ഛണ്ഡിഗഡ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ അറസ്റ്റിൽ. 'ജാൻ മഹൽ' എന്ന യൂട്യൂബ് ചാനൽ ഉടമയായ ജസ്ബീർ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. രൂപ്‌നഗർ ജില്ലയിലെ മഹ്‌ലാൻ സ്വദേശിയാണ് ഇയാൾ.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജസ്ബീർ സിങ്ങിനെ പിടികൂടിയതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട് ഒരു ചാരശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സമാന കേസിൽ ഹരിയാനയിൽ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മൽഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.
പാക് ഇൻ്റലിജൻസ് ഓപറേറ്റീവായ ജട്ട് രൺധാവ എന്നയാളുമായി ജസ്ബീർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മിഷനിൽ നിന്ന് പുറത്താക്കപ്പെട്ട ഓഫിസറായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായും ജസ്ബീറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഡാനിഷിൻ്റെ സഹായത്തോടെ 2020, 2021, 2024 എന്നീ വർഷങ്ങളിൽ ജസ്ബീർ പാകിസ്ഥാൻ സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജസ്ബീറിൻ്റെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചപ്പോൾ പാകിസ്ഥാനി ഫോൺ നമ്പറുകൾ ലഭിച്ചു. ഡാനിഷ് വഴി ഡൽഹിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ദിന പരിപാടിയിൽ ജസ്ബീർ പങ്കെടുത്തു. അവിടെവെച്ച് പാകിസ്ഥാൻ സൈനിക ഓഫിസർമാരെയും വ്ലോഗർമാരെയും കണ്ടതായും അന്വേഷണത്തിൽ വ്യക്തമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൽഹോത്രയുടെ അറസ്റ്റിനുശേഷം പിഐഒകളുമായുള്ള ആശയവിനിമയത്തിൻ്റെ എല്ലാ സൂചനകളും സിങ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഇതുവരെ പഞ്ചാബിൽ നിന്ന് മാത്രം ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു ശേഷമാണ് ഈ നടപടികൾ. തുടർന്നുണ്ടായ പാകിസ്ഥാനുമായുള്ള നാല് ദിവസത്തെ സൈനിക സംഘർഷത്തിനു ശേഷമാണ് രാജ്യത്തിനുള്ളിലെ ചാര ശൃംഖലകൾക്കെതിരായ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.