ഗാന്ധിനഗർ: ബുധനാഴ്ച വിവാഹം, വ്യാഴാഴ്ച മടക്കം... എന്നാൽ തൻ്റെ പ്രിയതമൻ യാത്ര പറഞ്ഞിറങ്ങുന്നത് ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്കാണെന്ന് വഡോദരയിലെ ആ നവവധു ഒരിക്കലും ഓർത്തു കാണില്ല.
ജൂണ്‍ 10-ന് ആയിരുന്നു ഭവിക് മഹേശ്വരി എന്ന 25 കാരൻ്റെ വിവാഹം. ഒരു ചെറിയ അവധി ആഘോഷിക്കാൻ നാട്ടിൽ എത്തിയതായിരുന്നു ഭവിക്. എന്നാൽ വീട്ടുകാർ ഭവിക്കിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. തിരിച്ചു പോകാനുള്ള ദിവസം അടുത്തതിനാൽ വീട്ടുകാരുടെ നിർദേശപ്രകാരം വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ബുധനാഴ്ച വിവാഹ ശേഷം വ്യാഴാഴ്ച ആയിരുന്നു ഭവികിൻ്റെ മടക്കം. ലണ്ടനിൽ ഒരു പുതിയ വീട് വച്ച് ഭാര്യയേയും കൂടെ കൂട്ടി പുതിയൊരു ജീവിതം ആരംഭിക്കുക എന്നതായിരുന്നു ഭവിക്കിൻ്റെ സ്വപ്‌നം. യാത്രയാക്കാൻ ചെന്ന ഭാര്യക്ക് അവസാനത്തെ സ്നേഹ ചുംബനം നൽകിയപ്പോഴും അയാൾ ആ ഉറപ്പ് ആവർത്തിച്ചു കാണണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തകർന്നത് കുടുംബത്തിൻ്റെ സ്വപ്‌നങ്ങൾ
ഞങ്ങൾ ഇവിടെ ഒറ്റക്കാണെന്ന് ഭവിക്കിനോട് എപ്പോഴും പറയുമായിരുന്നു. എന്നാൽ ശരിക്കും ഇന്ന് ഞങ്ങൾ ഒറ്റക്കായി എന്ന് ഭവിക്കിൻ്റെ പിതാവ് അർജുൻകുമാർ വിങ്ങിപ്പൊട്ടി. 'എൻ്റെ മകന് ഒരിക്കലും സമാധാനമായി ഇരിക്കാൻ കഴിഞ്ഞിട്ടില്ല. ബാധ്യതകളുണ്ടായിരുന്നു. എട്ടാം ക്ലാസ് മുതൽ അവൻ ജോലി ചെയ്‌ത് പണം സമ്പാദിക്കാൻ തുടങ്ങി.
എന്നാൽ ഇപ്പോൾ അവൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം കടന്നുവന്നപ്പോൾ ഇത്തരമൊരു വിടവാങ്ങൽ സഹിക്കാനാവുന്നതിലും അപ്പുറമാണ്' ഭവിക്കിൻ്റെ കുടുംബാംഗങ്ങൾ പറയുന്നു. ഭവിക് യഥാർഥത്തിൽ മൂന്ന് കുടുംബങ്ങളെയാണ് പോറ്റിയിരുന്നത്. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കളായ ഒരു വൃദ്ധ ദമ്പതികൾ, ഇവരെല്ലാം ഭവിക്കിൻ്റെ തണലിലാണ് കഴിഞ്ഞിരുന്നത്.
മൂന്നു കുടുംബങ്ങളുടെ അത്താണി. ഭവിക്കിനാൽ കുടുംബത്തിൻ്റെ ദുരിതങ്ങൾ ഒഴിയുമെന്ന് അവരെല്ലാവരും ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ പ്രതീക്ഷകളെയെല്ലാം തകർത്തെറിഞ്ഞു കളഞ്ഞു അപ്രതീക്ഷിതമായി കയറി വന്ന ദുരന്തം. ഭവിക് ഇനി ഈ ലോകത്തിലില്ല എന്ന വസ്‌തുത അംഗീകരിക്കാൻ ഇതുവരെ അവൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞിട്ടില്ല.