ന്യൂഡൽഹി: ആഗോളതലത്തില്‍ ഓഹരി വിപണിയിടിഞ്ഞതിന് പിന്നാലെ വരും ദിവസങ്ങളില്‍ സ്വർണ വിലയും ഇടിയുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാത്രം മൂന്ന് ശതമാനത്തിലധികമാണ് സ്വർണ വിലയിൽ ഇടിവുണ്ടായത്. ഇന്ന് മാത്രം കേരളത്തില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്‍റെ പവന്‍റെ വിലയില്‍ 480 രൂപ കുറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് വർധനവാണ് ഓഹരി വിപണിയെ ബാധിച്ചതും പിന്നീട് സ്വർണവിലയിൽ ഇടിവുണ്ടാകാനും കാരണമായത്.
സ്വര്‍ണ വില ഇടിയുമെന്ന് വിദഗ്‌ധര്‍
വരും ദിവസങ്ങളില്‍ സ്വർണവില ഇടയ്ക്കിടെ കുറയുമെന്നും, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് ബാധിക്കില്ലെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് കറൻസി ആൻഡ് കമ്മോഡിറ്റീസ് മേധാവി അനുജ് ഗുപ്‌ത ഇടിവി ഭാരതിനോട് പറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടിയാല്‍ ഇത് സ്വർണ വില കുറയുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
38 ശതമാനം വരെ സ്വര്‍ണ വില കുറയുമെന്ന് മുന്നറിയിപ്പ്
സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ വില കുറയുമെന്ന് യുഎസ് ആസ്ഥാനമായുള്ള ധനകാര്യ സേവന സ്ഥാപനമായ മോർണിംഗ്സ്റ്റാറിലെ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോൺ മിൽസ് വ്യക്തമാക്കി. സ്വർണം ഔൺസിന് 1,820 ഡോളറായി കുറയുമെന്ന് അദ്ദേഹം പ്രവചിച്ചു. നിലവിലെ വില ഔൺസിന് ഏകദേശം 3,080 ഡോളറാണ്. ഇത് ഏകദേശം 38% കുറവിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണത്തിൻ്റെ വിലയിലെ ഇടിവ് താത്‌കാലികമാകാമെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്നേക്കാമെന്നും സാമ്പത്തിക വിദഗ്‌ധൻ അരുൺ കുമാർ പറഞ്ഞു.
കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുറഞ്ഞു
ഓഹരി വിപണി ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിലും ഇടിവ്. 22 ക്യാരറ്റ് സ്വര്‍ണം ഒരു പവന് 60 രൂപ ഇടിഞ്ഞ് 8,258 രൂപയായി. ഒരു പവന് 480 രൂപ കുറഞ്ഞ് 66,280 രൂപയായി.

എന്തെല്ലാമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ?
- അന്താരാഷ്ട്ര സ്വർണ വിലകൾ: ഇന്ത്യയിലെ സ്വർണ വില ആഗോള വിപണിയെ ആശ്രയിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിരക്കുകളിലെ ഏത് മാറ്റവും രാജ്യത്തെ സ്വർണ വിലയെ നേരിട്ട് ബാധിക്കുന്നു. പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക സ്ഥിരത തുടങ്ങിയ ഘടകങ്ങൾ ആഗോള സ്വർണ നിരക്കുകളെ സ്വാധീനിക്കുന്നു.
- ഇറക്കുമതി തീരുവയും സർക്കാർ നയങ്ങളും: ഇന്ത്യ ഗണ്യമായ അളവിൽ സ്വർണം ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതി തീരുവകളും നികുതി നയങ്ങളും ഇന്ത്യയിലെ സ്വർണ വിലയെ ബാധിക്കുന്നു. സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ സ്വർണ വില ഉയരും. അതുപോലെ, സ്വർണ്ണ ശേഖരവുമായി ബന്ധപ്പെട്ട നയങ്ങളും നിരക്കുകളെ ബാധിക്കുന്നു.
- ആഭ്യന്തര വിപണിയിലെ ആവശ്യകതയും വിതരണവും: ഇന്ത്യയിൽ സ്വർണത്തിന്‍റെ ആവശ്യകത വിവാഹ സീസണുകളിലും ഉയരും. ഡിമാൻഡ് വർധിക്കുമ്പോൾ വില ഉയരാനുള്ള സാധ്യത കൂടുതലാണ്. നേരെമറിച്ച്, ഡിമാൻഡ് കുറയുമ്പോൾ, സ്വർണ വില കുറയാൻ സാധ്യതയുണ്ട്.

- രൂപ vs യുഎസ് ഡോളർ വിനിമയ നിരക്ക്: ആഗോളതലത്തിൽ സ്വർണ വ്യാപാരം നടക്കുന്നത് യുഎസ് ഡോളറിലാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമായാൽ, സ്വർണ ഇറക്കുമതി കൂടുതൽ ചെലവേറിയതായിത്തീരും, ഇത് വില വർധനവിന് കാരണമാകും. മറുവശത്ത്, രൂപയുടെ മൂല്യം കൂടിയാല്‍ സ്വർണ വില കുറയുന്നതിന് കാരണമാകും.
- പലിശ നിരക്കുകളും പണപ്പെരുപ്പവും: പണപ്പെരുപ്പം ഉയരുമ്പോൾ, കറൻസി മൂല്യത്തകർച്ചയ്‌ക്കെതിരായ ഒരു സംരക്ഷണമായി നിക്ഷേപകർ സ്വർണത്തെ തെരഞ്ഞെടുക്കുന്നു. ഇത് സ്വർണത്തിന്‍റെ ആവശ്യകത വർധിപ്പിക്കുകയും വിലകൾ ഉയരാൻ കാരണമാവുകയും ചെയ്യുന്നു. അതുപോലെ, കുറഞ്ഞ പലിശ നിരക്കുകൾ സ്വർണത്തെ ഒരു നിക്ഷേപമെന്ന നിലയിൽ കൂടുതൽ ആകർഷകമാക്കുന്നു, ഇത് വിലയെ സ്വാധീനിക്കുന്നു.
- ആഗോള സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങൾ: മാന്ദ്യം, മഹാമാരികൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ ആഗോള അനിശ്ചിതത്വങ്ങൾ സ്വർണ വിലയെ ബാധിച്ചേക്കാം. ഓഹരി വിപണികളിൽ ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ, നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിയുന്നു, ഇത് ഉയർന്ന ഡിമാൻഡിലേക്കും വിലയിലേക്കും നയിക്കുന്നു.
Also Read: ഇന്ത്യയിലെ എൽപിജി വില ലോകത്തിലെ ഏറ്റവും താഴ്ന്ന വിലയോ? അറിയാം വിശദമായി