കുരുക്ഷേത്ര: നമുക്ക് ഒരോരുത്തർക്കും വ്യത്യസ്‌തമായ കഴിവുകളുണ്ട്. അങ്ങനെ വ്യത്യസ്‌തമായ കഴിവുള്ള ഒരാളെ പരിചയപ്പെട്ടാലോ?. കുരുക്ഷേത്ര സർവകലാശലയിൽ ഒരു യുവ കലാകാരിയുണ്ട്. പേര് ഭാരതി... ഭാരതി നന്നായി ചിത്രം വരക്കും, പക്ഷെ പ്രത്യേകത എന്താണെന്നല്ലേ? പറയാം, ഭാരതിക്ക് കൈകളില്ല... പകുതി മുറിച്ചുമാറ്റിയ കൈകളും, കാലുകളും, വായയും ഉപയോഗിച്ചാണ് ഭാരതി ചിത്രം വരക്കുന്നത്.
കുരുക്ഷേത്ര സർവകലാശാലയിൽ ഫൈൻ ആർട്ട്സിൽ ബിരുദാനദര ബിരുദം പഠിക്കുകയാണ് ഭാരതി ഇപ്പോൾ. കാലാകാരൻമാരെയും ആസ്വാദകരെയും ഒരുപോലെ ആകർഷിച്ച നിരവധി കലാസൃഷ്‌ടികളുണ്ട് ഭാരതിക്ക് സ്വന്തമായി. പണ്ട് കുട്ടിയായിരിക്കെയാണ് ഭാരതിയുടെ ജീവിതം മാറ്റി മറിക്കുന്ന ആ സംഭവം ഉണ്ടാവുന്നത്. അറിയാതെ സ്‌പർശിച്ച സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ ഭാരതിയെ ആശുപത്രിയിലെത്തിച്ചു.

രണ്ട് കൈകളും മുറിച്ചുമാറ്റുകയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് ഡോക്‌ടർ പറഞ്ഞു. "വളരെ ചെറുപ്പമായതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ സാധിച്ചില്ല. പക്ഷേ യാഥാർഥ്യം മനസിലായപ്പോൾ ഞാൻ എൻ്റെ വിധി അംഗീകരിച്ചു. പക്ഷേ ഒരിക്കലും പരാജയപ്പെട്ട മനസോടയല്ല. മറിച്ച് എൻ്റെ മുഴുവൻ ശക്തിയോടെയും..." ഭാരതി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉത്തരാഖണ്ഡിലെ നൈനിറ്റാളിനടുത്തുള്ള രാംനഗറിലാണ് ഭാരതി താമസിക്കുന്നത്. അച്ഛൻ നഷ്‌ടപ്പെട്ട ഭാരതിക്ക് അമ്മയും സഹോദരങ്ങളുമാണ് ഉള്ളത്. അമ്മ വീട്ടമ്മയാണ്. പഠിക്കണമെന്നും ഒരു കരിയർ കണ്ടെത്തണമെന്നും തനിക്കറിയാമായിരുന്നു. തൻ്റെ കുടുംബത്തെ പരിപാലിക്കാനും തൻ്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും താൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്ന് ഭാരതി പറഞ്ഞു.

നിരാശക്ക് വഴങ്ങാതെ ഭാരതി തൻ്റെ വിദ്യാഭ്യാസം തുടർന്നു. പരസഹായമില്ലാതെ ദൈനംദിന ജോലികൾ ചെയ്യാൻ പഠിച്ചു. പത്താം ക്ലാസിന് ശേഷം അവളുടെ ഒരു അധ്യാപകനാണ് അവൾക്ക് ഫൈൻ ആർട്‌സ് പരിചയപ്പെടുത്തുന്നത്. അത് അവളുടെ ജിവിതത്തിലെ മറ്റെരു വഴിത്തിരിവായിരുന്നു. പിന്നീട് അതിനുവേണ്ടിയുള്ള ശ്രമങ്ങളെല്ലാം പരീക്ഷണങ്ങളിലൂടെ ആരംഭിച്ചു. തൻ്റെ കാലുകളും വായയും ചിത്രം വരക്ക് ഉപയോഗിക്കാൻ അവൾ ശ്രമിച്ചു. കാലക്രമേണ അതിൽ ഭാരതി വിജയികുകയും ചെയ്‌തു.
ഇന്ന് ഭാരതി തൻ്റെതായ ഒരു സ്ഥാനം നേടികഴിഞ്ഞു. കഴിവുള്ള ഒരു കലാകാരി എന്നതിലുപരി അവൾ ഒരു പ്രചോദനമാണ്. ഭാരതിയുടെ ചിത്രങ്ങളെല്ലാം നമ്മുക്ക് ചുറ്റുമുള്ള ജീവിതങ്ങളുടെ സൗന്ദര്യങ്ങളെ കുറിച്ചാണ്. ചണ്ഡീഗഢ്, അമൃത്സർ, ഡൽഹി എന്നിവിടങ്ങളിലെല്ലാം ഭാരതിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. "വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ എനിക്ക് എൻ്റെ സ്വന്തം പ്രകൃതിദത്ത നിറങ്ങൾ ഒരുക്കേണ്ടതുണ്ട്. കലയിലൂടെ നമ്മുടെ സംസ്‌കാരം എപ്പോഴും സംരക്ഷിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം" ഭാരതി പറഞ്ഞു.
ഭാരതിയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. സ്വന്തം നാട്ടിൽ വരുമ്പോഴെല്ലാം അവൾ കുട്ടികളെ ചിത്ര രചന പഠിപ്പിക്കും. തൻ്റെ കഴിവുകൾ യുവതലമുറയ്ക്ക് കൈമാറണം. അവർ വലിയ സ്വപ്‌നങ്ങൾ കാണുകയും കലയെ അവരുടെ ശക്തിയാക്കുകയും ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ഭാരതി പറഞ്ഞു.

കുരുക്ഷേത്ര സർവകലാശാലയിലെ പ്രൊഫസർമാർക്കും സഹപാഠികൾക്കും ഭാരതിയുടെ കഴിവിനെ അംഗീകരിക്കാൻ വാക്കുകളില്ല. കൈകൾ ഉള്ളവർക്ക് പോലും ഭാരതിയുടെ സൃഷ്‌ടികളിലെ മികവ് കാണാൻ കഴിഞ്ഞേക്കില്ല. അവൾ വിദ്യാർഥികളെ മാത്രമല്ല ഫാക്കൽറ്റി അംഗങ്ങളെയും പ്രചോദിപ്പിക്കുന്നുവെന്ന് ഫൈൻ ആർട്‌സ് വിഭാഗം മേധാവി ഡോ. ഗുരു ചരൺ സിങ് പറഞ്ഞു. നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് ചെയ്യാൻ കഴിയാത്തത് അവൾ ചെയ്‌തിട്ടുണ്ട്, അവൾ സാധ്യതകളാൽ നിറഞ്ഞവളാണെന്ന് ഭാരതിയെകുറിച്ച് സഹപാഠിയായ തനിഷ പറഞ്ഞു.
ഒരു പഴഞ്ചൊല്ലുണ്ട് "മനസ്സ് തളരുന്നില്ലെങ്കിൽ ശരീരം പിന്തുടരും" ഭാരതി അതിന് മികച്ച ഒരു ഉദാഹരണമാണ്. പരിമിതികളെ വിധിയായി അംഗീകരിച്ച് മാറി നിന്നാൽ നമ്മൾ എവിടെയും എത്തില്ല. മറിച്ച് അതിനെ ഒരു അവസരമായി കണ്ട് മുന്നോട്ട് പോവുക. ഉറപ്പായും വിജയം കൈവരിക്കുക തന്നെ ചെയ്യും...
Also Read: തോരാപെയ്ത്തില്‍ മുങ്ങി ബെംഗളൂരു; ജനങ്ങൾ ദുരിതത്തിൽ