ചെന്നൈ : രാഷ്ട്രപതിയും ഗവർണർമാരും സംസ്ഥാന ബില്ലുകളിൽ തീരുമാനമെടുക്കേണ്ട സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ സമീപകാല പരാമർശത്തിൽ ആശങ്ക പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് സ്റ്റാലിൻ കത്തയച്ചു. ഭരണഘടന അത്തരം സമയപരിധി വ്യക്തമാക്കിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രപതി കോടതിയെ ചോദ്യംചെയ്തത്.
ഇത്തരം പരാമർശങ്ങളെ എതിർക്കാനും ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കുന്നതിന് ഐക്യം കാണിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് സ്റ്റാലിൻ മറ്റ് മഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ പറയുന്നത്. 'നമ്മുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി ചരിത്രപരമായ വിധിന്യായത്തിൽ ഉയർത്തിപ്പിടിച്ചതുപോലെ, കോടതിക്ക് മുന്നിൽ ഒരു ഏകോപിത നിയമ തന്ത്രം ചിട്ടപ്പെടുത്തുകയും ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കുകയും ചെയ്യുന്നതിന് ഒരു ഐക്യമുന്നണി രൂപീകരിക്കണം. ഈ സുപ്രധാന വിഷയത്തിൽ നിങ്ങളുടെ ഇടപെടൽ പ്രതീക്ഷിക്കുന്നു' -സ്റ്റാലിൻ കത്തിൽ പറഞ്ഞു.
14 ചോദ്യങ്ങൾ രാഷ്ട്രപതി മുർമു സുപ്രീം കോടതിക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. തമിഴ്‌നാട് സംസ്ഥാനം vs തമിഴ്നാട് ഗവർണർ' കേസിൽ കോടതിയുടെ കണ്ടെത്തലുകളെ വെല്ലുവിളിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ചോദ്യങ്ങളെന്ന് സ്റ്റാലിൻ ആരോപിച്ചു.
'ഈ പരാമർശം ഏതെങ്കിലും സംസ്ഥാനത്തെയോ വിധിന്യായത്തെയോ പ്രത്യേകമായി പരാമർശിക്കുന്നില്ലെങ്കിലും, തമിഴ്‌നാട് സംസ്ഥാനം vs. തമിഴ്നാട് ഗവർണർ എന്ന കേസിൽ സുപ്രീം കോടതിയുടെ നിയമത്തെയും ഭരണഘടനയുടെ വ്യാഖ്യാനത്തെയും കുറിച്ചുള്ള കണ്ടെത്തലുകളെ ചോദ്യം ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുളളതാണ്' -സ്റ്റാലിൻ കത്തിൽ പറയുന്നു.
സുപ്രീം കോടതി വിധിയെ "ചരിത്രപരം" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പാസാക്കുന്ന നിയമങ്ങൾ തടഞ്ഞുവക്കുന്നതിൽ നിന്ന് ഗവർണർമാരെ തടയുന്നതിലൂടെയും തമിഴ്‌നാടിന് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങൾക്കും ഒരു വിജയമാണിതെന്ന് പറഞ്ഞു.
'എന്‍റെ സർക്കാർ നേടിയ ഈ ചരിത്രപരമായ വിധി എന്‍റെ സംസ്ഥാനത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ളതാണ്, കാരണം ഇത് ഫെഡറൽ ഘടനയെയും സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഇടയിലുള്ള അധികാര വിതരണത്തെയും ഇത് ഉയർത്തിപ്പിടിക്കുന്നു, അങ്ങനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകൾ നടപ്പിലാക്കുന്ന നിയമനിർമ്മാണങ്ങളെ കേന്ദ്രത്തിൽ നിന്ന് നിയമിച്ചതും തെരഞ്ഞെടുക്കപ്പെടാത്ത നേതാവുമായ ഗവർണർ തടസ്സപ്പെടുത്തുന്നത് തടയുന്നു,' -സ്റ്റാലിൻ കൂട്ടിച്ചേർത്തു.
'പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ പാസാക്കുന്ന ബില്ലുകൾ വൈകിപ്പിക്കാനോ തടയാനോ ആണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപയോഗിക്കുന്നതനെന്ന് അദ്ദേഹം ആരോപിച്ചു. 'ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതിന് ഗവർണർമാരെ എങ്ങനെ ഉപയോഗിച്ചുവെന്നതിന് നാമെല്ലാവരും സാക്ഷികളാണ്. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ അവർ കാലതാമസം വരുത്തുന്നു, സാധുവായ ഭരണഘടനാപരമോ നിയമപരമായതോ ആയ കാരണങ്ങളില്ലാതെ അനുമതി നിഷേധിക്കുന്നു... ഭരണഘടന ചില വിഷയങ്ങളിൽ മൗനം പാലിക്കുന്നു എന്ന വസ്തുത മുതലെടുത്താണ് അവർക്ക് അങ്ങനെ ചെയ്യുന്നത്, കാരണം ഉയർന്ന ഭരണഘടനാ പദവികൾ വഹിക്കുന്നവർ ഭരണഘടനാ ധാർമ്മികതയ്ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഭരണഘടനാ ശിൽപികൾ വിശ്വസിച്ചിരുന്നു,' -സ്റ്റാലിൻ പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരം ഗവർണർ പ്രവർത്തിക്കണമെന്നും അത് അനിശ്ചിതമായി വൈകിപ്പിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. നിയമസഭ രണ്ടാമതും ഒരു ബിൽ അയച്ചാൽ ഗവർണർമാർക്ക് അംഗീകാരം തടയാൻ കഴിയില്ലെന്നും, ആർട്ടിക്കിൾ 200, 201 പ്രകാരം ഗവർണറും രാഷ്ട്രപതിയും ബില്ലുകളിൽ നടപടിയെടുക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഈ നിർണായക ഘട്ടത്തിൽ, ബിജെപിയെ എതിർക്കുന്നവരും നമ്മുടെ ഫെഡറൽ ഘടനയും സംസ്ഥാന സ്വയംഭരണവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരുമായ എല്ലാ സംസ്ഥാന സർക്കാരുകളോടും പ്രാദേശിക പാർട്ടികളുടെ നേതാക്കളോടും വരാനിരിക്കുന്ന നിയമപോരാട്ടത്തിൽ ഒന്നിക്കാൻ ഞാൻ ആഹ്വാനം ചെയ്തിരുന്നു. സുപ്രീം കോടതിയുടെ മുമ്പാകെ രാഷ്ട്രപതി ആവശ്യപ്പെട്ട ഈ പരാമർശത്തെ എതിർക്കാൻ നിങ്ങൾ തയാറാകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.' -സ്റ്റാലിൻ കത്തിൽ പറഞ്ഞു.
Also Read: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ആക്ഷേപകരമായ പരാമർശമെന്ന് ആരോപണം; അശോക സർവകലാശാല പ്രൊഫസർ അറസ്റ്റിൽ