ഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരെ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുകളില്‍, അത് അല്ലാതാക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. വഖഫ് ആയ സ്വത്തുക്കള്‍ അങ്ങിനെ തന്നെ തുടരണമെന്നും കോടതി വ്യക്തമാക്കി. വഖഫ് കൗണ്‍സിലില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ മുസ്‌ലിംകള്‍ തന്നെയായി തുടരണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർജികളില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളും സുപ്രീം കോടതി ഉന്നയിച്ചു.
മുസ്‌ലിങ്ങളെ ഹിന്ദു ട്രസ്റ്റുകളുടെ ഭാഗമാക്കാൻ അനുവദിക്കുമോ എന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ഉയര്‍ത്തിയ സുപ്രധാന ചോദ്യം. വഖഫ് നിയമത്തിൻ്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
'നിയമത്തിൻ്റെ രണ്ട് വശങ്ങളും ഇരുകക്ഷികളോടും ചോദിക്കാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി അത് പരിഗണിക്കണോ അതോ ഹൈക്കോടതിക്ക് വിടണോ? രണ്ടാമതായി യഥാർഥത്തിൽ എന്താണ് ഹർജിക്കാർ ആവശ്യപ്പെടുന്നതെന്ന് ചുരുക്കത്തിൽ ചൂണ്ടിക്കാണിക്കണം' എന്ന് ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലായിരുന്നു ഹാജരായത്. ഇസ്‌ലാം മതപ്രകാരമുള്ള അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിനെന്ത് അധികാരം? പാർലമെൻ്ററി അധികാരത്തിലൂടെ മതാചാരത്തിൽ ഇടപെട്ടുവെന്നും ഇത് അനുച്ഛേദം 26ൻ്റെ ലംഘനമെന്നും കപിൽ സിബൽ വാദിച്ചു. മതപരമായ ആചാരങ്ങൾ ഭരണഘടന അവകാശമെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡില്‍ മുമ്പ് മുസ്‌ലിങ്ങൾ മാത്രമേ ഭാഗമായിരുന്നുള്ളൂ. ഇപ്പോൾ ഹിന്ദുക്കൾക്കും ഒരു ഭാഗമാകാം. വഖഫ് കൗൺസിലിൽ മുസ്‌ലിം ഇതര മതസ്ഥരെ ഉൾപ്പെടുത്തുന്നത് ആർട്ടിക്കിൾ 26ൻ്റെ നേരിട്ടുള്ള ലംഘനമാണെന്ന് കപിൽ സിബൽ പറഞ്ഞു. മുസ്‌ലിം ഇതര മതസ്ഥരുടെ പ്രാതിനിധ്യം അനുവദിക്കുന്ന 2025ലെ വഖഫ് നിയമം ഈ രാജ്യത്തെ 200 ദശലക്ഷം വ്യക്തികളുടെ വിശ്വാസത്തിന് മേലുള്ള അനധികൃത കയ്യേറ്റമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ മതത്തിൽ അനന്തരാവകാശം എങ്ങനെയായിരിക്കണമെന്ന് പറയാൻ സംസ്ഥാനങ്ങൾ ആരാണെന്ന് കപിൽ സിബൽ സുപ്രീം കോടതിയിൽ ചോദിച്ചു. പാർലമെൻ്റ് മുസ്‌ലിങ്ങൾക്കായി ഒരു നിയമം പാസാക്കിയിട്ടുണ്ട്. അനുച്ഛേദം 26 എല്ലാവർക്കും ബാധകമാണെന്ന് സിബലിനെ എതിർത്തുകൊണ്ട് ചീഫ് ജസ്റ്റിസ് ഖന്ന പറഞ്ഞു. അതേസമയം, ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ നാളെ രണ്ട് മണിക്ക് വീണ്ടും തുടരും.
കേന്ദ്രം അടുത്തിടെ വഖഫ് നിയമം വിജ്ഞാപനം ചെയ്യുകയും ഇരുസഭകളിലെയും ചർച്ചകൾക്ക് ശേഷം ഏപ്രിൽ 5ന് പാർലമെൻ്റ് പാസാക്കിയ ബില്ലിന് പ്രസിഡൻ്റ് ദ്രൗപതി മുർമു അംഗീകാരം നൽകിയിരുന്നു. രാജ്യസഭയിൽ 128 അംഗങ്ങൾ അനുകൂലിക്കുകയും 95 അംഗങ്ങൾ എതിർക്കുകയും ചെയ്‌തിരുന്നു. ഭൂരിപക്ഷത്തിൻ്റെ പിന്തുണയിൽ ബിൽ രാജ്യസഭയിൽ പാസായി. ലോക്‌സഭയിൽ 288 അംഗങ്ങൾ പിന്തുണക്കുകയും 232 അംഗങ്ങൾ എതിർക്കുകയും ചെയ്‌തിരുന്നു. അങ്ങനെ ലോക്‌സഭയിലും പാസായിരുന്നു.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി), ജമിയത്ത് ഉലമ-ഇ-ഹിന്ദ്, ദ്രാവിഡ മുന്നേട്ര കഴകം (ഡിഎംകെ), കോൺഗ്രസ് എംപിമാരായ ഇമ്രാൻ പ്രതാപ്‌ഗർഹി, മുഹമ്മദ് ജാവേദ്, സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം എന്നിവരുടെ ഹർജികൾ ഉൾപ്പെടെ 72 ഹർജികളാണ് നിയമത്തിൻ്റെ സാധുത ചോദ്യം ചെയ്‌ത് സമർപ്പിച്ചിട്ടുള്ളത്.