ഇടുക്കി : മഴ ആരംഭിച്ചതോടെ മാലി മുളകിൻ്റെ വിലയില്‍ ഇടിവ്. 300 മുതല്‍ 500 രൂപ വരെ ഉയര്‍ന്ന മാലി മുളകിന് നിലവില്‍ 120 മുതല്‍ 150 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. മഴ ആരംഭിച്ചതോടെ കൃഷിക്ക് അനുകൂലമായ സാഹചര്യമുണ്ടായതാണ് വില ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കടുത്ത വേനല്‍ നീണ്ടു നിന്നതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് മാലി മുളകിന് വിപണിയില്‍ വില 500 രൂപ വരെ ഉയരാന്‍ ഇടയാക്കിയത്.
നിലവില്‍ 120 മുതല്‍ 150 രൂപ വരെ മാത്രമാണ് ഇപ്പോള്‍ മുളകിന് ലഭിക്കുന്ന വിപണി വില. വിപണിയിലേക്ക് മുളക് എത്തുന്നുണ്ടെങ്കിലും താരതമ്യേന വലിപ്പം കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓര്‍ഡര്‍ കുറവാണെന്നതും വിലയിടിവിനു കാരണമായെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മറ്റു കൃഷികളെ അപേക്ഷിച്ച് മൂന്നു മാസം കൊണ്ട് വിളവെടുക്കാമെന്നതിനാലാണ് പല കര്‍ഷകരും മാലി മുളക് കൃഷി ചെയ്യുന്നത്.
ജൂണ്‍ മാസത്തില്‍ നട്ടുപിടിപ്പിക്കുന്ന മാലി മുളക് ചെടികള്‍ സെപ്‌തംബറോടെ പുഷ്‌പിച്ച് ആഴ്‌ചകള്‍ക്കുള്ളില്‍ കായ്ക്കും. ഒരു ചെടിയില്‍ നിന്നു രണ്ടു വര്‍ഷം വരെ ആദായം ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. ഹൈറേഞ്ചില്‍ ഉത്‌പാദിപ്പിക്കുന്ന മാലി മുളകില്‍ ഭൂരിഭാഗവും മാലദ്വീപിലേക്കാണ് കയറ്റി അയക്കുന്നത്.
Also Read: കട്ടപ്പനയില്‍ കാന്താരയല്ല, കാന്താരിയാണ് ഹിറ്റ്: കർഷക ശ്രീയായി നിമിഷ