരി, ഉപരിതലത്തില്‍ നിറപ്പകിട്ടേറുന്ന നിലച്ചക്രം, കത്തിച്ച് രസിക്കാവുന്ന മാജിക് വിപ്പ്, ഇതെല്ലാം സ്ത്രീകളേയും കുട്ടികളേയും ലക്ഷ്യംവച്ചുളളതാണ്. മാലപ്പടക്കം പോലെ പൊട്ടുകയും കത്തുകയും ചെയ്യുന്ന ലോലിപ്പോപ്പ്, നാല് ഇന്‍റു നാല് വീല്‍, വിവിധ ഇനം സ്‌കൈ ഷോട്ടുകള്‍ എന്നിവയും പടക്ക കടകളില്‍ സജ്ജമാണ്.