അഹമ്മദാബാദ് : നഗരത്തിലെ സ്കൂളുകളും നരേന്ദ്ര മോദി സ്റ്റേഡിയവും അടക്കം ബോംബ് വച്ച് തകർക്കുമെന്ന് ഇമെയിൽ അയച്ച യുവതി അറസ്റ്റിൽ. ചെന്നൈയിൽ നിന്നുള്ള യുവതിയേയാണ് അഹമ്മദാബാദ് സൈബർ ക്രൈം യൂണിറ്റ് അറസ്റ്റ് ചെയ്തത്.
നരേന്ദ്ര മോദി സ്റ്റേഡിയം, ജനീവ സ്കൂൾ സർഖേജ്, ദിവ്യ ജ്യോത് സ്കൂൾ ഭോപ്പാൽ, സിവിൽ ആശുപത്രി എന്നിവ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി 21 വ്യത്യസ്ത ഇമെയിലുകൾ ലഭിച്ചതായി അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ജെസിപി ശരദ് സിംഗാൾ പറഞ്ഞു. റെനി ജോഷിൽഡ എന്ന പെൺകുട്ടിയാണ് അറസ്റ്റിലായത്. റെനി നേരത്തെയും 11 സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിലേക്ക് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു.
പ്രധാന പരിപാടികൾ നടക്കുന്നതിന് മുൻപാണ് പരിപാടി നടക്കുന്ന ഇടങ്ങളുമായി ബന്ധപ്പെട്ട് ബോംബ് ഭീഷണി അയച്ചത്. ചെന്നൈ നിവാസിയായ റെനി റോബോട്ടിക്സിൽ ഒരു കോഴ്സ് ചെയ്തിട്ടുണ്ടെന്നും നിലവിൽ ഡെലോയിറ്റിൽ സീനിയർ കൺസൾട്ടന്റായി ജോലി ചെയ്യുന്നുണ്ടെന്നും സിംഗാൾ പറഞ്ഞു. റെനി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ അയാൾ മറ്റൊരു വിവാഹം ചെയ്തു. ദിവിജ് പ്രഭാകർ എന്നാണ് ആ യുവാവിന്റെ പേര്.
'ദിവിജിനെ കുടുക്കാൻ റെനി ആഗ്രഹിച്ചു. ദിവിജിന്റെ പേരിൽ വ്യത്യസ്ത മെയിൽ ഐഡികൾ സൃഷ്ടിച്ച് വെർച്വൽ മൊബൈൽ നമ്പറുകളും ഡാർക്ക്നെറ്റും ഉപയോഗിച്ച് ഇമെയിലുകൾ അയച്ചു,' -സിംഗാൾ പറഞ്ഞു, 11 സംസ്ഥാനങ്ങളിലെ പൊലീസ് റെനിയെ അന്വേഷിച്ചുവരികയായിരുന്നു.
''ഞങ്ങൾ വളരെക്കാലമായി അവളുടെ ഡിജിറ്റൽ പാത പിന്തുടരുകയായിരുന്നു. അവളുടെ വീട്ടിലെത്തി അവളെ പിടികൂടി. സംഭവസ്ഥലത്ത് നിന്ന് ഞങ്ങൾക്ക് കാര്യമായ തെളിവുകളും ലഭിച്ചു," സിംഗാൾ പറഞ്ഞു.
ഗൂഢാലോചനയിൽ മറ്റുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ അതോ മറ്റ് പ്രദേശങ്ങളിൽ ലഭിച്ച സമാനമായ ഭീഷണികൾക്ക് റിനി ഉത്തരവാദിയാണോ എന്ന് പൊലീസ് നിലവിൽ പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണം തുടരുകയാണ്. 11 സംസ്ഥാനങ്ങളിൽ നിന്നുള്ള നിയമ നിർവഹണ ഉദ്യോഗസ്ഥർ അന്വേഷണം ഏകോപിപ്പിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Also Read: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മകളെ മർദിച്ച് കൊലപ്പെടുത്തി പിതാവ്