ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ നിന്നും അയോഗ്യയാക്കപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണിലൂടെ സംസാരിക്കുന്നതിനായി വിസമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്. വരാനിരിക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയാണ് വിനേഷ്. ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് വിനേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒളിമ്പിക്‌സിൽ നിന്നും അയോഗ്യയാക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പാരിസിലെ ഇന്ത്യൻ പ്രതിനിധികൾക്കാണ് ഫോൺ വന്നത്. എന്നാൽ അപ്പോൾ തന്നെ അത് നിരസിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
"പ്രധാനമന്ത്രിക്ക് എന്നോട് സംസാരിക്കണമെന്ന് ഒരു ഓഫിസർ എന്നോട് വന്നുപറഞ്ഞു. ഞാൻ ശരിയെന്നും ഉത്തരം നൽകി. അതിനുശേഷം അവർ ചില നിബന്ധനകൾ മുന്നോട്ട് വച്ചു. ഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റാരും കൂടെയുണ്ടാകരുതെന്നും കോള്‍ റെക്കോര്‍ഡ് ചെയ്യുമെന്നും ഓഫിസര്‍ അറിയിച്ചു. ഇതോടെയാണ് താന്‍ സംസാരിക്കാന്‍ വിസമ്മതിച്ചതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
'സമൂഹ മാധ്യമത്തിലൂടെ എൻ്റെ വികാരങ്ങളെ കളിയാക്കുന്നതിനായി ഇട്ടുകൊടുക്കാൻ കഴിയില്ലെന്ന് ഞാൻ ആ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് എന്നോട് സംസാരിക്കാൻ താത്‌പര്യമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് വീഡിയോ റെക്കോർഡിങ് കൂടാതെ എന്നോട് സംസാരിക്കാമായിരുന്നു. എന്നാല്‍ താൻ അദ്ദേഹത്തോട് എപ്പോഴും കടപ്പെട്ടിരിക്കുമായിരുന്നുവെന്നും ഡൽഹിയിലെ ജന്തർ മന്തറിൽ മുൻ ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രതിഷേധിച്ച ദിനങ്ങൾ അനുസ്‌മരിച്ചുകൊണ്ട് വിനേഷ് പറഞ്ഞു.
"ഞങ്ങൾ രാജ്യം വിടുന്നതിനായി തീരുമാനിച്ചിരുന്നു. പക്ഷേ, പോരാടാനുള്ള ധൈര്യം നൽകുന്ന ചില ആളുകളെ തങ്ങള്‍ കണ്ടുമുട്ടി. ആ സമയത്താണ് ഞങ്ങൾ പ്രിയങ്ക ഗാന്ധിയെ കണ്ടത്. പ്രിയങ്ക തൻ്റെ അച്ഛൻ്റെ കഥ പറഞ്ഞുകൊണ്ട് ഞങ്ങളെ ചിന്തിക്കുന്നതിനായി പ്രേരിപ്പിക്കുകയായിരുന്നു.
തൻ്റെ പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജ്യം വിടാൻ തീരുമാനിച്ചിരുന്നെന്നും എന്നാൽ ജനങ്ങളുടെ സ്നേഹം കണ്ടപ്പോൾ രാജ്യം വിട്ട് പോകാൻ കഴിഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു. ചില നല്ല ആളുകൾ കാരണം രാജ്യം വിട്ടുപോകാൻ കഴിയില്ലെന്നും അവർ തങ്ങളോട് പറഞ്ഞുവെന്നും വിനേഷ് വ്യക്തമാക്കി.
Also Read: അയോഗ്യയായതിന് വിനേഷ് രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയണമായിരുന്നു; യോഗേശ്വർ ദത്ത്