ന്യൂഡൽഹി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായുള്ള ഓപ്പറേഷന്‍ സിന്ധുവിലൂടെ190 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 290 പേരെ വിജയകരമായി നാട്ടിലെത്തിച്ചു. ഇറാനിലെ മഷാദില്‍ കുടുങ്ങിക്കിടന്നവരെയാണ് വെള്ളിയാഴ്‌ച രാത്രി തിരികെ എത്തിച്ചത്.
ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ട് മഷാദിൽ നിന്നുള്ള വിമാനം രാത്രി 11:30 ഓടെ ഡൽഹി വിമാനത്താവളത്തിൽ എത്തി. ഒഴിപ്പിക്കൽ പ്രക്രിയയ്ക്ക് സൗകര്യമൊരുക്കിയതിന് ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയം ഇറാൻ സർക്കാരിനോട് നന്ദി അറിയിച്ചു.

"ഓപ്പറേഷൻ സിന്ധു വിമാനം പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരുന്നു. വിദ്യാർത്ഥികളും തീർത്ഥാടകരും ഉൾപ്പെടെ 290 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചു. ജൂൺ 20 ന് രാത്രി 11:30 ന് ന്യൂഡൽഹിയിൽ എത്തിയ വിമാനം സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ ചാറ്റർജി സ്വീകരിച്ചു. ഒഴിപ്പിക്കൽ പ്രക്രിയ സുഗമമാക്കിയതിന് ഇറാൻ സർക്കാരിനോട് ഇന്ത്യ നന്ദി'', വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന്, മിഡിൽ ഈസ്റ്റേൺ രാജ്യത്ത് നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണ് ഇന്ത്യൻ സർക്കാർ ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്. ഇന്ത്യയ്ക്ക് മാത്രമായാണ് ഇറാന്‍ വ്യോമപാത തുറന്നുകൊടുത്തത്. തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്‌ഗാബത്തില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ 1000 ത്തോളം ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള രണ്ട് വിമാനങ്ങള്‍ കൂടി എത്തും.

ഇറാൻ വ്യോമാതിർത്തി തുറന്നതിനുശേഷം വിദ്യാർത്ഥികളെ ടെഹ്‌റാനിൽ നിന്ന് മഷാദിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരാണ് ഇറാനിയന്‍ എയര്‍ലൈന്‍സിന്‍റെ സഹായത്തോടെ പൗരന്മാരെ തിരികെ എത്തിക്കാനുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ചത്.
"സമയോചിതമായ ഇടപെടലിനും പിന്തുണയ്ക്കും ഇന്ത്യാ സര്‍ക്കാരിനും, വിദേശകാര്യ മന്ത്രാലയത്തിനും, ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ഹൃദയംഗമമായ നന്ദി. അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണിത്," ജമ്മു കശ്മീർ സ്റ്റുഡന്‍റ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ഇറാനും ഇസ്രായേലും തമ്മിൽ ദിവസങ്ങളോളം നീണ്ടുനിന്ന വ്യോമാക്രമണങ്ങൾക്കും പ്രതികാര ആക്രമണങ്ങൾക്കും ശേഷമാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. വ്യാഴാഴ്ച 110 ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയ, ദോഹ വഴി ഒഴിപ്പിച്ച ശേഷം ഡൽഹിയിലെത്തിച്ചു.
വിമാന മാര്‍ഗം വഴിയും കരമാര്‍ഗം അതിര്‍ത്തി രാജ്യങ്ങളിലെത്തിച്ച് തുടര്‍ന്ന് ഡല്‍ഹിയില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.