ശ്രീനഗർ : പഹല്‍ഗാം ആക്രമണം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് ലഷ്‌കർ ഇ തൊയ്‌ബ തീവ്രവാദികളുടെ വീടുകള്‍ തകർത്ത് പ്രാദേശിക ഭരണകൂടം. ദക്ഷിണ കശ്‌മീരിലെ ത്രാലിലും ബിജ്ബെരയിലും ഉള്ള വീടുകളാണ് തകർത്തത്.
പുൽവാമ ജില്ലയിലെ ത്രാലിലുള്ള ആസിഫ് ഷെയ്ക്കിന്‍റെയും അനന്ത്നാഗ് ജില്ലയിലെ ബിജ്ബെരയിലുള്ള ആദിൽ തോക്കറിന്‍റെയും വീടുകളാണ് സ്‌ഫോടനത്തിലൂടെ നിലംപരിശാക്കിയത്. ഇവർക്ക് പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി.
ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാര ബ്ലോക്കിലെ ഗുരി ഗ്രാമത്തിൽ താമസിക്കുന്ന ആദിൽ പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ഇയാളെ മോസ്റ്റ് വാണ്ടഡ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അനന്ത്‌നാഗ് പൊലീസ് ഇയാളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ രണ്ട് പാകിസ്ഥാൻ പൗരന്മാരെയും മോസ്റ്റ് വാണ്ടഡ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
2018 ൽ ആദിൽ നിയമപരമായി പാകിസ്ഥാനിലേക്ക് പോയിരുന്നു. കഴിഞ്ഞ വർഷം ജമ്മു കശ്‌മീരിലേക്ക് മടങ്ങുന്നതിന് മുമ്പ് ആദിലിന് തീവ്രവാദ പരിശീലനം ലഭിച്ചതായും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്‌ച (ഏപ്രില്‍ 22) ആണ് രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നത്. 26 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പഹൽഗാമിൽ നിന്നുള്ള ഒരു പ്രദേശവാസിയും മറ്റ് വിനോദ സഞ്ചാരികളുമാണ് കൊല്ലപ്പെട്ടത്. സഞ്ചാരികളില്‍ ഒരാള്‍ നേപ്പാളില്‍ നിന്നുള്ള ആളായിരുന്നു. മറ്റുള്ളവർ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആയിരുന്നു.
Also Read: കശ്‌മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ