ജയ്പൂർ (രാജസ്ഥാൻ) : ആൽവാറിലെ രാമക്ഷേത്രം സന്ദർശിക്കാൻ രാഹുൽ ഗാന്ധി. ദലിത് നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ടിക്ക റാം ജൂലിയോടൊപ്പമാണ് രാഹുൽ ഗാന്ധി നാളെ (ഏപ്രിൽ 14) ക്ഷേത്രം സന്ദർശിക്കുന്നത്. ജൂലിയുടെ സന്ദർശനത്തിന് പിന്നാലെ ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജ ക്ഷേത്രത്തിൽ ഗംഗാജലം തളിച്ചതിൽ പ്രതിഷേധിച്ചാണ് ഡോ. ബിആർ അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഈ സന്ദർശനം.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അഹൂജയുടെ ഈ പ്രവൃത്തി. 'ചില അശുദ്ധരായ ആളുകൾ' ക്ഷേത്രത്തിൽ പ്രവേശിച്ചതിനാൽ ക്ഷേത്രം ശുദ്ധീകരിക്കേണ്ടത് അനിവാര്യമാണെന്ന് അവകാശപ്പെട്ടായിരുന്നു മുൻ എംഎൽഎ കൂടിയായ അഹൂജ ഗംഗാജലം തളിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
സംഭത്തിന് പിന്നാലെ കോൺഗ്രസിൽ നിന്ന് കടുത്ത പ്രികരണങ്ങളാണ് ഉണ്ടായത്. അഹമ്മദാബാദിൽ നടന്ന ദേശീയ കൺവെൻഷനിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രവൃത്തി ലജ്ജാകരമെന്ന് വിശേഷിപ്പിച്ചിരുന്നു. ബിജെപിയെ കടുത്ത ഭാഷയിലാണ് നേതാക്കൾ വിമർശിച്ചത്.
മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോത്താസര ഉൾപ്പെടെയുള്ള നേതാക്കളും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ അഹൂജയെ ബിജെപി സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായത്.
Also Read: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂക്ഷിത ഏട്; ഓര്‍മയില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല