ഭക്ഷണ പാത്രങ്ങളില്‍ ഒളിപ്പിച്ച് കടത്തിയത് കോടികള്‍ വിലയുള്ള ഹൈബ്രിഡ് കഞ്ചാവ്; ബെംഗളുരു വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട, മൂന്ന് പേര്‍ അറസ്റ്റില്‍
കിലോഗ്രാമിന് 80 ലക്ഷം രൂപ വരെ ലഭിക്കുന്ന വീര്യം കൂടിയ കഞ്ചാവാണ് പിടിക്കപ്പെട്ടത്.

Published : October 13, 2025 at 2:05 PM IST
ബെംഗളൂരു: ബെംഗളുരു വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഏകദേശം 50 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) പിടികൂടിയത്. കൊളംബോയില്‍ (ശ്രീലങ്ക) നിന്ന് അനധികൃതമായി കടത്തുകയായിരുന്നു ലഹരിമരുന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ശ്രീലങ്കന്‍ വംശജന്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു.
ഇവരിൽ നിന്ന് 45.4 കിലോഗ്രാം ഹൈഡ്രോ കഞ്ചാവും ആറ് കിലോഗ്രാം സൈലോസിബിൻ കൂണുമാണ് പിടിച്ചെടുത്തതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. തായ്‌ലൻഡിൽ നിന്ന് ബെംഗളൂരുവിലേക്ക് ഹൈഡ്രോപോണിക് കഞ്ചാവ് ഭക്ഷണ പാത്രങ്ങളിലാക്കി കടത്തുന്നുണ്ടെന്ന പ്രത്യേക വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്.
അതേസമയം മയക്കുമരുന്ന് കാര്‍ട്ടലുകളെ കുറിച്ചുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബെംഗളുരു വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.
31.4 കിലോഗ്രാം ഹൈഡ്രോ കഞ്ചാവും നാല് കിലോഗ്രാം സൈലോസിബിൻ കൂണുമായി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ട് പേരെ ഒക്ടോബര്‍ 9 ന് അറസ്റ്റ് ചെയ്‌തിരുന്നു. ഇവര്‍ പങ്കുവച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 14 കിലോഗ്രാം ഹൈഡ്രോ കഞ്ചാവും രണ്ട് കിലോ ഗ്രാം സൈലോസിബിന്‍ കൂണുമായി കൊളംബോയില്‍ നിന്ന് ബെംഗളുരു വിമാനത്താവളത്തില്‍ എത്തിയ ശ്രീലങ്കന്‍ സ്വദേശിയേയാണ് നാര്‍ക്കോട്ടിക് വിഭാഗം ഒടുവില്‍ അറസ്റ്റ് ചെയ്‌തത്.
പ്രതികള്‍ 250 ഓളം ഭക്ഷണ പാത്രത്തിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കണ്ടെയ്‌നറുകള്‍ സീല്‍ ചെയ്‌തതായി എന്‍ സി ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ വര്‍ഷം എന്‍ സി ബിയുടെ ബെംഗളുരു സോണല്‍ യൂണിറ്റ് 18 അനധികൃത മയക്കുമരുന്ന് കേസുകള്‍ പിടികൂടിയിരുന്നു. ഇതില്‍ നുറുകോടി വിലമതിക്കുന്ന 220 കിലോഗ്രാം വിവിധ ഹൈഡ്രോ കഞ്ചാബ് പിടിച്ചെടുത്തു. ഇതിനോടൊപ്പം കേരളം, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 45 മയക്കുമരുന്ന് കടത്തുകാരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഈ കേസ് ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ടതാണെന്നും സിൻഡിക്കേറ്റിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവിന്‍ ആവശ്യക്കാരേറെ
കിലോഗ്രാമിന് 80 ലക്ഷം വരെ ലഭിക്കുന്നതാണ് ഹൈഡ്രോപോണിക് കഞ്ചാവ്. നിയമവിരുദ്ധമാണെന്നും പിടിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് അറിഞ്ഞിട്ടും കച്ചവടം നടത്തുന്നവർ നിരവധിയാണ്. വില കൂടുതലാണെങ്കിലും ഹൈബ്രിഡ് കഞ്ചാവിനാണ് ആവശ്യക്കാർ ഏറെയുമുള്ളത്.
വളരെ വീര്യം കൂടിയ കഞ്ചാവാണിത്. സാധാരണ കഞ്ചാവിലുള്ളതിനേക്കാൾ ടെട്രാഹൈഡ്രോകനാബിനോൾ (THC) അളവ് ഇവയിൽ വളരെ കൂടുതലാണ്. ഹൈഡ്രോ കഞ്ചാവ് അത്യധികം ലഹരിയുള്ളതാണ്.
ഫാമുകളിലും ഗ്രീൻഹൗസുകളിലായി നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും വളർത്തിയെടുക്കുന്നു. ഇന്ത്യയിൽ വളരുന്ന സാധാരണ കഞ്ചാവിൽ അഞ്ച് ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ 25 ശതമാനം വരെ THC അടങ്ങിയിട്ടുണ്ട്.
തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇവ ലഭിക്കുന്നത്. ടെട്രാ പായ്ക്കുകൾ, ചോക്ലേറ്റ് ബാറുകൾ, ഭക്ഷണ പാക്കേജിംഗ്, വസ്ത്രങ്ങൾ, മണം ഇല്ലാതാക്കുന്നതിനും വിമാമത്താവളങ്ങളിലെ സ്‌കാനറുകളില്‍ പിടിക്കപ്പെടാതിരിക്കാനുമായി സീല്‍ ചെയ്‌ത വാക്വം പൗച്ചുകള്‍ എന്നിവയില്‍ ഇത് സൂക്ഷ്‌മമായി ഒളിപ്പിച്ചു കടത്താറുണ്ട്. ബാങ്കോക്കില്‍ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങള്‍, വിമാനത്താവളങ്ങള്‍ കൂടുതല്‍ സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കുന്നതുകൊണ്ട് തന്നെ ദുബായ്, കൊളംബോ, കാണ്‌മണ്ഠു എന്നീ രാജ്യങ്ങള്‍ വഴിയും കഞ്ചാബ് എത്തിക്കാറുണ്ട്.
Also Read:ചുമ മരുന്ന് ദുരന്തം; ശ്രേഷൻ ഫാർമസിയുടെ ഏഴ് മരുന്ന് നിർമാണ കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്

