ഛണ്ഡിഗഡ്: അന്താരാഷ്ട്ര ആയുധ കള്ളക്കടത്ത് സംഘത്തിന്‍റെ ഭാഗമായ രണ്ട് പേരെ പിടികൂടി പഞ്ചാബ് പൊലീസ്. സൂരജ്‌പാൽ സിങ്, അർഷ്‌ദീപ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. ഡ്രോൺ ഉപയോഗിച്ച് അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങൾ കടത്തുകയും മറ്റ് രാജ്യങ്ങൾക്ക് വിൽക്കുകയുമാണ് സംഘത്തിൻ്റെ രീതി.
പ്രതികളിൽ നിന്ന് ആറ് അത്യാധുനിക ആയുധങ്ങൾ പിടിച്ചെടുത്തു. വിവരം ലഭിച്ചയുടൻ പൊലീസ് പ്രത്യേക ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. ലഖ്‌ന ഗ്രാമത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്ക് മയക്കുമരുന്ന് കടത്തുമായും ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
ഈ പ്രതികൾ പാകിസ്ഥാൻ കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എസ്എസ്‌പി അഭിമന്യു റാണ പറഞ്ഞു. ഡ്രോണുകൾ വഴി ചരക്ക് എത്തിച്ചിരുന്ന രജോക്ക് ഗ്രാമത്തിൽ നിന്നാണ് ഇവർ സാധനങ്ങൾ കൊണ്ടുവന്നിരുന്നത്. പിടിച്ചെടുത്ത ആയുധങ്ങളിൽ രണ്ട് അൾട്രാ മോഡേൺ പി എക്‌സ് 5.30 പിസ്റ്റളുകളും ലൈവ് കാട്രിഡ്‌ജുകളുള്ള നാല് 9 എംഎം ഗ്ലോക്ക് പിസ്റ്റളുകളും ഉൾപ്പെടുന്നു. കള്ളക്കടത്ത് സംഘത്തിൽ ഒരു കൂട്ടം യുവാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിടിയിലായ ഇരുവര്‍ക്കും എട്ട് ഏക്കർ ഭൂമിയും സ്വന്തമായി ബിസിനസുമുണ്ട്. മയക്കുമരുന്നിന് അടിമയായതിനാലാണ് ഇവർ ഈ തെറ്റായ പാതയിലേക്ക് നീങ്ങിയത്. ഇതിന് പിന്നിൽ ഒളിച്ചിരിക്കുന്ന കൂടുതൽ ആളുകളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. പഞ്ചാബിലെ ക്രമസമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
നിലവിൽ ഇവർക്കെതിരെ പഴയതോ പുതിയതോ ആയ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേമസമയം അതിർത്തി പ്രദേശങ്ങളിലെ ഇന്ത്യൻ സൈനികരെക്കുറിച്ചുള്ള വിവരങ്ങൾ ശത്രുരാജ്യത്തിന് നൽകുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് സജീവമായി പ്രവർത്തിക്കുകയാണ്. ദേശവിരുദ്ധമോ പഞ്ചാബ് വിരുദ്ധമോ ആയ പ്രവർത്തനങ്ങൾ നടത്തുന്ന ആരെയും വെറുതെ വിടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: യുപിയിൽ രണ്ടര വയസുകാരി ബലാത്സംഗത്തിന് ഇരയായി: പൊലീസ് ഏറ്റുമുട്ടലിൽ പ്രതിക്ക് ഗുരുതര പരിക്ക്