ന്യൂഡല്‍ഹി: എല്ലാ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ബെറ്റിങ് ആപ്പുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി. ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ടന്ന് അവകാശപ്പെട്ടാണ് കെഎ പോള്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്ക് പിന്നാലെ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വരന്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിൻ്റെ വിശദീകരണത്തിനായി നോട്ടീസ് നല്‍കി.
നിരവധി ഇന്‍ഫ്ലുവന്‍സര്‍മാരും, നടന്‍മാരും, ക്രിക്കറ്റ് താരങ്ങളും ബെറ്റിങ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടന്നും ഇത് കുട്ടികളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. "കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരിച്ച ദശലക്ഷക്കണക്കിന് കുട്ടികളുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ചാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. തെലങ്കാനയില്‍ മാത്രമായി 1023 ലധികം കുട്ടികളാണ് മരിച്ചത്. 25 ഓളം ബോളിവുഡ് ടോളിവുഡ് നടന്‍മാരും ഇന്‍ഫ്ലുവന്‍സര്‍മാരും ഒരുപാട് നിരപരാധികളുടെ ജീവന്‍ വച്ച് കളിച്ചു. " കോടതിയില്‍ നേരിട്ട് ഹാജരായി പോള്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആളുകള്‍ സ്വമേധയാ ബെറ്റിംങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയില്ലന്ന് കോടതി വ്യക്തമാക്കി. "എന്താണ് ചെയ്യാന്‍ കഴിയുക? ഇത് നിര്‍ത്തലാക്കുന്നതിന് ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, പക്ഷേ ഒരു നിയമത്തിലൂടെ ഇത് നിര്‍ത്തലാക്കാം എന്ന തെറ്റിധാരണയിലാണ് നിങ്ങള്‍," എന്നും കോടതി പറഞ്ഞു.
"ആളുകള്‍ ആത്മഹത്യ ചെയുന്നത് തടയാൻ കഴിയാത്തതു പോലെയാണ് ഇത്. ചൂതാട്ടത്തിലൊ വാതുവെപ്പിലൊ ഏര്‍പ്പെടുന്നത് തടയാന്‍ ഒരു നിയമത്തിനും കഴിയില്ല" എന്ന് ജസ്‌റ്റിസ് സൂര്യകാന്ത് പറഞ്ഞു. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പോലും ഈ ആപ്പുകള്‍ പ്രോത്സാഹിപ്പിക്കന്നിലൂടെ ധാരാളം യുവാക്കള്‍ വാതുവയ്പ്പില്‍ ഏര്‍പ്പെടുന്നുണ്ടന്ന് പോള്‍ കൂട്ടിച്ചേര്‍ത്തു. ഈ ഹര്‍ജിയിലുള്ള കേന്ദ്രത്തിൻ്റെ വിശദീകരണം അറിയാന്‍ നോട്ടീസ് അയച്ചിട്ടുണ്ടന്നു കോടതി അറിയിച്ചു. ഈ വിഷയത്തില്‍ അറ്റോര്‍ണി ജനറലിൻ്റെയും സോളിസിറ്റര്‍ ജനറലിൻ്റെയും സഹായം കേന്ദ്രം തേടിയിട്ടുണ്ട്.