ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പർവൈസ് അഹമ്മദ് ജോത്താറിന്റെയും ബഷീർ അഹമ്മദ് ജോത്താറിന്റെയും അറസ്റ്റ് സുപ്രധാന വഴിത്തിരിവെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ 100 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും എൻഐഎ വ്യക്തമാക്കി.
'ഇരുവരെയും അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചതിനാൽ, പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രധാന സൂചനകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പഹൽഗാം ഭീകരാക്രമണ കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കും,' -എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
കേസ് ഏറ്റെടുത്തതുമുതൽ ഏജൻസി അതിവേഗ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരുവരെയും ചോദ്യം ചെയ്യുന്നതിനിടയിൽ, പഹൽഗാം ആക്രമണവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള മറ്റ് ആളുകളുടെ പേരുകൾ കണ്ടെത്താനും ഏജൻസി ശ്രമിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ഏപ്രിൽ 22നാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നത്. ആക്രമണത്തിന് ശേഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 19 പ്രകാരമാണ് പർവൈസ് അഹമ്മദ് ജോത്താറിനെയും ബഷീർ അഹമ്മദ് ജോത്താറിനെയും എൻഐഎ അറസ്റ്റ് ചെയ്തത്. 26 പേരുടെ മരണത്തിനും 16 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ആക്രമണം നടത്തിയ തീവ്രവാദികൾക്ക് ഇവർ അഭയം നൽകിയിരുന്നു.
ബട്കോട്ട് സ്വദേശിയായ പർവൈസും പഹൽഗാമിലെ ഹിൽ പാർക്കിൽ നിന്നുള്ള ബഷീറും ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ തീവ്രവാദികൾ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്നും ഇവർ സ്ഥിരീകരിച്ചിട്ടുമുണ്ട്.
'ആക്രമണത്തിന് മുമ്പ് ഇരുവരും ഹിൽ പാർക്കിൽ മൂന്ന് ആയുധധാരികളായ തീവ്രവാദികൾക്ക് അഭയം നൽകിയിരുന്നു. ഭീകരർക്ക് ഭക്ഷണം, താമസം, സൈന്യവിന്യാസവുമായി ബന്ധപ്പെട്ട സഹായം എന്നിവ നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ) പ്രകാരമുള്ള കേസുകളിലും എൻഐഎ കൈകാര്യം ചെയ്യുന്ന മറ്റ് നിയുക്ത കുറ്റകൃത്യങ്ങളിലും കുറ്റപത്രം സമർപ്പിക്കാൻ കുറഞ്ഞത് 180 ദിവസമെങ്കിലും എടുക്കും' -എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
'സാധാരണയായി, ക്രിമിനൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ ഞങ്ങൾ 60 അല്ലെങ്കിൽ 90 ദിവസത്തെ സമയം എടുക്കാറുണ്ട്, എന്നാൽ യുഎപിഎയ്ക്ക് കീഴിലുള്ള ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിൽ, ഞങ്ങൾക്ക് 180 ദിവസത്തെ സമയം ലഭിക്കുകയും ഈ സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയും ചെയ്യും' -ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഭീകരാക്രമണം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഏപ്രിൽ 27 നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടർന്ന് എൻഐഎ കേസ് ഏറ്റെടുത്തത്. ഐജി ലെവൽ ഓഫിസറുടെ നേതൃത്വത്തിലുള്ള മൂന്നംഗ എൻഐഎ സംഘം, ഒരു ഡിഐജി, എസ്‌പി എന്നിവരുടെ നേതൃത്തത്തിൽ ബൈസരൻ താഴ്‌വരയിൽ നടന്ന ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു. ഭീകരരുടെ പ്രവർത്തനരീതിയെക്കുറിച്ചുള്ള സൂചനകൾക്കായി എൻഐഎ സംഘം എൻട്രൻസ്, എക്സിറ്റ് പോയിന്റുകളും പരിശോധിച്ചു. തെളിവുകൾ ശേഖരിക്കുന്നതിന് എൻഐഎ സംഘത്തിന് ഫോറൻസിക് അടക്കമുള്ള വിദഗ്ധരുടെ സേവനം ലഭിച്ചിരുന്നു.
Also Read: ചാരവൃത്തി കേസ്; ജ്യോതി മൽഹോത്രയുടെ ജുഡീഷ്യൽ കസ്‌റ്റഡി 14 ദിവസത്തേക്ക് നീട്ടി