മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ(86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സ്ഥിരീകരിച്ചത്. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.
നവൽ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. അമേരിക്കയിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962ൽ ടാറ്റ സ്റ്റീലിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി. ടാറ്റയുടെ പിൻഗാമിയായി 1991ൽ ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.
ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു. 2000ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും ലഭിച്ചു.
മിത്സുബിഷി കോർപറേഷൻ, ജെപി മോർഗൻ ചേസ് തുടങ്ങിയവയുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു. 2012 ഡിസംബറിലാണ് ടാറ്റ സൺസ് ചെയർമാൻ പദവിയൊഴിഞ്ഞത്. തുടർന്നു സ്ഥാനമേറ്റ സൈറസ് മിസ്ത്രി അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു 2016 ൽ പുറത്തായതോടെ ഇടക്കാല ചെയർമാനായി തിരിച്ചെത്തി. 2017 ജനുവരിയിൽ എൻ.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി.
കോർപറേറ്റ് വളർച്ചയെ രാഷ്ട്ര നിർമാണവുമായി കോർത്തിണക്കിയ വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ കുറിച്ചു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രത്തൻ ടാറ്റ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദേശത്തിൽ കുറിച്ചു.
രത്തൻ എൻ. ടാറ്റ
- നവൽ ടാറ്റയുടെയും സുനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28നു ജനനം.
- അവിവാഹിതൻ.
- വിദ്യാഭ്യാസം:
കാംപിയൻ സ്കൂൾ, മുംബൈ
കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂൾ, മുംബൈ
യുഎസിലെ കോർണൽ സർവകലാശാലയിൽനിന്ന് ബിഎസ്സി ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദം (1955–62)
ഹാർവാഡ് ബിസിനസ് സ്കൂളിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം (1975)
- ടാറ്റ ഗ്രൂപ്പിൽ
1962: ടാറ്റ ഇൻഡസ്ട്രീസിൽ ചേർന്നു, പിന്നീട് ടാറ്റ മോട്ടോഴ്സിൽ
1963: ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനിയിൽ (ടിസ്കോ), ജംഷഡ്പുർ.
1965: ടെക്നിക്കൽ ഓഫിസർ, ടിസ്കോ എൻജിനീയറിങ് ഡിവിഷൻ
1969: ടാറ്റ ഗ്രൂപ്പ് റെസിഡന്റ് പ്രതിനിധി, ഓസ്ട്രേലിയ
1970: ഇന്ത്യയിൽ തിരിച്ചെത്തി. ടാറ്റ കൺസൽറ്റൻസി സർവീസസിൽ (ടിസിഎസ്) ചേർന്നു.
1971: ഡയറക്ടർ ഇൻ ചാർജ് നെൽകോ (നാഷനൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡ്)
1974: ഡയറക്ടർ ബോർഡ് മെംബർ – ടാറ്റ സൺസ്
1981: ചെയർമാൻ– ടാറ്റ ഇൻഡസ്ട്രീസ്
1986–89: ചെയർമാൻ– എയർ ഇന്ത്യ
1991: ചെയർമാൻ– ടാറ്റ സൺസ്, ടാറ്റ ട്രസ്റ്റ്സ്
2000: പത്മഭൂഷൺ ലഭിച്ചു
2008: പത്മവിഭൂഷൺ
2012: ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു വിരമിച്ചു. ചെയർമാൻ ഇമെരിറ്റസായി നിയമനം.
2023: ഓർഡർ ഓഫ് ഓസ്ട്രേലിയ പദവി