ഈറോഡ്: നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങളുടെ പ്രതികളെ മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവില്‍ പിടികൂടി തമിഴ്‌നാട് പൊലീസ്. 2025 ഏപ്രില്‍ ഒന്നിന് തമിഴ്‌നാട്ടിലെ ശിവഗിരിക്ക് സമീപം മേഗരായനില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയവരെയാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്.
ആച്ചിയപ്പൻ, മാതേശ്വരൻ, രമേഷ് എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പത്തേകാല്‍ പവൻ്റെ സ്വര്‍ണം മോഷ്‌ടിക്കാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പ്രാഥമിക നിഗമനം. മോഷണ ഉരുപ്പടി ഉരുക്കിയ ജ്വല്ലറി ഉടമയായ ജ്ഞാനശേഖരനെയും പൊലീസ് പിടികൂടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രതികളെ കുടുക്കിത് സിസിടി ദൃശ്യങ്ങൾ
കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്ന് കോയമ്പത്തൂര്‍ ഐജി സെന്തില്‍കുമാര്‍ പറഞ്ഞു. പ്രത്യേകമായി നിയമിച്ച പന്ത്രണ്ട് അന്വേഷണ സംഘങ്ങൾ നടത്തിയ സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഇരുചക്ര വാഹനങ്ങൾ, ആയുധം, കൈയ്യുറകൾ കൊല്ലപ്പെട്ട രാമസാമിയുടെ മൊബൈൽ ഫോണുൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളും കൊലയാളികളുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കിയപ്പോൾ ചേര്‍ച്ചയുണ്ടായിരുന്നു. പ്രതികൾ 15 ദിവസമായി സംഭവ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രൂപം മാറ്റിയ മോഷണ ഉരുപ്പടിയില്‍ നിന്ന് 82 ഗ്രാം സ്വര്‍ണക്കട്ടികൾ പിടിച്ചെടുത്തിരുന്നു.

വഴിത്തിരിവായത് തിരുപ്പൂര്‍ കൊലപാതകം
തിരുപ്പൂരില്‍ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിലും മൂന്നംഗ സംഘത്തിന് പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഒമ്പത് മാസത്തേക്ക് ശിക്ഷിച്ചിരുന്നു. കേസ് അന്വേഷിച്ചിരുന്നത് സിബിസിഐഡിയാണ്. ആച്ചിയപ്പൻ, മാതേശ്വരൻ, രമേശ് എന്നിവർക്കെതിരെ വേറെയും കേസുകൾ ഉണ്ട്.

ഒറ്റപ്പെട്ട വീടുകളെയും ഒറ്റക്ക് താമസിക്കുന്ന പ്രായമായവരെയും കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണങ്ങൾ ആസൂത്രണം ചെയ്‌തിരുന്നത്. മറ്റേതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ മേഖലകളിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേസുകളെല്ലാം രജിസ്റ്റർ ചെയ്‌തതെന്നും ഐജി സെന്തിൽകുമാർ പറഞ്ഞു.

"എല്ലാവരെയും നിരീക്ഷിക്കാൻ കഴിയില്ല. കേസന്വേഷണത്തെ സംബന്ധിച്ചിടത്തോളം, തെളിവുകളുടെ ലഭ്യതയെ ആശ്രയിച്ചാണ് ഇത് മുന്നോട്ട് പോകുന്നത്. ശിവഗിരി ദമ്പതികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായ 4 പേരെയും എലുമത്തൂർ കോടതിയിൽ ഹാജരാക്കി. ജൂൺ 2 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിൽ 4 പേരെയും ഗോപിചെട്ടിപ്പാളയത്തെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി" ഐജി സെന്തിൽകുമാർ പറഞ്ഞു.
ALSO READ: കരഞ്ഞു പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല, ദലിത് യുവതിക്ക് പീഡനം; ഒടുവിൽ എസ്.ഐക്ക് സസ്പെൻഷൻ