ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെതിരായ സോഷ്യൽ മീഡിയ പോസ്റ്റില്‍ അറസ്റ്റിലായ അശോക യൂണിവേഴ്‌സിറ്റി പ്രൊഫസർ അലി ഖാൻ മഹ്‌മൂദാബാദിന് ഇടകാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്‌റ്റിസ് സൂര്യകാന്ത്, എൻ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. അലി ഖാൻ മഹ്‌മൂദാബാദിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സമയത്തെക്കുറിച്ചുള്‍പ്പെടെ കോടതി കർശനമായ നിരീക്ഷണങ്ങൾ നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മഹ്‌മൂദാബാദിന്‍റെ വാക്കുകൾ മനഃപൂർവ്വം അപമാനിക്കാനോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാക്കാനോ വേണ്ടി സൃഷ്‌ടിച്ചതാണെന്ന് വിമർശിക്കുകയും ചെയ്‌തു. രാജ്യത്ത് ഇത്രയധികം കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ മറ്റുള്ളവരെ അപമാനിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ അദ്ദേഹത്തിന് എങ്ങനെ കഴിയുന്നു.
അലി ഖാൻ ഒരുപ്പാട് അറിവുള്ള ആളാണെന്നും അദ്ദേഹത്തിന് വാക്കുകളുടെ കുറവുണ്ടെന്ന് പറയാനാവില്ലെന്നും ജസ്‌റ്റിസ് സൂര്യകാന്ത് വാദം കേൾക്കുന്നതിനിടെ പറഞ്ഞു. രാജ്യം ഒരു വലിയ വെല്ലുവിളി നേരിടുമ്പോൾ, ആളുകൾ എന്തിനാണ് വിലകുറഞ്ഞ പ്രശസ്‌തിയ്ക്കായി ശ്രമിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.
ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പോസ്‌റ്റുകൾ എഴുത്തുന്നത്തിൽ നിന്ന് പ്രൊഫസറെ ബെഞ്ച് വിലക്കുകയും പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. കേസ് അന്വേഷണത്തിനായി 24 മണിക്കൂറിനുള്ളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ എസ്‌പി റാങ്കിലുള്ള ഒരു വനിത ഉദ്യോഗസ്ഥയെകൂടി ഉൾപ്പെടുത്തി മൂന്നംഗ സംഘം രൂപീകരിക്കാൻ ഹരിയാന ഡിജിപിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട മഹ്‌മൂദാബാദിന്‍റെ സോഷ്യൽ മീഡിയ പോസ്‌റ്റുകൾ രാജ്യത്തിൻ്റെ പരമാധികാരത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന് ആരോപിച്ച് രണ്ട് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയയുടെ പരാതിയിലും ഗ്രാമ സർപഞ്ചിൻ്റെ പരാതിയിലുമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. മെയ് 18-നാണ് മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്യുന്നത്.