പരമ്പരാഗതമായി സ്‌ത്രീകളെ സമാധാനകാംക്ഷികളും അടക്കവും ഒതുക്കവും ഉള്ളവരായാണ് വാര്‍ത്തെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി നമ്മുടെ രാജ്യത്ത് സ്‌ത്രീകള്‍ അരുംകൊലകള്‍ നടത്തി തലക്കെട്ടുകള്‍ സൃഷ്‌ടിക്കുന്നു. മിക്ക സംഭവങ്ങളിലും സ്വന്തം ഭര്‍ത്താക്കന്‍മാര്‍ തന്നെയാണ് ഇവരുടെ ഇരകള്‍. ചിലപ്പോഴൊക്കെ മക്കളും.
ഇടിവി ഭാരത് കേരള വാട്‌സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു വിവാഹേതര ബന്ധവും കൊല്ലാന്‍ തയാറായ കാമുകനുമാണ് മിക്ക സംഭവങ്ങളിലും പൊതുവായി കാണാനാകുന്നത്. മുന്‍പൊക്കെ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായാണ് പുറത്ത് വന്നിരുന്നതെങ്കില്‍ ഇപ്പോഴിത് നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. ഇക്കൊല്ലം കുറഞ്ഞത് ആറ് ഭര്‍ത്താക്കാന്‍മാരെയെങ്കിലും ഭാര്യമാര്‍ കൊലപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്ത് വന്നു. ഇത് പെട്ടെന്ന് സംഭവിച്ച് പോകുന്ന കുറ്റകൃത്യങ്ങളല്ല, മറിച്ച് ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ്. ഭര്‍ത്താവില്ലാതെ ഒരു പുതുജീവിതം എന്നതിനോട് തോന്നുന്ന ആകര്‍ഷണമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം.
ഇപ്പോള്‍ രാജ്യത്ത് ആകെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് രാജ രംഘുവശിയുടെയും സോനം രഘുവംശിയുടെയും കാര്യം. നവദമ്പതികളുടെ മധുവിധുവിലാരംഭിച്ച് രാജ്യത്തെയാകെ നടുക്കിയ ഒരു അരുംകൊലയില്‍ അവസാനിച്ച സംഭവങ്ങള്‍. രാജയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ദുരൂഹത ആരംഭിക്കുന്നത്. ഷില്ലോങിലെ ഒരു അഗാധമായ ഒരു കൊക്കയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ കയ്യിലുണ്ടായിരുന്ന ടാറ്റുവാണ് മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്. ഇതൊരു മരണമായിരുന്നല്ല കൊലപാതകമാണെന്നാണ് ആരോപണം. ഏതായാലും രാജ കൊക്കയില്‍ വീണ് മരിച്ചതാണോ കൊല്ലപ്പെട്ടതാണോ എന്നറിയണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.
ഭാര്യ സോനത്തെ കാണാതായിരിക്കുന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം സോനം പൊലീസില്‍ കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്‍മാരും അറസ്റ്റിലായിട്ടുണ്ട്. സോനം രാജ രഘുവംശിയെ കൊല്ലാനായി വാടകയ്ക്കെടുത്ത കൊലയാളികളാണ് ഇവരെന്നാണ് നിഗമനം.
അസ്വസ്ഥതയുണ്ടാക്കുന്ന പുത്തന്‍ പ്രവണത
രാജയുടെയും സോനത്തിന്‍റെയും സംഭവം ഒറ്റപ്പെട്ട ഒന്നല്ല. രാജ്യമെമ്പാടും നിന്ന് സമാനമായ സംഭവങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഭര്‍ത്താക്കന്‍മാരെ കൊല്ലാന്‍ ഭാര്യമാര്‍ ഗൂഢാലോചന നടത്തുന്നവെന്ന അസ്വസ്ഥതയുണ്ടാക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇക്കൊല്ലം മാര്‍ച്ചില്‍ ഒരു മെര്‍ച്ചന്‍റ് നേവി ഉദ്യോസ്ഥനും ഇത്തരത്തില്‍ ഭാര്യയുടെ ക്രൂരതയ്ക്ക് ഇരയായിരുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി പതിനഞ്ച് കക്ഷണങ്ങളാക്കി ഒരു വീപ്പയിലിട്ട് സിമന്‍റ് പൂശി മറച്ച് വച്ചത്. ഇതിനും പിന്നില്‍ ഒരു വിവാഹേതര ബന്ധമായിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിലെ ഒരു സ്‌ത്രീ സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ വാടകകൊലയാളിയെ തേടി. ഭാര്യയ്ക്ക് സ്വന്തം കാമുകനെ വിവാഹം ശേഷം കാണാന്‍ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് ഭര്‍ത്താവിനെ അങ്ങ് കൊന്ന് കളയാന്‍ തീരുമാനിച്ചു. ഇതേമാസം തന്നെ 42 വയസുള്ള ഒരു സ്‌ത്രീയെയും അവരുടെ മുപ്പതുകാരനായ കാമകനെയും ഭര്‍ത്താവിനെ കൊന്ന് ജയ്‌പൂരില്‍ വച്ച് കത്തിച്ച് കളഞ്ഞതിന് അറസ്റ്റ് ചെയ്‌തു.
ഉത്തര്‍പ്രദേശിലെ ഒരു സ്‌ത്രീ സ്വന്തം ഭര്‍ത്താവിന് ചായയില്‍ എലിവിഷം കലക്കി കൊടുത്ത ശേഷം കാമുകനുമായി ചേര്‍ന്ന് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ഏപ്രില്‍ മാസത്തിലായിരുന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ഫെബ്രുവരിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് ഒരു സ്‌ത്രീയും അവരുടെ കാമുകനും അറസ്റ്റിലായിരുന്നു. ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കിയ ശേഷമായിരുന്നു കൊലപാതകം. തെളിവ് നശിപ്പിക്കാന്‍ പിന്നീട് മൃതദേഹം കൃഷിയിടത്തില്‍ കൊണ്ടുപോയി കത്തിച്ചു.
ഇതേമാസം തന്നെയാണ് 38കാരിയായ സ്‌ത്രീയെ ഭര്‍ത്താവിനെ കൊന്നതിന് ജീവപര്യന്തം ശിക്ഷിച്ചത്. ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ പതിനേഴു വയസുകാരായ കാമുകനൊപ്പം ചേര്‍ന്നാണ് ഇവര്‍ കൊന്നത്. പിന്നീട് ഗ്രാമത്തിലുള്ള ഒരു കട്ടച്ചൂളയില്‍ മൃതദേഹം ഉപേക്ഷിച്ചു. 2023ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.
വിവാഹേതര ബന്ധത്തിന് വേണ്ടി മനുഷ്യ ജീവനെടുക്കുന്നത് അടക്കം ഏതറ്റം വരെയും ആളുകള്‍ പോകുന്നുവെന്ന ഈ പ്രവണത ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
സ്‌ത്രീകള്‍ എന്ത് കൊണ്ടാണ് ഇത്രയും കടുത്ത തീരുമാനങ്ങളിലേക്ക് പോകുന്നത്?
നമ്മുടെ രാജ്യത്ത് ഇപ്പോഴും വിവാഹം വളരെ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ് നടക്കുന്നത്. പ്രത്യേകിച്ച് പരമ്പരാഗത മാമൂലുകള്‍ കൈവിടാത്ത പല കുടുംബങ്ങളിലും. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പരിമിതകള്‍ ഏറെയുണ്ട്. വിവാഹമോചനമെന്നതും സ്‌ത്രീകള്‍ക്ക് വലിയ പ്രഹേളികയാണ്. പ്രതീക്ഷകള്‍, വൈകാരികമായ സമ്മര്‍ദ്ദങ്ങള്‍, പുതുതായി കണ്ടെത്തുന്ന പ്രണയ ബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം സ്‌ത്രീകളെ അങ്ങേയറ്റത്തെ തീരുമാനങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു.
തങ്ങളുടെ സ്വപ്‌നങ്ങള്‍ ഒന്നും സാക്ഷാത്ക്കരിക്കാതെയും ആരും ശ്രദ്ധിക്കാതെയുമെല്ലാം ജീവിതം വല്ലാത്ത ഒരു മടുപ്പിലേക്ക് നീങ്ങുന്ന വേളയില്‍ ചിലപ്പോള്‍ സ്‌ത്രീകള്‍ തങ്ങളെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ചിലരെ കണ്ടെത്തുന്നുവെന്ന് മനോരോഗവിദഗ്ദ്ധയായ ചെയ്‌താലി ജോഷി ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊരു അത്ഭുത ലോകത്തിലെത്തുന്ന അവര്‍ക്ക് കൊലപാതകം, ജയില്‍, തുടങ്ങിയ യഥാര്‍ത്ഥ്യങ്ങളെ കുറിച്ചൊന്നും ഏറെ ചിന്തിക്കാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു എന്നാല്‍ വിവാഹബന്ധങ്ങള്‍ മോശമായ എല്ലാ സ്‌ത്രീകളും പക്ഷേ ഇത്തരത്തില്‍ കൊലപാതകികളായി മാറുന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്ത് കൊണ്ടാണ് ഇവര്‍ എല്ലാ പരിധികളും ലംഘിക്കുന്നത്.? സോനത്തിന്‍റെ കാര്യത്തിലാകട്ടെ അവര്‍ നവദമ്പതികളായിരുന്നു.
ഇത്തരമൊരു പ്രവൃത്തിയിലേക്ക് പോകും മുമ്പ് ഉണ്ടാകാനിടയുള്ള എല്ലാ വൈകാരിക, മാനസിക, സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണം. ഇത്തരം വ്യക്തികള്‍ പലപ്പോഴും തീവ്രമായ വൈകാരിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാകാമെന്ന് ക്രിമിനല്‍ സൈക്കോളജിസ്റ്റായ ഡോ. മായാ ശര്‍മ്മ പറയുന്നു. പലപ്പോഴും അസൂയയും ആഗ്രഹങ്ങള്‍ അടിച്ചമര്‍ത്തുന്നതും പ്രാഥമിക കാരണങ്ങളാകാം. വഞ്ചിക്കുന്നുവെന്നൊരു കുറ്റബോധത്തില്‍ നിന്നാകാം പലപ്പോഴും കൊലപാതക ചിന്ത ഉണ്ടാകുന്നത്. അല്ലെങ്കില്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നവരെ അങ്ങ് തീര്‍ത്തേകാമെന്ന ചിന്തയാകാം. മുന്‍പൊക്കെ കണ്ട് വന്നിരുന്ന കുറ്റകൃത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണിവ. ഇത്തരം കൊലപാതകങ്ങള്‍ കൃത്യമായി ആസൂത്രണത്തോടെ നടപ്പാക്കുന്നവയാണ്. കൊലപാതകിക്ക് ഒരിക്കലും പങ്കാളിയെ വേദനിപ്പിക്കണമെന്ന ആഗ്രഹമുണ്ടാകില്ല. മറിച്ച് അവരെ തങ്ങളുടെ വഴിയില്‍ നിന്ന് നീക്കുക മാത്രമാണ് വേണ്ടത്. ഇരുവരും തമ്മില്‍ വൈകാരികമായ അടുപ്പമെല്ലാം അവസാനിച്ചിരിക്കാം. അത് കൊണ്ട് തന്നെ അവരുടെ കുറ്റബോധത്തെയും അവര്‍ക്ക് ന്യായീകരിക്കാനാകുമെന്ന് ഡോ.മായാശര്‍മ്മ പറയുന്നു.
ചില സംഭവങ്ങളില്‍ ചില വ്യക്തിവൈകല്യപ്രശ്‌നങ്ങളുണ്ടാകും. അല്ലെങ്കില്‍ ഭൂതകാലത്തുണ്ടായിട്ടുള്ള ചില പ്രതിസന്ധികളാകാം. ബന്ധങ്ങളില്‍ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ഇതെല്ലാം അവരെക്കൊണ്ട് ഇങ്ങനെയൊക്കെയുള്ള പ്രവൃത്തികള്‍ ചെയ്യിക്കുന്നു. തങ്ങള്‍ വലയില്‍വീഴ്‌ത്തപ്പെട്ടതായി അവര്‍ക്ക് സ്വയം തോന്നുന്നു. ഇതില്‍ അവര്‍ ആശങ്കപ്പെടുന്നു. ചിലപ്പോള്‍ അത് സാമ്പത്തികമോ സാമൂഹ്യമോ വൈകാരികമോ ആകാം. വിവാഹബന്ധത്തില്‍ നിന്ന് പുറത്ത് കടക്കാനാകുന്നില്ലെന്ന് വരുന്നതോടെ അവര്‍ കടുംകൈകള്‍ക്ക് മുതിരുന്നു. ബന്ധം ഉപേക്ഷിക്കുന്നതിനെക്കാള്‍ നല്ലത് കൊലപാതകമാണെന്ന സ്വയംബോധ്യത്തിലേക്ക് അവര്‍ എത്തിച്ചേരുന്നുവെന്നും അപര്‍ണ ശ്രീവാസ്‌തവ എന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പറയുന്നു.
ചില സംഭവങ്ങളില്‍ നാര്‍സിസ്റ്റ് വ്യക്തിത്വവും സാമൂഹ്യവിരുദ്ധ വ്യക്തിത്വവു കാരണമാകുന്നുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വീണ്ടുവിചാരമുണ്ടാകുന്നില്ലെന്നതാണ് ഏറ്റവും വലിയ ആശങ്ക. പ്രത്യേകിച്ച് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിന്ന് വിവരങ്ങള്‍ കിട്ടുന്ന യുവാക്കളാണ് ഇത്തം കുറ്റകൃത്യങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുന്നതെന്നും ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടുന്നു. കുട്ടിക്കാലത്ത് തന്നെ രക്ഷിതാക്കള്‍ ഇവരുടെ മാനസിക പ്രശ്‌നങ്ങള്‍ തിരിച്ചറിയണമന്നും അവര്‍ പറയുന്നു. എന്നാല്‍ ബോധവത്ക്കരണത്തിന്‍റെ അഭാവം പ്രശ്‌നങ്ങള്‍ തുടരാന്‍ കാരണമാകുന്നു.കുട്ടികളില്‍ പെരുമാറ്റ വൈകല്യങ്ങള്‍ കണ്ടെത്തിയാല്‍ അത് ആക്രമണ സ്ഥിതിയിലേക്ക് എത്തും മുമ്പ് അവരെ കാലേക്കൂട്ടിത്തന്നെ കൗണ്‍സിലിങിനും മറ്റും വിധേയമാക്കുക.
അസന്തുഷ്‌ടമായ വിവാഹങ്ങള്‍, സാംസ്‌കാരിക കെട്ടുപാടുകള്‍, നിശബ്‌ദ പ്രതിസന്ധികള്‍
ഒരു വിവാഹമോചനത്തെക്കുറിച്ച് എന്ത് കൊണ്ട് ഇവര്‍ക്ക് ചിന്തിച്ച് കൂടാ എന്ന ചോദ്യം ഇവിടെ ഉയരാം. ഇതിനുള്ള ഉത്തരം നമ്മുടെ സാംസ്‌കാരിക പശ്ചാത്തലം എന്നതാണ്. നമ്മുടെ രാജ്യത്ത് ഇന്നും വിവാഹമോചനമെന്നത് വലിയ പ്രഹേളികയാണ്. പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക്. സാമ്പത്തിക ആശ്രയത്വം, കുടുംബ സമ്മര്‍ദ്ദം, നാണക്കേട്, കുട്ടികളുടെ പ്രശ്‌നങ്ങള്‍, കുടുംബത്തിന്‍റെ സാമൂഹ്യ പദവി തുടങ്ങിയവ പലപ്പോഴും സ്‌ത്രീകളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. പലരു അത് കൊണ്ട് ഇത്തരം കൊലപാതകങ്ങളാണ് എളുപ്പ വഴി എന്ന ചിന്തയിലേക്ക് എത്തുന്നു. അവര്‍ക്ക് ഇതാണ് രക്ഷപ്പെടാനുള്ള അവസാന കച്ചിത്തുരുമ്പെന്ന് സാമൂഹ്യ സൈക്കോളജിസ്റ്റാ മായ മെഹ്‌ത്ത പറയുന്നു. ഇതൊരു നീതീകരിക്കലല്ല മറിച്ച് മുന്നറിയിപ്പാണ് സമൂഹം ആരോഗ്യകരമായ ഒരു പുറത്ത് കടക്കല്‍ അനുവദിക്കുന്നില്ല എന്നതിന്‍റെ- മായ ചൂണ്ടിക്കാട്ടുന്നു.
ബന്ധങ്ങളുടെ കാര്യത്തില്‍ സമൂഹം ഇപ്പോഴും വലിയ തോതില്‍ പാകപ്പെടാനുണ്ടെന്നതിന്‍റെ സൂചനകളാണ് ഈ കൊലപാതകങ്ങള്‍. വിവാഹ ബന്ധങ്ങളില്‍ വിശ്വാസ്യതയോടെയുള്ള ആശയവിനിമയം സാധ്യമാകണം. വിവാഹമോചനം സംബന്ധിച്ച സമൂഹത്തിന്‍റെ അബദ്ധ ജടില ചിന്തകളും മാറണം. അവരവരുടെ സന്തോഷങ്ങള്‍ക്ക് ഇടമുള്ള വിധത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാമുഖ്യം നല്‍കുന്ന ഒരു സാംസ്‌കാരിക അന്തരീക്ഷം നമ്മുടെ രാജ്യത്തുണ്ടാകണം.
പ്രണയം വധശിക്ഷയ്ക്ക് കാരണമാകരുത്
എന്ത് കൊണ്ട് സ്‌ത്രീകള്‍ കൊലപാതകികളാകുന്നു എന്നതല്ല ചോദ്യം മറിച്ച് സമൂഹം എന്ത് കൊണ്ട് അവര്‍ക്ക് വേണ്ടുന്നത് നല്‍കുന്നില്ല എന്നതാണ് ഇവിടെ ഉയരുന്ന യഥാര്‍ത്ഥ ചോദ്യം. വിവാഹബന്ധത്തില്‍ നിന്ന് സുരക്ഷതവും ആദരവുള്ളതുമായ ഒരു ഇറങ്ങിപ്പോക്ക്, വൈകാരിക പിന്തുണ, സമൂഹത്തില്‍ മുന്‍വിധികളില്ലാത ഇടപെടാനുള്ള അവസരം എന്നിവ സമൂഹം അവള്‍ക്ക് നല്‍കിയേ മതിയാകൂ. സ്‌ത്രീകള്‍ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബാണ്. കൊലപാതകം മാത്രമാണ് ഏകപോംവഴിയെന്ന് വരുമ്പോള്‍ അവള്‍ക്ക് കാമുകന്‍ സഹായവുമായി എത്തുന്നു. ഇത് ഞെട്ടിക്കുന്ന പ്രവണതയാണ്.
സ്‌ത്രീകള്‍ അനുഭവിക്കുന്ന വൈകാരിക ശൂന്യതയിലേക്ക് സമൂഹം കണ്ണു തുറന്ന് വയ്ക്കണമെന്നതാണ് ഇത്തരം സംഭവങ്ങള്‍ നമ്മോട് പറയുന്നത്. കുറ്റിരുട്ടില്‍ അവര്‍ക്ക് പ്രതീക്ഷയുടെ ഒരു ചെറുകണിക പോലും കാണാനാകുന്നില്ല. വൈകാരിക പ്രബുദ്ധത, സഹാനുഭൂതി, തുടങ്ങിയവയില്‍ സമൂഹത്തിന്‍റെ കാഴ്‌ചപ്പാടില്‍ മാറ്റമുണ്ടായാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ തടയാനാകൂ എന്നും ഡോ. ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടുന്നു.