ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ പുതിയ ഇന്ത്യന്‍ അംബാസഡറായി പർവ്വതനേനി ഹരീഷിനെ നിയമിച്ചു. ന്യൂയോർക്കില്‍ നടക്കാന്‍ പോകുന്ന യുഎൻ ഉച്ചകോടിക്ക് മുന്നോടിയായാണ് ഹരീഷിന്‍റെ നിയമനം. രുചിര കാംബോജ് ജൂണില്‍ വിരമിച്ചതിന് ശേഷം ഇന്ത്യയുടെ യുഎന്‍ അംബാസഡർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
1990 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനാണ് ഹരീഷ്. നിലവിൽ ജർമ്മനിയിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്‌ഠിച്ച് വരുകയായിരുന്നു അദ്ദേഹം. മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഡീഷണൽ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പലസ്‌തീൻ അതോറിറ്റിയുടെ ഇന്ത്യന്‍ പ്രതിനിധിയായും ഹരീഷ് സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറലായും വിയറ്റ്നാമിലെ ഇന്ത്യൻ അംബാസഡറായും ഹരീഷ് പ്രവര്‍ത്തിച്ചു. കെയ്‌റോയിലെയും റിയാദിലെയും ഇന്ത്യൻ മിഷനുകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ സാമ്പത്തിക നയതന്ത്ര വിഭാഗത്തെ വളരെ കാലം അദ്ദേഹം നയിച്ചു. ജി20, ജി7, ബ്രിക്‌സ്, ഐബിഎസ്എ തുടങ്ങിയവയുടെ ഉച്ചകോടികളില്‍ ബഹുമുഖ സാമ്പത്തിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. 2007 മുതൽ അഞ്ച് വർഷക്കാലം ഇന്ത്യയുടെ വൈസ് പ്രസിഡൻ്റിൻ്റെ ജോയിൻ്റ് സെക്രട്ടറിയും അദ്ദേഹം പ്രവര്‍ത്തിച്ചു.
Also Read: ഇഡിയുടെ പുതിയ ഡയറക്‌ടറായി രാഹുല്‍ നവീന്‍