ജമ്മു/ പൂഞ്ച്: പതിമൂന്ന് ദിവസത്തിന് ശേഷം പൂഞ്ച്, രജൗരി അടക്കമുള്ള അതിര്‍ത്തി ജില്ലകളില്‍ വിദ്യാലയങ്ങള്‍ വീണ്ടും തുറന്നു. കുട്ടികള്‍ അവരവരുടെ വിദ്യാലയങ്ങളില്‍ തിരിച്ചെത്തി. ഇന്തോ-പാക് സംഘര്‍ഷത്തിന് ശേഷം മേഖല പൂര്‍വസ്ഥിതിയിലേക്ക് തിരികെ വരുന്നുവെന്നതിന്‍റെ സൂചനയാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും തങ്ങളുടെ വിദ്യാലയങ്ങളിലേക്ക് എത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. നിയന്ത്രണ രേഖയില്‍ ഉണ്ടായ പാക് ഷെല്ലിങില്‍ ഇവിടുത്തെ മൂന്ന് കുട്ടികളെയാണ് നഷ്‌ടമായത്.
തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് പേരെ കാണാതായതിന്‍റെ സങ്കടം രാവിലെ വിദ്യാലയത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ നിഴലിച്ച് നിന്നു. പല കോണുകളില്‍ നിന്നും തേങ്ങലുകള്‍ ഉയര്‍ന്നു. പലരുടെയും കണ്ണുകള്‍ നിറഞ്ഞു. പല കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി. പാക് ഷെല്ലിങില്‍ ജീവന്‍ നഷ്‌ടമായ ഇരട്ടക്കുട്ടികള്‍ സോയയും സെയിനും പഠിച്ചിരുന്നത് ഇവിടെയാണ്. വിഹാന്‍ ഭാര്‍ഗവ് എന്ന വിദ്യാര്‍ത്ഥിയും ഈ സ്‌കൂളിലായിരുന്നു.

ഇത്രയധികം നാശനഷ്‌ടങ്ങള്‍ക്ക് ശേഷം വിദ്യാലയം സാധാരണ നിലയിലേക്ക് തിരികെ വരിക എന്നത് ഏറെ പണിപ്പെട്ട കാര്യമാണെന്ന് പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ഷിസോ ഇടിവി ഭാരതിനോട് പറഞ്ഞു. തങ്ങളുടെ മൂന്ന് കുഞ്ഞുങ്ങളെയാണ് പാക് ഷെല്ലുകള്‍ കവര്‍ന്നെടുത്തത്. മരിച്ചവര്‍ക്ക് വേണ്ടി ഞങ്ങള്‍ രണ്ട് മിനിറ്റ് മൗനമാചരിച്ചു. അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകിച്ച് മരിച്ചു പോയ കുട്ടികളുടെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ചങ്ങാതിമാരില്ലാതെ ക്ലാസ്‌മുറികളിലേക്ക് പോകുക എന്നത് അത്ര എളുപ്പമായിരുന്നില്ല.
നേരത്തെ കുട്ടികള്‍ സ്‌കൂളിലെത്തിയാല്‍ കളിക്കുകയും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇന്ന് എല്ലാ കുഞ്ഞുങ്ങളും അതീവ സങ്കടത്തിലായിരുന്നു. ആരും എങ്ങും പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് കുട്ടികളെ പാഠഭാഗങ്ങള്‍ ഒന്നും പഠിപ്പിച്ചില്ല. അവരുടെ കൂട്ടുകാരുടെ വിയോഗത്തില്‍ അവരെ സങ്കടപ്പെടാന്‍ അനുവദിച്ചു. അവരുടെ നഷ്‌ടം നികത്താനാകില്ല. ഞങ്ങളുടെ നഷ്‌ടം വിവരിക്കാന്‍ വാക്കുകളില്ല. എങ്ങും ദുഃഖം തളംകെട്ടി നില്‍ക്കുകയാണ്. സ്‌കൂള്‍ മാനേജ്മെന്‍റും ഇന്ന് ഈ സാഹചര്യം അനുവദിച്ചുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
സോയയുടെ കൂട്ടുകാരി അഷ്‌മ തന്നെ ഒന്ന് ക്ലാസ് മാറ്റിത്തരണമെന്ന് അപേക്ഷിച്ചു. തന്‍റെ കൂട്ടുകാരിയോടൊപ്പമിരുന്നിടത്ത് അവളില്ലാതെ ഇരിക്കാന്‍ വയ്യെന്നാണ് ആ കുട്ടി കണ്ണീരോടെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് ആറിന് രാത്രിയിലാണ് പൂഞ്ച് നഗരത്തില്‍ വലിയ ഷെല്ലാക്രമണം പാകിസ്ഥാന്‍ സൈന്യം നടത്തിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പതിമൂന്ന് ജീവനുകള്‍ പൂഞ്ച് ജില്ലയില്‍ മാത്രം നഷ്‌ടപ്പെട്ടു. ക്രൈസ്റ്റ് സ്‌കൂളിന് നേര്‍ക്കും ഷെല്ലാക്രമണമുണ്ടായി. നിരവധി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വിദ്യാലയം തുറക്കുന്നതിന് മുന്‍പായി ഞങ്ങള്‍ക്ക് ഇതിനകത്ത് നിന്ന് ഷെല്ലുകളുടെ നിരവധി അവശിഷ്‌ടങ്ങള്‍ കിട്ടി. പൂര്‍ണമായും ശുചീകരിച്ച ശേഷമാണ് വിദ്യാലയം വീണ്ടും തുറന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പാക് ഷെല്ലാക്രമണം തുടങ്ങിയതോടെ അടച്ച അതിര്‍ത്തിയിലുള്ള എല്ലാ വിദ്യാലയങ്ങളും തുറക്കണമെന്ന് മെയ് പതിനഞ്ചിനാണ് ജമ്മുവിലെ വിദ്യാഭ്യാസ വകുപ്പ് മേധാവി ഉത്തരവിട്ടത്. മെയ് പതിമൂന്നിനും പതിനാലിനുമായി ചില വിദ്യാലയങ്ങള്‍ തുറന്നിരുന്നു. വിദ്യാലയങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് വരാന്‍ കുറച്ച് സമയം അനുവദിച്ചിട്ടുമ്ട്. മെയ് 19ഓടെ എല്ലാ വിദ്യാലയങ്ങളും തുറന്നിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
ഇന്ന് തുറന്ന മറ്റ് ചില വിദ്യാലയങ്ങളിലും വികാര നിര്‍ഭരമായ രംഗങ്ങള്‍ കാണാമായിരുന്നു. മാണ്ടി പൂഞ്ചിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മരിച്ചവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി. ഇതേ സ്‌കൂളിലെ ജീവനക്കാരനാണ് മരിച്ച ഇരട്ടകുട്ടികളായ സെയിന്‍റെയും സോയയുടെയും പിതാവ്.
ഇതിനിടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഇന്ന് ചില വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം പകരാനും അവര്‍ ശ്രമിച്ചു. അവരുടെ കര്‍ത്തവ്യങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിറവേറ്റാനും നിര്‍ദ്ദേശിച്ചു. മിക്ക വിദ്യാലയങ്ങളിലും ഹാജര്‍ നില കുറവായിരുന്നു. എങ്കിലും മിക്ക കുട്ടികളും ക്ലാസ് വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്.
വെടിനിര്‍ത്തല്‍ താത്ക്കാലികമാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത് കൊണ്ട് മിക്ക കുട്ടികളും വിദ്യാലയങ്ങളിലേക്ക് എത്താന്‍ മടിക്കുന്നുണ്ട്. സൈന്യം വിശദീകരണം നല്‍കുന്നുണ്ട്. വെടിനിര്‍ത്തലിന് കാലാവധിയില്ലെന്നും അവര്‍ പറയുന്നു.
നിയന്ത്രണ രേഖയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് പൂഞ്ച് നഗരം. ഇവിടെ ഇരുഭാഗത്തും വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്തോ-പാക് സംഘര്‍ഷം രൂക്ഷമാകുമ്പോഴെല്ലാം ഇവിടുത്തെ ജനങ്ങള്‍ വലിയ ദുരിതമാണ് നേരിടുന്നത്. ജീവനും വീടും ജീവിതോപാധികളുമെല്ലാം വന്‍ തോതില്‍ ഇവര്‍ക്ക് നഷ്‌ടമാകുന്നു.