ഛത്തീസ്‌ഗഢ്: ഹരിയാന ഹിസാർ വിമാനത്താവളത്തിൽ നിന്ന് ഉത്തർപ്രദേശ് അയോധ്യ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തു. ഹിസാർ വിമാനത്താവളത്തിലെ പുതിയ ടെർമിനലിനും മറ്റ് നിരവധി വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
2014ന് മുൻപ് 74 വിമാനത്താവളങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇപ്പോൾ 150 നേക്കാൾ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിസാറിൽ നിന്ന് അയോധ്യയിലേക്ക് ആഴ്‌ചയിൽ രണ്ടുതവണ മാത്രം ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങളും ജമ്മു, അഹമ്മദാബാദ്, ജയ്‌പൂർ, ചത്തീസ്‌ഗഢ് എന്നിവിടങ്ങളിലേക്ക് ആഴ്‌ചയിൽ മൂന്ന് വിമാനങ്ങളും ഉണ്ടാകും.
135-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഹിസാറിൽ നടന്ന പൊതുസമ്മേളനത്തിൽ ബി ആർ അംബേദ്‌കറെ മോദി സ്‌മരിച്ചു. നമ്മുടെ സർക്കാരിൻ്റെ ഓരോ തീരുമാനങ്ങളും നയങ്ങളും അംബേദ്‌കറിന് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അംബേദ്‌കറെ അപമാനിക്കുകയും അദ്ദേഹത്തിൻ്റെ ഓർമകൾ ജനങ്ങളുടെ മനസിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് മോദി ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'കോൺഗ്രസ് അംബേദ്‌കറിനെതിരെ തെരഞ്ഞെടുപ്പുകളിൽ പോരാടിയിട്ടുണ്ട്. അംബേദ്‌കർ ജീവിച്ചിരുന്ന കാലം അദ്ദേഹത്തോട് കോൺഗ്രസ് ചെയ്‌തതൊന്നും നമ്മൾ മറക്കരുത്. കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. രണ്ടുതവണ അദ്ദേഹം തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു'. പ്രധാനമന്ത്രി പറഞ്ഞു.
അടുത്തിടെ പാസാക്കിയ വഖഫ് (ഭേദഗതി) നിയമത്തെ എതിർത്തതിനും കോൺഗ്രസ് പാർട്ടിയെ വിമർശിച്ചു. വഖഫ് ബില്ലിനെ കോൺഗ്രസ് പാർട്ടി എതിർക്കുന്നത് വോട്ട് ബാങ്കിന് വേണ്ടിയാണ്. കോൺഗ്രസ്, ഭരണഘടനയെ അധികാരം നേടാനുള്ള ആയുധമാക്കി മാറ്റിയെന്നും വോട്ട് ലഭിക്കാനുള്ള മാർഗമായി മാറ്റി. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളെ കോൺഗ്രസ് രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഈ രാജ്യത്ത് കോൺഗ്രസ് എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കുന്നത്. കോൺഗ്രസ് നേതാക്കൾ നീന്തൽക്കുളങ്ങളിൽ ആർത്തുല്ലസിക്കുമ്പോൾ ഗ്രാമങ്ങളിലെ ഓരോ 100 വീടുകളിലും 16 വീടുകളിൽ മാത്രമേ പൈപ്പ് വെള്ളം ലഭ്യമാക്കിയിരുന്നുള്ളൂ. കിട്ടാത്തവരിൽ ഏറ്റവും കൂടുതൽ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളാണ്.
ആറ് മുതൽ ഏഴ് വർഷത്തിനുള്ളിൽ, നമ്മുടെ സർക്കാർ 12 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷനുകൾ നൽകി. ഇപ്പോൾ, 100 വീടുകളിൽ 80 എണ്ണത്തിലും ശുദ്ധജലം ലഭ്യമാണ്. ആ സംഖ്യ 100 ശതമാനത്തിലേക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.' മോദി പറഞ്ഞു.
മഹാരാജ അഗ്രസെൻ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. പദ്ധതിക്ക് 410 കോടിയിലധികം ചെലവ് വരുമെന്നാണ് കണക്ക്. ഹരിയാനയിൽ 10,000 കോടി രൂപയുടെ നിരവധി വികസന സംരംഭങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.