ചണ്ഡീഗഢ്: പ്രധാനമന്ത്രി ഷൂ അണിയിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ഹരിയാന സ്വദേശി രാംപാൽ കശ്യപ്. രാംപാലിന്‍റെ ശപഥത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് മോദി അദ്ദേഹത്തിന് ഷൂസ് സമ്മാനിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ് തന്നെ കാണാൻ വരുന്നത് വരെ ചെരുപ്പ് ധരിക്കില്ലെന്നതായിരുന്നു രാംപാലിന്‍റെ ശപഥം.
'യമുനാ നഗറിൽ വച്ച് നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വരണമെന്ന് എനിക്ക് ഒരു കോൾ ലഭിച്ചു. തുടർന്ന് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ എന്നെ പ്രധാനമന്ത്രി ഷൂസ് ധരിപ്പിക്കാൻ നിർബന്ധിച്ചു. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു അത്' എന്ന് രാംപാൽ കശ്യപ് മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് അദ്ദേഹവുമായി സംസാരിച്ചുവെന്നും രാംപാൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ ഇനി ഒരിക്കലും അത്തരമൊരു ശപഥം എടുക്കരുതെന്ന് അദ്ദേഹം പറഞ്ഞതായി രാംപാൽ വ്യക്തമാക്കി. എന്തിനാണ് സ്വയം വേദനിപ്പിക്കുന്ന തരത്തിലുള്ള ശപഥം എടുത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇനി ഇത് ആവർത്തിക്കരുതെന്നും നിങ്ങൾ പാർട്ടിക്കായി പ്രവർത്തിക്കണമെന്നും മോദി പറഞ്ഞതായി രാംപാൽ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'രാംപാൽ എന്ന വ്യക്തി എന്നെ ഏറെ അത്ഭുതപ്പെടുത്തി. അദ്ദേഹം ചെയ്‌ത കാര്യം നിസാരമല്ല. സാമൂഹിക പ്രവർത്തനത്തിലും രാഷ്ട്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ജോലി ചെയ്‌ത് മുന്നോട്ട് പോകണമെന്ന് ഞാൻ ഉപദേശിച്ചു' എന്ന് രാംപാൽ കശ്യപുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
'യമുനാനഗറിൽ ഇന്ന് നടന്ന പൊതുയോഗത്തിൽ, കൈതലിൽ നിന്നുള്ള രാംപാൽ കശ്യപ് ജിയെ ഞാൻ കണ്ടുമുട്ടി. 14 വർഷം മുമ്പ് അദ്ദേഹം ഒരു പ്രതിജ്ഞ എടുത്തിരുന്നു. ഞാൻ പ്രധാനമന്ത്രിയായി അദ്ദേഹത്തെ നേരില്‍ കാണുന്നത് വരെ നഗ്നപാദനായി ജീവിക്കുമെന്നായിരുന്നു ആ ശപഥം. ഇന്ന് അദ്ദേഹത്തെ കാണാൻ എനിക്ക് കഴിഞ്ഞു. രാംപാൽ ജിയെ പോലുള്ള ആളുകളിൽ ഞാൻ വിനയാന്വിതനാണ്, അവരുടെ സ്‌നേഹവും കരുതലും ഞാൻ സ്വീകരിക്കുന്നു. നിങ്ങളുടെ സ്നേഹം ഞാൻ വിലമതിക്കുന്നുണ്ട്. ദയവായി സാമൂഹിക പ്രവർത്തനവുമായും രാഷ്ട്രനിർമ്മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇത്തരം ശപഥം എടുക്കുന്നവരോട് എനിക്ക് പറയാനുള്ളത്' എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.