ശ്രീനഗർ: പഹൽഗാം ഭീകര ആക്രമണത്തെ തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു. വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാനും പൊതുജന വിശ്വാസം പുനസ്ഥാപിക്കുന്നതിനുമായി എട്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് വീണ്ടും തുറന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുടെ പ്രഖ്യാപനത്തിനു ശേഷമാണ് ഈ കേന്ദ്രങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. മനോഹരമായ ബേതാബ് താഴ്വര, വെരിനാഗ്, കൊക്കർനാഗ്, അച്ചബാൽ മുഗൾ ഗാർഡനുകൾ, പഹൽഗാം പട്ടണത്തിലെ ഒന്നിലധികം പാർക്കുകൾ എന്നിവയാണ് വീണ്ടും തുറന്ന കേന്ദ്രങ്ങൾ.
വിവിധ രാഷ്ട്രീയ നേതാക്കളും വിനോദ സഞ്ചാരികളും തീരുമാനത്തെ സ്വാഗതം ചെയ്തു. ധാരാളം വിനോദ സഞ്ചാരികളും ഇവിടെ എത്തി തുടങ്ങിയിട്ടുണ്ട്.0 "സർക്കാരിൻ്റെ ഈ തീരുമാനം വളരെ ശരിയാണ്, ടൂറിസം ഇല്ലെങ്കിൽ ഇവിടുത്തെ നാട്ടുകാർ എങ്ങനെ ഈ ദുരന്തത്തെ അതിജീവിക്കും? മതിയായ സുരക്ഷയോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നിരിക്കുന്നത്. എല്ലാവരും ഇവിടം സന്ദർശിച്ച് ടൂറിസത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിക്കുകയാണ്" പഹൽഗാമിലെ ഒരു വനിതാ ടൂറിസ്റ്റ് അഭിപ്രായപ്പെട്ടു.
ശനിയാഴ്‌ച എൽജി സിൻഹ തൻ്റെ പഹൽഗാം സന്ദർശന വേളയിൽ എംഎൽഎമാർ, ഡിഡിസി ചെയർപേഴ്‌സൺമാർ , വൈസ് ചെയർപേഴ്‌സൺമാർ, ടൂർ ഓപ്പറ്റർമാർ, ഹോട്ടലുടമകൾ, മറ്റ് സംഘാടകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമഗ്രമായ സുരക്ഷാ അവലോകനത്തിന് ശേഷം മറ്റ് നിയന്ത്രണങ്ങൾ നീക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുന്ന തരത്തിൽ ഈ സ്ഥലങ്ങൾ വീണ്ടും തുറക്കണമെന്ന് താഴ്‌വരയിലെ ടൂറിസം മേഖലയിലുള്ളവർ ആവശ്യപ്പെട്ടിരുന്നു. പഹൽഗാം ആക്രമണവും ഇന്ത്യ-പാക് സംഘർഷവും ടൂറിസം വ്യവസായത്തിന് വലിയ ആഘാതം ഏൽപ്പിച്ചതായി ഇവർ അഭിപ്രായപ്പെട്ടു.
സർക്കാർ കണക്ക് പ്രകാരം 2021- ന് ശേഷം മൂന്ന് കോടിയിലധികം വിനോദസഞ്ചാരികൾ ഇവിടെ എത്തിയിട്ടുണ്ട്. പുതിയ ഹോട്ടലുകളും റെസ്‌റ്റോറന്‍റുകളും പ്രദേശത്ത് സ്ഥാപിക്കപ്പെട്ടു. നൂറുകണക്കിന് യുവാക്കൾ ഈ മേഖലയിൽ തൊഴിൽ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.