ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് അയവു വന്നെങ്കിലും 'മൈസുര്‍ പാക്ക്' ഉള്‍പ്പെടെയുള്ള വിവിധ പലഹാരങ്ങളുടെ പേര് മാറ്റി ബേക്കറി ഉടമ. രാജസ്ഥാനിലെ ജയ്‌പൂരിലെ ബേക്കറികളിലാണ് പലഹാരങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയത്. 'മൈസൂര്‍ പാക്ക്' എന്നത് 'മൈസൂര്‍ ശ്രീ' എന്ന പുതിയ പേരാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. തങ്ങളുടെ എല്ലാ മധുര പലഹാരങ്ങളുടെയും പേരിൽ നിന്ന് 'പാക്' എന്ന വാക്ക് നീക്കം ചെയ്‌ത് 'ശ്രീ' എന്ന് ഉപയോഗിച്ചതായി ബേക്കറിയുടമ പറഞ്ഞു. അതോടൊപ്പം തന്‍റെ കടയില്‍ 'മൈസൂര്‍ ശ്രീ' മാത്രമേ വില്‍ക്കൂ എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്നാണ് ബേക്കറിയുടമ പലഹാരങ്ങളുടെ പേര് മാറ്റിയത്.
"ഞങ്ങളുടെ മധുരപലഹാരങ്ങളുടെ പേരുകളിൽ നിന്ന് 'പാക്' എന്ന വാക്ക് നീക്കം ചെയ്‌തു. 'മോത്തി പാക്ക്' എന്നതിന്‍റെ പേര് 'മോത്തി ശ്രീ' എന്നും, 'ഗോണ്ട് പാക്ക്' എന്നതിന്‍റെ പേര് 'ഗോണ്ട് ശ്രീ' എന്നും, 'മൈസൂർ പാക്ക്' എന്നതിന്‍റെ പേര് 'മൈസൂർ ശ്രീ' എന്നും മാറ്റി," കടയുടമ പറഞ്ഞു.
അതേസമയം മധുരപലഹാരങ്ങളിലെ 'പാക്' എന്ന വാക്ക് പാകിസ്ഥാനെയല്ല സൂചിപ്പിക്കുന്നത്, കന്നടയിൽ അതിന്‍റെ അർത്ഥം മധുരം എന്നാണ്. കര്‍ണാടകക്കാരുടെ ഇഷ്‌ട പലഹാരമാണ് 'മൈസൂര്‍ പാക്ക്'. ദീപാവലിയടക്കുള്ള ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട പലഹാരമാണിത്. കർണാടകയിലെ മൈസൂരിന്‍റെ (ഇപ്പോൾ മൈസൂരു) പേരിലുള്ള കണ്ടൻസ്‌ഡ് പാൽ ചേർത്ത ഉണങ്ങിയ മധുരപലഹാരമായ 'മൈസൂർ പാക്ക്' എന്നതിൽ, പാചകക്കുറിപ്പിൽ ഉപയോഗിക്കുന്ന പഞ്ചസാര സിറപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം പാകിസ്ഥാനും യുദ്ധത്തില്‍ അവരെ സഹായിച്ച വന്‍ ബഹിഷ്‌കരണമാണ് രാജ്യത്തെങ്ങും നടന്നത്. പാക് ഉല്‍പന്നങ്ങളുടെ ഇറക്കുമതി തന്നെ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ കറാച്ചി ബേക്കറിക്കെതിരെയും ആക്രമണം ഉണ്ടായിരുന്നു. ഷംഷാബാദിലുള്ള കറാച്ചി ബേക്കറിയുടെ ഔട്ട്‍ലെറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ദേശീയ പതാകകളുമായാണ് ബേക്കറി ആക്രമിക്കാനെത്തിയത്.
ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്തി. പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിരോധമാണുണ്ടായത്. എന്നാല്‍ മെയ് 10 നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
Also Read:മഹാരാഷ്ട്രയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു