ഹൈദരാബാദ്: ജീവിത പ്രതിസന്ധികളോട് തളരാതെ പടപൊരുതി വിജയം കൈപ്പിടിയിലൊതുക്കി സമൂഹത്തിന് മാതൃകയായ സ്‌ത്രീ മുന്നേറ്റ കഥകള്‍ക്ക് ഉത്തമ ഉദാഹരണമാണ് തെലങ്കാനയിലെ ജംഗം ജ്യോതി സിരിഷ. കുട്ടിക്കാലം തൊട്ട് അനുഭവിക്കുന്ന വേദനകളെല്ലാം കടിച്ചമര്‍ത്തി സിരിഷ നേടിയത് തന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന സര്‍ക്കാര്‍ ജോലി. എന്നാല്‍ ഒന്നും രണ്ടുമല്ല അഞ്ച് അവസരങ്ങളാണ് അവളെ തേടിയെത്തിയത്.
സിരിഷയുടെ നേട്ടങ്ങളെ കുറിച്ചെല്ലാം വിശദമായി തന്നെ പറയാം. എന്നാല്‍ അതിന് മുമ്പ് അവളെ തേടിയെത്തിയ ആ പ്രതിസന്ധികളെ കുറിച്ച് പറയാം. കുട്ടിക്കാലത്താണ് ജ്യോതിക്ക് അപൂർവ ജനിതക വൈകല്യമായ സിക്കിൾ സെൽ അനീമിയ എന്ന രോഗം ബാധിച്ചത്. കൈയിലും കാലിലും വീക്കവും വേദനയും വൃക്ക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ബെഡ് വെറ്റിങ് തുടർച്ചയായ അണുബാധ ഇവയെല്ലാമാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾ. ഇവയെല്ലാം സഹിച്ചാണ് തന്‍റെ സ്വപ്‌നത്തിലേക്ക് അവൾ ചിറക് വിരിച്ച് പറന്നെത്തിയത്.
വേദനയിൽ പതറാതെ തനിക്കും ജീവിക്കണമെന്ന ദൃഢനിശ്ചയമാണ് അവള്‍ക്ക് ഈ വിജയം നേടിക്കൊടുത്തത്. പുസ്‌തകങ്ങളെ വളരെയധികം ഇഷ്‌ടപ്പെടുന്ന ആ പെൺകുട്ടി തന്‍റെ വേദനകൾ മറന്നത് വായനയിലൂടെയാണ്. താൻ വായിച്ച പല പുസ്‌തകങ്ങളും തന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്ന് ജ്യോതി സിരിഷ പറഞ്ഞു. വേദന സഹിക്കുക എന്നത് അത്ര എളുപ്പമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
'നിർമാണ തൊഴിലാളിയായ അച്‌ഛനും കർഷകയായ അമ്മയും വളരെയധികം കഷ്‌ടപ്പെട്ടാണ് എന്നെ ചികിത്സിച്ചത്. എന്‍റെ മാതാപിതാക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതും ഇടയ്ക്കിടെ ആശുപത്രി സന്ദർശനങ്ങൾ നടത്തുന്നതും കണ്ടാണ് ഞാൻ എന്‍റെ കുട്ടിക്കാലം ചെലവഴിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് ജനിതക രക്ത വൈകല്യം കണ്ടെത്തി. രോഗത്തെ അതിജീവിക്കുന്നതിനായി പതിവായി എനിക്ക് രക്തം മാറ്റിക്കൊണ്ടിരിക്കേണ്ടി വന്നുവെന്ന്' ജ്യോതി സിരിഷ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തനിക്ക് രോഗം മൂർച്‌ഛിച്ച സാഹചര്യത്തിൽ പഠനം തുടരേണ്ടതില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഈ വേദനയിൽ പഠിക്കാനാകില്ലെന്നും പരീക്ഷയിൽ വിജയിക്കാൻ കഴിയില്ലെന്നും പറഞ്ഞ് പഠനം തുടരുന്നതിൽ നിന്നും അവരെല്ലാം ജ്യോതിയെ പിന്തിരിപ്പിച്ചു.
എന്നാൽ അസുഖം വന്നാൽ പഠിക്കാനാകില്ല എന്ന അവരുടെ ചിന്താഗതിയിൽ മാറ്റം വരുത്തണമെന്ന് ജ്യോതിയും മനസിലുറപ്പിച്ചു. സർക്കാർ നടത്തുന്ന ഗുരുകുൽ സ്‌കൂളുകളിൽ പഠിച്ചു, ഒസ്‌മാനിയ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി, പിന്നീട് ടിടിസിയും ബിഎഡും ജ്യോതി പൂർത്തിയാക്കി.
തന്‍റെ മാതാപിതാക്കളാണ് തന്‍റെ വിജയത്തിന് പിന്നിലെന്ന് ജ്യോതി പറഞ്ഞു. അവരുടെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ ഒരിക്കലും ഈ വിജയം കൈവരിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല. മാതാപിതാക്കൾ മാത്രമല്ല തന്‍റെ മറ്റ് ചില സുഹൃത്തുക്കളും തന്നെ പ്രോത്സാഹിപ്പിക്കുകയും തനിക്ക് പിന്തുണ നൽകുകയും ചെയ്‌തിരുന്നുവെന്ന് ജ്യോതി പറഞ്ഞു. അതാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
മെറിറ്റിലൂടെ നിരവധി ജോലി ഓഫറുകൾ തനിക്ക് ലഭിച്ചതായും ജ്യോതി വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് ജ്യോതി ഗ്രൂപ്പ് 4 പരീക്ഷയിൽ യോഗ്യത നേടിയത്, ഗുരുകുൽ ടിജിടി റിക്രൂട്ട്‌മെന്‍റും അവർ പാസായിരുന്നു. എന്നാൽ ഡിഎസ്‌സി പരീക്ഷ വിജയകരമായി പാസായ ശേഷം സോഷ്യൽ സ്‌റ്റഡീസ് സ്‌കൂൾ അസിസ്‌റ്റന്‍റ് ജോലി നേടാനാണ് ജ്യോതി ഇഷ്‌ടപ്പെട്ടത്.
ജോലിയിലിരിക്കെ, ഐസിഡിഎസ് എക്‌സ്‌റ്റൻഷൻ ഓഫിസർ പരീക്ഷയിലും അവർ വിജയിച്ചു. എന്നാൽ തെലങ്കാന സ്‌റ്റേറ്റ് പബ്ലിക് സർവീസ് കമ്മിഷൻ ഗ്രൂപ്പ് 1 പട്ടികയിൽ യോഗ്യത നേടിയതാണ് ജ്യോതിയുടെ ജീവിതത്തിൽ ഏറ്റവും അഭിമാനകരമായത്. അതിൽ അവർ 450.5 എന്ന ശ്രദ്ധേയമായ സ്കോറോടെ 604ാം റാങ്ക് നേടി.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികളിൽ 25ാം റാങ്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളിൽ 7ാം റാങ്കും സ്വന്തമാക്കാൻ ജ്യോതിക്ക് സാധിച്ചു. 'നിരന്തരമായ ചികിത്സയിലൂടെ എനിക്ക് ഇപ്പോൾ സുഖം തോന്നുന്നുണ്ട്. പ്രധാനപ്പെട്ട പരീക്ഷകളിൽ ഞാൻ വിജയിച്ചു. എന്നാൽ സിവിൽ സർവീസാണ് എന്‍റെ ലക്ഷ്യം. സിവിൽ സർവീസ് പരീക്ഷ പാസായി രാജ്യത്തെ സേവിക്കാൻ കഴിയണമെന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം' എന്ന് ജ്യോതി വ്യക്തമാക്കി.