ന്യൂഡൽഹി: ടിക്കറ്റില്ലാതെ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്കൽ ട്രെയിനുകളിലും എക്‌സ്‌പ്രസ് മെയിൽ ട്രെയിനുകളിലും വിവിധ സ്റ്റേഷനുകളിലും സ്പോട്ട് ചെക്കുകൾ, മിന്നൽ പരിശോധനകൾ, ഫോർട്ടിഫിക്കേഷൻ ചെക്കുകൾ എന്നിവ റെയില്‍വേ ആരംഭിച്ചു. തടസരഹിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പങ്കജ് കുമാർ സിങ് പറഞ്ഞു.
കൃത്യമായി ടിക്കറ്റുകൾ എടുത്ത ശേഷം മാത്രമേ യാത്ര ആരംഭിക്കാവൂ എന്ന് റെയിൽവേ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും പങ്കജ് കുമാർ പറഞ്ഞു. പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജരുടെ നിർദേശപ്രകാരം ഈ ആഴ്‌ച്ച ഗോരഖ്‌പൂർ മുതൽ മങ്കപൂർ, ബസ്‌തി, ഗോണ്ട, സിവാൻ സെക്ഷനുകൾ ടിക്കറ്റ് പരിശോധന നടത്തുകയും അനധികൃത യാത്രക്കാരിൽ നിന്നും 5,65,140 രൂപ പിഴ ഈടാക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത്തരം പ്രവൃത്തികൾ മൂലം റെയിൽവേയ്‌ക്ക് വരുമാന നഷ്‌ടം ഉണ്ടാകുന്നതായി കണ്ടെത്തി. ഇത് തടയുന്നതിനായി നോർത്ത് ഈസ്റ്റേൺ റെയിൽവേ ഓരോ ഡിവിഷനിലും എല്ലാ മാസവും സ്‌പോട്ട് ചെക്കുകൾ, അംബുഷ് ചെക്കുകൾ, ഫോർട്ടിഫിക്കേഷൻ ചെക്കുകൾ എന്നിവ സംഘടിപ്പിക്കും.
നോർത്ത് സെൻട്രൽ റെയിൽവേ സോണിലും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച നടത്തിയ പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌ത 116 യാത്രക്കാരിൽ നിന്ന് 88,900 രൂപ പിഴയും മാലിന്യം വിതറിയതിന് 15 യാത്രക്കാരിൽ നിന്ന് 1,500 രൂപ പിഴയും ഈടാക്കി. ഈ ഡ്രൈവിൽ 31 ടിക്കറ്റ് ഇൻസ്പെക്‌ടർമാരും 8 റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും 5 ഗവൺമെന്‍റ് റെയിൽവേ പൊലീസും പങ്കെടുത്തു.
20 ട്രെയിനുകളിലാണ് പരിശോധനകൾ നടത്തിയത്. മെയ് 12 ന് നടത്തിയ ഒരു പരിശോധനയിൽ ആകെ 549 പേരിൽ നിന്ന് 3,55,260 രൂപ പിഴ ഈടാക്കി. റെയിൽവേ ഡാറ്റ പ്രകാരം, 2024-25 കാലയളവിൽ നടത്തിയ ടിക്കറ്റ് പരിശോധനയിൽ സൗത്ത് വെസ്റ്റേൺ റെയിൽവേക്ക് 53.33 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 45 ശതമാനം കേസുകൾ കൂടുതലാണെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഡാറ്റ വ്യക്തമാക്കി.
മുംബൈ സബർബൻ സെക്ഷനിൽ വെസ്‌റ്റേൺ റെയിൽവേ ഒരു ലക്ഷം കേസുകൾ കണ്ടെത്തുകയും ആറ് കോടി രൂപ പിഴ ഈടാക്കുകയും ചെയ്‌തു. എസി ലോക്കൽ ട്രെയിൻ പരിശോധനയിൽ 6000 ത്തിലധികം അനധികൃത യാത്രക്കാർക്ക് 20.24 ലക്ഷം രൂപ പിഴ ചുമത്തിയെന്നും റെയിൽവേ വ്യക്തമാക്കി.