ബെംഗളൂരു : എട്ട് വർഷത്തിന് ശേഷം ആർസിബിയുടെ കരങ്ങളിലേക്കെത്തിയ ഐപിഎല്‍ വിജയ കിരീടം, രാജ്യമെമ്പാടുമുള്ള റോയല്‍ ചലഞ്ചേസ് ബെംഗളൂരു ആരാധകരുടെ ആഘോഷങ്ങള്‍ക്ക് അതിരുണ്ടായിരുന്നില്ല. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ആർസിബി ആരാധകർ വിജയാഘോഷങ്ങള്‍ക്കായി തടിച്ച് കൂടി.
35000 പേർക്ക് ഒത്തുകൂടാൻ ഇടമുള്ള സ്റ്റേഡിയം, എത്തിയതാകട്ടെ മൂന്ന് ലക്ഷത്തിലധികം ആളുകളും. ഫ്രീ പാസ് ആയിരുന്നതിനാല്‍ കണക്കില്‍ കൂടുതല്‍ പേർ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി. പിന്നെ സംഭവിച്ചത് രാജ്യത്തെ നടുക്കിയ വലിയ ദുരന്തമാണ്. 11 പേർക്ക് ജീവൻ നഷ്‌ടമാകുകയും 30ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെയാണ്; വിജയാഘോഷത്തിന് പലരും സ്റ്റേഡിയത്തിലേക്ക് എത്തിയത് ടിക്കറ്റോടെയാണ്. എന്നാല്‍ അതിലേറെ പേർ ടിക്കറ്റില്ലാതെയും എത്തി. ഉള്‍ക്കൊള്ളാവുന്നതിലും അധികം പേർ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി വഷളായത്.
ഉന്തും തള്ളുമായി ആരാധകർ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാൻ തുടങ്ങിയതോടെ സംഘർഷം ഉടലെടുത്തു. ഇതിനിടെ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് കടക്കാൻ ശ്രമിച്ച ചിലർ നിലത്ത് വീണു. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 33 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. മരിച്ചവരില്‍ സ്‌ത്രീകളും പുരുഷന്മാരും കുട്ടികളും വിദ്യാർഥികളും ഉള്‍പ്പെടുന്നു.
'ഇന്നലെ വൈകുന്നേരമാണ് (ചൊവ്വാഴ്‌ച) മത്സരം നടന്നത്, ഇന്ന് ഈ പരിപാടി ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ചതാണ്, അതിനാൽ ഇത്രയധികം ആളുകൾ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്നത്ര, ചിലപ്പോള്‍ അതിനെക്കാള്‍ അല്‍പം കൂടുതല്‍ പേർ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.' -സിദ്ധരാമയ്യ ഇന്നലെ പറഞ്ഞു.
'സ്റ്റേഡിയത്തിന് ചെറിയ ഗേറ്റുകളുണ്ട്. ഗേറ്റുകള്‍ വഴിയാണ് ആളുകള്‍ അകത്ത് കടന്നത്. ഗേറ്റുകള്‍ തകർക്കപ്പെട്ടിട്ടുണ്ട്. ഇത്രയധികം ആളുകൾ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. അന്വേഷണം വസ്‌തുതകൾ പുറത്തുകൊണ്ടുവരും.' -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ (ജൂണ്‍ 4) രാവിലെ 11.56ന് ബെംഗളൂരു ട്രാഫിക് പൊലീസ് സ്റ്റേഡിയത്തിൽ അനുമോദന ചടങ്ങ് മാത്രം സംഘടിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വൈകിട്ട് 5 മണിക്ക് വിജയാഘോഷവുമായി ബന്ധപ്പെട്ട് പരേഡും ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിപാടിയും നടക്കുമെന്ന് 3.15ഓടെ ആർസിബി ടീമിന്‍റെ മാനേജ്‌മെന്‍റ് പ്രഖ്യാപിക്കുകയായിരുന്നു. shop.royalchallengers.com ൽ സൗജന്യ പാസുകൾ (നിശ്ചിത എണ്ണം മാത്രം) ലഭ്യമാണെന്നും മാനേജ്‌മെന്‍റ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
എന്നാല്‍ പരേഡ് നടത്താൻ പറ്റില്ലെന്നും ടിക്കറ്റ് ഉള്ളവർക്ക് മാത്രം സ്റ്റേഡിയത്തില്‍ പ്രവേശിക്കാമെന്നും പൊലീസ് കർശനമായി പറഞ്ഞതോടെ സ്റ്റേഡിയത്തിന് പുറത്ത് വലിയ തോതില്‍ ആരാധകർ തടിച്ച് കൂടുകയായിരുന്നു. പലരും ഗേറ്റ് ചാടി കടന്നു എന്നും പൊലീസ് പറഞ്ഞു. പൊലീസ് കണക്കനുസരിച്ച് ഏകദേശം 50,000 പേർ ഒരു കിലോമീറ്റർ ചുറ്റളവിൽ തടിച്ച് കൂടിയിരുന്നു. വീണ്ടും വീണ്ടും ആളുകള്‍ കൂടിക്കൂടി വന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു. സംഭവം കൂടുതല്‍ വഷളാകാതിരിക്കാൻ കബ്ബൺ പാർക്ക്, ഡോ. ബി.ആർ അംബേദ്‌കർ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ലെന്ന് ബെംഗളൂരു മെട്രോയ്‌ക്കും ഒടുക്കം പ്രഖ്യാപിക്കേണ്ടി വന്നു.