ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകരിലൊരാളായ തഹാവൂർ റാണയെ എൻഐഎ ആസ്ഥാനത്തുള്ള പ്രത്യേക സെല്ലിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്‌ടർ ജനറൽ സദാനന്ദ് ദത്തേ ഉൾപ്പെടെയുള്ള 12 അംഗ സംഘമാണ് തഹാവൂർ റാണയെ ചോദ്യം ചെയ്യുക.
ന്യൂഡൽഹിയിലെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം ഇന്നലെയാണ് (ഏപ്രിൽ 10) എൻഐഎ റാണയെ 18 ദിവസത്തെ കസ്‌റ്റഡിയിൽ എടുത്തത്. യുഎസിൽ നിന്നും പ്രത്യേക വിമാനത്തിലാണ് തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത്. ശേഷം റാണയെ ഔദ്യോഗികമായി അറസ്‌റ്റ് ചെയ്‌ത് തീവ്രവാദ വിരുദ്ധ ഏജൻസി പട്യാല ഹൗസിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി.
റാണയെ ചോദ്യം ചെയ്യുന്ന ഉന്നതതല സംഘത്തിൽ രണ്ട് ഇൻസ്പെക്‌ടർ ജനറൽമാർ (ഐജിമാർ), ഒരു ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ (ഡിഐജി), ഒരു പൊലീസ് സൂപ്രണ്ട് (എസ്‌പി) എന്നിവരും ഉൾപ്പെടും. 'അന്വേഷണവുമായി ബന്ധപ്പെട്ട 12 അംഗങ്ങൾക്ക് മാത്രമേ റാണയെ പാർപ്പിക്കുന്ന സെല്ലിലേക്ക് പ്രവേശനമുള്ളൂ' എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ആശിഷ് ബത്ര (ഐജി), ജയ റോയ് (ഡിഐജി) എന്നിവരും ചോദ്യം ചെയ്യുന്ന സംഘത്തിൽ ഉൾപ്പെടുന്നു. ചോദ്യം ചെയ്യലിനിടെ, 2008 ലെ മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ കൈവശമുള്ള വസ്‌തുതകളും മറ്റ് രേഖകളും പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ റാണയെ കാണിക്കും. അതിൽ അന്വേഷണത്തിനിടെ ശേഖരിച്ച റെക്കോഡ് ചെയ്‌ത ശബ്‌ദ സാമ്പിളുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഇമെയിലുകൾ എന്നിവ ഉൾപ്പെടുന്നു' എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പാകിസ്ഥാൻ - അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായുള്ള റാണയുടെ ബന്ധം, പാകിസ്ഥാൻ സൈന്യവുമായും ഇന്‍റർ - സർവീസസ് ഇന്‍റലിജൻസുമായുമുള്ള (ഐഎസ്‌ഐ) റാണയുടെ ബന്ധം എന്നിവ അന്വേഷിക്കും. അതേസമയം കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ ഈ തെളിവുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
'റാണയെ ചോദ്യം ചെയ്യുന്നതിലൂടെ മുംബൈ ഭീകരാക്രമണത്തിൽ മറ്റ് നിരവധി ആളുകളുടെ പങ്കാളിത്തം വെളിപ്പെടാൻ സാധ്യതയുണ്ട്' എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന്‍റെ 'പ്രോജക്‌ട് മാനേജർ' എന്ന് വിളിക്കപ്പെടുന്ന സാജിദ് മിറുമായുള്ള ഇടപെടലുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ റാണയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മുംബൈ ഭീകരാക്രമണ സമയത്ത് സാജിദ് മിർ ഇന്ത്യയിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുള്ളതായും ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: തഹാവൂര്‍ റാണ എന്‍ഐഎ കസ്റ്റഡിയില്‍, മുംബൈ ഭീകരാക്രമണത്തിന്‍റെ അടിവേരുതേടി ചോദ്യം ചെയ്യല്‍