ന്യൂഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷം വ്യാപാരത്തിലൂടെ പരിഹരിച്ചുവെന്ന യുഎസ് അവകാശവാദം ആവര്‍ത്തിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ്. ഡൊണാള്‍ഡ് ട്രംപിന്‍റെ അവകാശവാദം പ്രധാനമന്ത്രി നിരസിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിച്ചുവെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എത്തിയത്.
ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നത് ഇത് എട്ടാം തവണയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. "ഇന്ത്യയെക്കൊണ്ട് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ വ്യാപാരം ഉപയോഗിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ പ്രധാനമന്ത്രി മോദി ഒരിക്കൽ പോലും ഈ അവകാശവാദം നിരസിച്ചിട്ടില്ല. ഈ നിശബ്‌ദതയുടെ അർഥമെന്താണ്?"എന്ന് പവൻ ഖേര എക്‌സിൽ കുറിച്ചു.
ഇന്ത്യ-പാക് സംഘർഷം പരിഹരിച്ചത് താനാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസയുമായുള്ള കൂടിക്കാഴ്‌ചയിലും ട്രംപ് ആവർത്തിച്ചു. വ്യാപാരത്തിലൂടെയാണ് ആ പ്രശ്‌നം പരിഹരിച്ചത്. ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎസ് ഒരു വലിയ ഇടപാട് നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം വലിയ സംഘർഷത്തിലേക്ക് എത്തുകയും അത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്‌തിരുന്നു. ആ സാഹചര്യത്തിലാണ് താൻ അവരോട് സംസാരിച്ചതെന്ന് ട്രംപ് അറിയിച്ചു. പ്രശ്‌നം പൂർണമായും പരിഹരിച്ചുവെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ചർച്ചയ്‌ക്ക് ശേഷം ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പാകിസ്ഥാനിൽ മികച്ച നേതാക്കളുണ്ട്. എന്നാൽ ഇന്ത്യ തന്‍റെ സുഹൃത്ത് രാജ്യമാണെന്ന് ട്രംപിന് മറുപടി നൽകി സിറിൽ റാമഫോസ പറഞ്ഞു.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് മറുപടിയായാണ് മെയ് 7ന് പുലർച്ചെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാൻ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇന്ത്യയുടെ നടപടിയെത്തുടർന്ന് മെയ് 8, 9, 10 തീയതികളിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു.
നിരവധി പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. നാല് ദിവസത്തെ തീവ്രമായ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം സൈനിക ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ മെയ് 10ന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. മെയ് 10ന് യുഎസിന്‍റെ മധ്യസ്ഥതയിൽ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.