ചെന്നൈ: ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗും നേതൃത്വം നല്‍കിയ പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം. അണ്ണാമലൈ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് നൈനാര്‍ നാഗേന്ദ്രന്‍ എത്തുന്നത്.
പാർട്ടിയുടെ വൈസ് പ്രസിഡന്‍റും നിയമസഭാംഗവുമായ നൈനാർ നാഗേന്ദ്രന്‍റെ പേര് അണ്ണാമലൈ ഉള്‍പ്പെടെയുള്ള നേതാക്കളാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. അണ്ണാമലൈയുടെ പൂര്‍ണ പിന്തുണയോട് കൂടിയാണ് പുതിയ അധ്യക്ഷനെ നിയമിച്ചത്. ആയിരത്തിലധികം എംഎൽഎമാരും മുന്നൂറിലധികം എംപിമാരുമുള്ള വലിയ പാർട്ടിയായ ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നൈനാര്‍ രാജേന്ദ്രന്‍ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണകക്ഷിയായ ഡിഎംകെയെ അധികാരത്തിന്‍റെ ഇടനാഴികളിൽ നിന്ന് പുറത്താക്കുക എന്നതാണ് ലക്ഷ്യമെന്ന് കെ അണ്ണാമലൈ പറഞ്ഞു. എഐഎഡിഎംകെയുമായി സഖ്യത്തിൽ നാഗേന്ത്രൻ നയിക്കുന്ന പാത വ്യക്തമാണ്. ബിജെപിയുടെ പാത വളരെ വ്യക്തമാണെന്നും നാഗേന്ദ്രനെ ഈ പദവിയിലെത്തിച്ചത് ഏകകണ്‌ഠമാണെന്നും അണ്ണാമലൈ പറഞ്ഞു.
2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്താൻ എഐഎഡിഎംകെയും ബിജെപിയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ശനിയാഴ്‌ച നൈനാർ നാഗേന്ദ്രൻ പറഞ്ഞിരുന്നു. ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യം സ്വാഭാവിക സഖ്യമാണ് എന്നാണ് നാഗേന്ദ്രൻ വിശേഷിപ്പിച്ചത്.
തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഐഎഡിഎംകെയുമായി ബിജെപി സഖ്യം ചേരുകയാണെന്ന് കഴിഞ്ഞ ദിവസമാണ് അമിത് ഷാ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ സഖ്യം തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.