ചെന്നൈ: ഗവർണർ ആർഎൻ രവിയുമായും കേന്ദ്ര സർക്കാരുമായും ഉള്ള അഭിപ്രായ ഭിന്നതകൾ തുടരുന്നതിനിടെ സുപ്രധാന നീക്കവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെ കുറിച്ച് പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഇത് സംബന്ധിച്ച പ്രമേയം ഇന്നലെ (ഏപ്രിൽ 14) സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു.
തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിർദേശങ്ങളും ശുപാർശ ചെയ്യാനാണ് സമിതി രൂപീകരിച്ചത്. സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫാണ് സമിതിയുടെ അധ്യക്ഷൻ.
സംസ്ഥാനത്തിന്‍റെ അധികാര പരിധിയിൽ ഉണ്ടായിരുന്നതും പിന്നീട് കൺകറന്‍റ് ലിസ്റ്റിലേക്ക് മാറ്റിയതുമായ വിഷയങ്ങൾ സംസ്ഥാന സർക്കാരിന്‍റെ പരിധിയിലേക്ക് തന്നെ കൊണ്ടുവരുന്നതുൾപ്പെടെ പരിശോധിക്കാനാണ് സമിതിയ്ക്ക് നിർദേശം. കമ്മിറ്റി 2026 ജനുവരിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നും ശുപാർശകളുള്ള അന്തിമ റിപ്പോർട്ട് രണ്ട് വർഷത്തിനുള്ളിൽ സമർപ്പിക്കുമെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് വർധൻ ഷെട്ടിയും സംസ്ഥാന ആസൂത്രണ കമ്മിഷൻ മുൻ വൈസ് ചെയർമാൻ എം നാഗനാഥനും സമിതിയിൽ ഉണ്ട്. അന്തരിച്ച മുഖ്യമന്ത്രി എം കരുണാനിധി സഭയിൽ സമാനമായ പാനലുകൾ രൂപീകരിച്ചിരുന്നു.