ന്യൂഡൽഹി: സ്‌ത്രീധന പീഡനം, ജീവനാംശം എന്നീ വകുപ്പുകൾ ദുരുപയോഗം ചെയ്യാതിരിക്കാന്‍, ലിംഗഭേദം നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി. കോടതികൾക്ക് നിയമം നിർമ്മിക്കാൻ കഴിയില്ലെന്നും അത് പരിശോധിക്കേണ്ടത് പാർലമെന്‍റ് അംഗങ്ങളുടെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
'ജൻശ്രുതി' (പീപ്പിൾസ് വോയ്‌സ്) എൻജിഒ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ഭർത്താക്കന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാൻ ഈ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നായിരുന്നു വാദം.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 'ഇത് ഒരു ചൂടൻ വാർത്തയാകുമെന്ന് ഞങ്ങൾക്കറിയാം. പക്ഷേ നിയമത്തിലെ ഏതൊക്കെ വകുപ്പുകളാണ് ദുരുപയോഗം ചെയ്യപ്പെടാത്തതായി ഉള്ളതെന്ന് പറയൂ? -ബെഞ്ച് ചോദിച്ചു. ദുരിതമനുഭവിക്കുന്നവർ എന്‍ജിഒഎയെ അല്ല, കോടതിയെയാണ് സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള വ്യവസ്ഥകൾ മുഴുവനും ദുരുപയോഗം ചെയ്യപ്പെടുകയാണ് എന്ന 'കാട് അടച്ച' പ്രസ്‌താവന നടത്താനാവില്ലെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. ഓരോ കേസും അതിന്‍റെ വസ്‌തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
'ഭർത്താവോ അദ്ദേഹത്തിന്‍റെ കുടുംബമോ ഇരയാക്കപ്പെട്ടാൽ നിയമം അതനുസരിച്ച് പ്രവർത്തിക്കണം. ഒരു സ്‌ത്രീയാണ് പീഡിപ്പിക്കപ്പെട്ടതെങ്കില്‍ നിയമം അവളുടെ രക്ഷയ്‌ക്കും എത്തണം. അപ്പോൾ ഈ വ്യവസ്ഥയിൽ എന്താണ് തെറ്റ്?'- ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
സെക്ഷൻ 498A IPC-യുടെ പിന്നിലെ നിയമ നിർമ്മാണ നയത്തിലും ഉത്തരവിലും ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ലെന്നും ബെഞ്ച് പറഞ്ഞു. ലിംഗഭേദം കാണിക്കുന്ന വ്യവസ്ഥകൾ ആർട്ടിക്കിൾ 14 ന്‍റെ ലംഘനമാണെന്ന വാദം പൂർണ്ണമായും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഗാർഹിക പീഡന കേസുകൾ സ്‌ത്രീകൾക്ക് മാത്രമേ ഫയൽ ചെയ്യാൻ കഴിയൂ എന്നും വിദേശ രാജ്യങ്ങളിൽ ഭർത്താക്കന്മാർക്ക് പോലും അത്തരം കേസുകൾ ഫയൽ ചെയ്യാനും സംരക്ഷണം തേടാനും കഴിയുമെന്നും എൻജിഒയുടെ അഭിഭാഷകൻ പറഞ്ഞു.
കോടതിയല്ല നിയമ നിർമ്മാണം നടത്തേണ്ടതെന്ന് കോടതി മറുപടി നല്‍കി. പാർലമെന്‍റ് അംഗങ്ങളാണ് അത് പരിശോധിക്കേണ്ടത്. ദുരുപയോഗം നടക്കുന്നുണ്ടെന്ന് കരുതി ഒരു വ്യവസ്ഥ റദ്ദാക്കാനും കഴിയില്ല. നമ്മൾ എന്തിന് മറ്റ് രാജ്യങ്ങളെ പിന്തുടരണം എന്നും കോടതി ചോദിച്ചു. നമ്മൾ നമ്മുടെ പരമാധികാരം നിലനിർത്തുകയാണ് വേണ്ടത് എന്നും ബെഞ്ച് പറഞ്ഞു.