മജിത : പഞ്ചാബിലെ അമൃത്സർ ജില്ലയിലെ മജിതയിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. നിലവിൽ പത്തുപേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. 21 പേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തത്തിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു.
മജിത സന്ദർശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ മാൻ അനുശോചനം അറിയിച്ചു. സംഭവത്തെ മാൻ കൊലപാതകം എന്നാണ് വിശേഷിപ്പിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച അദ്ദേഹം ഇരകളുടെ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും അറിയിച്ചു. ജോലി, മറ്റ് സഹായങ്ങൾ എന്നിവയിൽ സാധ്യമായത് എല്ലാം ഈ കുടുംബങ്ങൾക്കായി ചെയ്യുമെന്നും മാൻ പറഞ്ഞു.
'ഇത് കേവലമൊരു അപകടമല്ല. മറിച്ച് ഈ കൃത്യത്തിൽ ഉൾപ്പെട്ട ചില വ്യക്തികളുടെ അത്യാഗ്രഹം മൂലം നടന്ന കൊലപാതകങ്ങളാണ്. വ്യക്തമായ കൊലപാതകമാണിത്. കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണം. രക്ഷപ്പെടാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ല.' -മാൻ പ്രതികരിച്ചു. സംഭവത്തിൽ ചില രാഷ്ട്രീയക്കാരുടെ ഇടപെടൽ ഉണ്ടെന്നും അത് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഒരു കാര്യം ഞാൻ വ്യക്തമായി പറയട്ടെ, പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കിക്കൊണ്ട് നിർഭാഗ്യരായ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ എന്‍റെ സർക്കാർ ഉറച്ചുനിൽക്കുന്നു,' മാൻ ഉറപ്പ് നൽകി.
സംഭവത്തിൽ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ മദ്യം തയാറാക്കുന്നതിനായി പ്രതികൾ ഓൺലൈനായി 600 ലിറ്റർ മെഥനോൾ ഓർഡർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മദ്യ ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രി ഭഗവന്ത് മാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തി. തിങ്കളാഴ്ച രാത്രി ഭംഗാലി, പടൽപുരി, മാരാരി കലാൻ, തൽവണ്ടി ഖുമാൻ, കർണാല, ഭംഗ്‌വാൻ, തെരേവാൾ എന്നീ ഗ്രാമങ്ങളിലാണ് മദ്യ ദുരന്ത മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
Also Read: രണ്ടാം വിവാഹത്തിന് കുഞ്ഞ് തടസം, കൊന്ന് കിണറ്റിലെറിഞ്ഞു; അമ്മയും മുത്തശ്ശനും അറസ്റ്റിൽ