ഇംഫാൽ: മണിപ്പൂരില്‍ അഞ്ച് ജില്ലകളില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ്‌തി നേതാവ് കൊറൗൻഗാൻബ ഖുമാനെ അറസ്റ്റ് ചെയ്‌തതെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ഇന്നലെ(ജൂണ്‍ 7) രാത്രി നടന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മണിപ്പുരിലെ വിവിധ ജില്ലകളിൽ ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും നിരോധിച്ചു.
ബിഷ്‌ണുപൂര്‍ ജില്ലയിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തി. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ക്വാകിത്തേലിലും ഉറിപോക്കിലും പ്രതിഷേധക്കാർ നടുറോഡില്‍ ടയറുകളും പഴയ ഫർണിച്ചറുകളും കത്തിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ഇന്നും സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. രാജ്ഭവനിലേക്കുള്ള റോഡുകളിൽ സുരക്ഷ വർദ്ധിപ്പിക്കുകയും കേന്ദ്ര സേനയിൽ നിന്നുള്ള കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വടക്കുകിഴക്കൻ സംസ്ഥാനത്തെ പ്രതിഷേധം കണക്കിലെടുത്ത് ഇംഫാൽ വെസ്‌റ്റിലെ ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച നിരോധനാജ്ഞാ ഉത്തരവിൽ "ഇംഫാൽ വെസ്റ്റിലെ പൊലീസ് സൂപ്രണ്ട് പ്രദേശത്ത് സമാധാന ലംഘനം, പൊതു ശാന്തതയ്ക്ക് ഭംഗം, കലാപം അല്ലെങ്കിൽ സംഘർഷം, സാമൂഹിക വിരുദ്ധരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം മനുഷ്യജീവനും സ്വത്തിനും ഗുരുതരമായ അപകടം എന്നിവ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്" എന്ന് പറയുന്നു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163 ലെ ഉപവകുപ്പ് 2 പ്രകാരം അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതിനും വടികൾ, കല്ലുകൾ, തോക്കുകൾ അല്ലെങ്കിൽ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടുപോകുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജൂൺ 10 ന് രാത്രി 10 മണി മുതൽ BNSS ലെ സെക്ഷൻ 163 ലെ ഉപവകുപ്പ് 1 പ്രകാരം ആളുകൾ വീടുകളില്‍നിന്ന് പുറത്ത് ഇറങ്ങുന്നത് നിരോധിച്ചിരിക്കുന്നു. സംസ്ഥാന തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറൈ ലാംലോങ്ങിൽ രോഷാകുലരായ ജനക്കൂട്ടം ഒരു ബസിന് തീയിട്ടു. ക്വാകിത്തേലിൽ നിരവധി വെടിയൊച്ചകൾ കേട്ടെങ്കിലും ആരാണ് വെടിവച്ചതെന്ന് കണ്ടെത്താനായില്ല.
അറസ്റ്റിലായ നേതാവിനെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിച്ചതിനെത്തുടർന്ന് പ്രതിഷേധക്കാർ തുലിഹാളിലെ ഇംഫാൽ വിമാനത്താവളം ഉപരോധിച്ചു. അറസ്റ്റിലായ നേതാവിനെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള സാധ്യത തടയുന്നതിനായി അവർ വിമാനത്താവള റോഡും ഉപരോധിച്ചു. മറ്റിടങ്ങളിൽ അറസ്റ്റിനെതിരെ പ്രതീകാത്മകമായി പ്രതിഷേധിച്ച് അരംബായ് ടെങ്കോൾ അംഗങ്ങൾ സ്വയം പെട്രോൾ ഒഴിച്ചു. ഇന്നലെ രാത്രി 11.45 മുതൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് താഴ്‌വര ജില്ലകളുടെ അധികാരപരിധിയിൽ VSAT, VPN എന്നിവയുൾപ്പെടെയുള്ള ഇന്‍റര്‍നെറ്റ് മൊബൈൽ ഡാറ്റ സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവയ്ക്കാനും സർക്കാർ ഉത്തരവിട്ടതായി ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.
ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, ബിഷ്‌ണുപൂർ, കാക്‌ചിംഗ് എന്നീ ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. "അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഉത്തരവ് ഏകപക്ഷീയമായി പാസാക്കുന്നു. ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാൽ നിയമനടപടി നേരിടേണ്ടിവരും. മണിപ്പൂര്‍ സർക്കാരും പൊലീസും മെയ്‌തികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ഈ ദൗത്യം ഏറ്റെടുത്തവരാണ് ആരംഭായ് തെംഗോൽ എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മെയ്‌തി ഗ്രാമങ്ങളെ സംരക്ഷിച്ചത് അവരാണെന്നും ആരംഭായ് തെംഗോൽ ഭീകരസംഘടനയല്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
Also Read:'പൂർണ അസംബന്ധം'; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളി കമ്മിഷൻ