ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസാക്കി ഗവർണറുടെ അനുമതിക്കയക്കുന്ന ഏതൊരു ബില്ലും രാഷ്‌ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ കാലതാമസത്തിനുള്ള കാരണങ്ങൾ രേഖാമൂലം സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്ന് കോടതി പറഞ്ഞു. ഗവർണർ അംഗീകരിച്ച ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചാൽ, സംസ്ഥാന സർക്കാരിന് ഈ നടപടിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട് നിയമസഭ പാസാക്കിയ പത്ത് ബില്ലുകൾ ഗവർണർ ആർ എൻ രവി തടഞ്ഞുവച്ചതും രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവച്ചതുമായ കേസിലെ വിധിയിലാണ് ബെഞ്ച് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വിശേഷിപ്പിച്ചു. ഏപ്രിൽ 8നായിരുന്നു ബില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍മാര്‍ക്കുള്ള സമയപരിധി സംബന്ധിച്ച് വിധി വരുന്നത്. ഇന്നലെ അർധരാത്രി കോടതി വെബ്സൈറ്റിൽ ഇക്കാര്യം അപ്‌ലോഡ് ചെയ്യുകയും ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയും ചെയ്‌തു. വിധിയുടെ പകർപ്പ് രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാന ഗവർണർമാരുടെയും ഹൈക്കോടതികളുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് അയയ്ക്കാൻ കോടതി നിർദേശം നൽകി.
ഭരണഘടനയുടെ ആർട്ടിക്കിൾ 201 പ്രകാരം ബില്ലുകളിൽ രാഷ്ട്രപതി നടപടിയെടുക്കുന്നതിന് സുപ്രീം കോടതി ഒരു പ്രത്യേക സമയപരിധി നിശ്ചയിക്കുന്നത് ഇതാദ്യമായാണ്. ഗവർണർ ഒരു ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവച്ചതിനുശേഷമുള്ള നടപടിക്രമങ്ങൾ ആർട്ടിക്കിളിൽ വിവരിക്കുന്നുണ്ടെങ്കിലും തീരുമാനമെടുക്കുന്ന പ്രക്രിയയ്ക്ക് നേരത്തെ സമയപരിധി നൽകിയിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാഷ്ട്രപതിയുടെ തീരുമാനം അനാവശ്യമായി വൈകിപ്പിക്കരുതെന്നുള്ള സർക്കാരിയ, പൂഞ്ചി കമ്മിഷനുകളുടെ ശുപാർശകളും കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദേശങ്ങളും ഉദ്ധരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. അതനുസരിച്ച് വ്യക്‌തമായ കാരണമില്ലാതെ ഭരണഘടനാ അതോറിറ്റി കാലതാമസം വരുത്തുന്നത് ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ബില്ലുകളിൽ നടപടിയെടുയെടുക്കുന്നതിനായി ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭ നൽകുന്ന നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ബിൽ നിയമസഭയിലേക്ക് തിരികെ അയയ്ക്കാനോ രാഷ്ട്രപതിക്ക് അയയ്ക്കാനോ ഗവർണർ തീരുമാനിച്ചാൽ അത് ഒരു മാസത്തിനുള്ളിൽ ചെയ്യണമെന്ന് വിധിയിൽ പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയുടെ നിർദേശത്തിന് വിരുദ്ധമായി ഗവർണർ ഒരു ബില്ലിന് അനുമതി നിഷേധിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ എന്തുകൊണ്ടാണ് നിഷേധിച്ചത് എന്നതിനുള്ള മറുപടിയും നൽകണം. നിയമസഭയുടെ പുനപരിശോധനയ്ക്ക് ശേഷം ഒരു ബിൽ ഗവർണറുടെ അനുമതിക്കായി നൽകുകയാണെങ്കിൽ ഗവർണർ ഒരു മാസത്തിനുള്ളിൽ തന്നെ അനുമതി നൽകണമെന്ന് കോടതി പറഞ്ഞു.
Also Read: വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് എഐഎഡിഎംകെ; തെരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടുമെന്ന് പ്രഖ്യാപനം